വിദ്യാർഥിനിയുടെ മൊബൈൽ മോഷ്‌ടിച്ച് സുഹൃത്തുക്കൾക്ക് അശ്ലീല സന്ദേശം; 22 കാരൻ അറസ്റ്റിൽ

0

ഇടുക്കി: കോളെജിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച സഹപാഠിയായ വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ മോഷ്‌ടിച്ച് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അശ്ലീല സന്ദേശം അയച്ച യുവാവ് പിടിയിൽ. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം.

ഉടുമ്പൻചോല കാരിത്തോട് അറപ്പുരക്കുഴിയിൽ ജിഷ്ഷു (22) ആണ് അറസ്റ്റിലായത്. രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുന്നതിനിടെ പെൺകുട്ടിയുടെ അമ്മ സ്വയരക്ഷക്കായി എടുത്ത കത്തി യുവാവിന്‍റെ കൈയിൽ കൊണ്ട് ഇയാളുടെ കൈക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്‌തു.

പെൺകുട്ടിയും പ്രതിയും സഹപാഠികളാണ്. കോളെജിൽ ക്ലാസിൽ പ്രവേശിക്കുന്നതിനു മുമ്പ് സൂക്ഷിക്കാൻ ഏൽപ്പിച്ച ഫോണാണ് യുവാവ് മോഷ്‌ടിച്ചത്. തുടർന്ന് വിദ്യാർഥിനിയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇതേ ഫോണിൽ നിന്ന് യുവാവ് അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഫോൺ നഷ്ടപ്പെട്ട വിവരം പെൺകുട്ടി തന്നെയാണ് നെടുങ്കണ്ടം പോലീസിൽ അറിയിച്ചത്.

പെൺകുട്ടിയുടെ നമ്പരിലേക്ക് നെടുങ്കണ്ടം സി.ഐ. ബി.എസ്. ബിനു വിളിക്കുകയും, ഫോൺ ഉടൻ സ്‌റ്റേഷനിൽ എത്തിക്കണമെന്നും യുവാവിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സി.ഐ.യോട് കയർത്ത് സംസാരിച്ച യുവാവ് ഫോൺ പെൺകുട്ടിയുടെ വീട്ടിൽ എത്തിച്ച് നൽകിക്കോളമെന്ന് പറഞ്ഞു. തുടർന്ന് രാത്രിയോടെ മദ്യലഹരിയിൽ രാമക്കൽമെട്ട് മേഖലയിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് ബഹളം വെക്കുകയും സംഘർഷാവസ്ഥ സൃഷിടിക്കുകയുമായിരുന്നു.

ഇതിനിടെ സ്വയരക്ഷക്കായി പെൺകുട്ടിയുടെ അമ്മ കറികത്തിയെടുത്ത് യുവാവിന് നേരെ ചൂണ്ടി. എന്നാൽ യുവാവ് കത്തി തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ഇതിനിടെ യുവാവിന്‍റെ കൈക്ക് മാരകമായി മുറിവേൽക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം നെടുങ്കണ്ടം പൊലീസിൽ അറിയിച്ചു. മുറിവിലൂടെ വൻതോതിൽ രക്തം നഷ്ടമായ യുവാവ് ഇതിനിടെ അവിടെ നിന്നും രക്ഷപെട്ടു. പൊലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ മേഖലയിൽ നടത്തിയ തിരിച്ചിലിൽ ഒരു ഇടവഴിയിൽ ബോധരഹിതനായ നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച യുവാവിന്റെ മുറിവ് നുന്നിക്കെട്ടി മരുന്നു വെച്ചു. എന്നാൽ രാത്രി 12.30-തോടെ യുവാവ് ആശുപത്രിയിൽ നിന്നും ചാടിപ്പോയി. ധരാളം രക്തം നഷ്ടമായതിനാൽ യുവാവിന് കൂടുതൽ ചികിത്സ വേണമെന്നും യുവാവിനെ കണ്ടെത്തണമെന്നും ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ നെടുങ്കണ്ടം ബി.എഡ് കോളേജിന് സമീപത്തെ ഒരു കെട്ടിനടുത്തുനിന്നും യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് കാവലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ വ്യാഴാഴ്ച രാവിലെ സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിട്ടു. പിന്നീട്

വീട്ടിൽ അതിക്രമിച്ച് കയറി ബഹളം വെച്ചതിനും സംഘർഷം ഉണ്ടാക്കിയതിനും പെൺകുട്ടിയുടെ അമ്മ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശിയായ പെൺകുട്ടിയെ ഓൺലൈനിലൂടെ ശല്യപ്പെടുത്തുകയും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് യുവാവ്.

Leave a Reply