കല്ലുമൂട്ടിയിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി പരുന്തിന്റെ ആക്രമണം

0

ഇരിട്ടി∙ കല്ലുമൂട്ടിയിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി പരുന്തിന്റെ ആക്രമണം. ഇതുവരെ 6 പേരെ കൊത്തി പരുക്കേൽപിച്ചു. ആളുകൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം കല്ലുമുട്ടിയിലെ കുന്നത്ത് കെ.അബ്ദുറഹിമാൻ കണ്ണ് നഷ്ടപ്പെടാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വലതു കണ്ണിനും മൂക്കിനും ഇടയിലാണ് കൊത്ത് കിട്ടിയത്.ഈ മേഖലയിൽ ഏറെക്കാലമായി കാണുന്ന പരുന്ത് അടുത്തിടെയാണ് ആക്രമണകാരിയായി മാറിയത്.

നടന്നു പോകുന്ന ആളുകളുടെ അടുത്തേക്കു പാഞ്ഞെത്തി ഇരയെ റാഞ്ചുന്ന വേഗത്തിൽ കൊത്തി പരുക്കേൽപ്പിക്കുകയാണ്. ഈ മേഖലയിൽ കുട്ടികളെ സാഹസികമായാണു രക്ഷിതാക്കൾ സ്കൂളുകളിൽ എത്തിക്കുന്നത്. നടന്നു പോകുന്ന ദൂരത്തിൽ ഉള്ള സ്കൂളിലേക്കു കുട്ടികളെ എത്തിക്കാൻ ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.നാട്ടുകാർ വനപാലകരെ വിവരം അറിയിച്ചെങ്കിലും പരുന്തിനെ പിടികൂടി കാട്ടിൽ എത്തിക്കേണ്ടതിന്റെ സാങ്കേതിക പ്രശ്നങ്ങൾക്കു നടുവിൽ അവരും പ്രതിസന്ധിയിലാണ്.

പരുന്ത് ജനങ്ങളെ ഉപദ്രവിക്കുന്നതായി വിവരം കിട്ടിയതു അനുസരിച്ച് വനപാലക സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. ജനങ്ങളെ സംരക്ഷിക്കുന്നതിനായി പരുന്തിനെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി മേലധികാരികളുമായി ചർച്ച നടത്തി. ചില നാട്ടുകാർ പരുന്തിന് തീറ്റ നൽകി സംരക്ഷിച്ചിരുന്നതായും അതാണു ഇപ്പോൾ വിനയായത് എന്നും അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
സുധീർ നേരോത്ത്, റേഞ്ചർ, കൊട്ടിയൂർ

എന്റെ കണ്ണ് രക്ഷപ്പെട്ടു കിട്ടിയതിന്റെ ആശ്വാസത്തിലാണു ഞാൻ. അൽപം സ്ഥലം മാറിയിരുന്നെങ്കിൽ ചിന്തിക്കാൻ കഴിയില്ല. വലിയ പരുന്താണ് ഇത്. നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. വനം വകുപ്പ് അധികൃതരോടും പ്രശ്നം അവതരിപ്പിച്ചിരുന്നു.
കെ.അബ്ദുറഹിമാൻ, കല്ലുമുട്ടി, ഇരിട്ടി (പ്രദേശവാസി)

LEAVE A REPLY

Please enter your comment!
Please enter your name here