യെമനിൽ ഹൂതി വിമതരുടെ പിടിയിലായ കോട്ടയം കൈപ്പുഴ സ്വദേശി ശ്രീജിത്ത് രാത്രി 12.50നു കൈപ്പുഴ മിഷൻ പറമ്പിലെ വീട്ടിലെത്തി

0

കോട്ടയം ∙ യെമനിൽ ഹൂതി വിമതരുടെ പിടിയിലായ കോട്ടയം കൈപ്പുഴ സ്വദേശി ശ്രീജിത്ത് (28) രാത്രി 12.50നു കൈപ്പുഴ മിഷൻ പറമ്പിലെ വീട്ടിലെത്തി. അമ്മ തുളസി സജീവൻ ശ്രീജിത്തിനെ സ്വീകരിച്ചു. ഇന്നലെ രാവിലെയാണ് ശ്രീജിത്ത് ഉൾപ്പെട്ട സംഘം ഡൽഹിയിലെത്തിയത്. സംഘത്തിലുണ്ടായിരുന്ന മലയാളികളായ കോഴിക്കോട് മേപ്പയൂർ വിളയാട്ടൂർ സ്വദേശി ദിപാഷ് (36), ആലപ്പുഴ ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ അഖിൽ രഘു (25) എന്നിവർക്കൊപ്പമാണ് ശ്രീജിത്തും നാട്ടിലേക്കു മടങ്ങിയത്.

ചെങ്കടൽ തുറമുഖ പട്ടണമായ ഹുദൈദ തീരത്തു നിന്ന് ജനുവരി 4നാണ് 16 ജീവനക്കാരുമായി യുഎഇ ചരക്കുകപ്പൽ ഹൂതി വിമതർ തട്ടിയെടുത്തത്. കപ്പലിൽ ഉൾപ്പെട്ടവരെ ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ജനുവരി 20ന് യെമൻ സൈന്യം മോചിപ്പിച്ച് യെമനിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. യെമനിൽ നിന്നു സൗദി വഴിയാണ് നാട്ടിലേക്കു വന്നത്.

രക്ഷപ്പെട്ടു നാട്ടിലേക്ക് എത്തുമ്പോഴും ശ്രീജിത്തിനെ കാത്തിരിക്കുന്നത് വായ്പയുടെ തിരിച്ചടവും വീടില്ലാത്തതിന്റെ പ്രശ്നങ്ങളുമാണ്. ശ്രീജിത്തിന്റെ അച്ഛൻ വർഷങ്ങൾക്കു മുൻപ് മരിച്ചിരുന്നു. സഹോദരിയുടെ വീട്ടിലാണ് അമ്മ ഇപ്പോൾ താമസം. ശ്രീജിത്തിനെ പഠിപ്പിക്കാനെടുത്ത വായ്പയുടെ തിരിച്ചടവ് ഇനിയും ബാക്കിയുണ്ടെന്നും അമ്മ തുളസി പറഞ്ഞു. മാലിയിൽ കപ്പലിൽ ജോലി ചെയ്തിരുന്ന ശ്രീജിത്ത് ഒരു വർഷം മുൻപാണു യെമനിലേക്കു ജോലിക്കു പോയത്.

ഹൂതി വിമതരുടെ പിടിയിലായി ആദ്യ കുറച്ചു നാൾ വിവരമില്ലായിരുന്നു. ജനുവരി 16നാണു പിന്നെ വീട്ടിലേക്കു വിളിച്ചത്. തുടർന്നുള്ള മാസങ്ങളിൽ ഫോൺ ലഭിക്കുന്നതിനനുസരിച്ചു വിളിച്ചിരുന്നു. 24നു വിളിച്ച് നാട്ടിലേക്കു വരാൻ വിമാനത്താവളത്തിൽ നിൽക്കുകയാണെന്നു പറഞ്ഞു. ഇന്നലെ രാവിലെയോടെ ഡൽഹിയിൽ നിന്നു വിളിച്ചു സംസാരിച്ചെന്നും അമ്മ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here