തട്ടുകടയിലെ തർക്കത്തെ തുടർന്ന് വെടിവെച്ചത് മോഷ്ടിച്ച തോക്ക് ഉപയോഗിച്ച്; 60 പവനൊപ്പം മോഷണം പോയ തോക്ക് അന്വേഷിച്ചെത്തി യഥാർത്ഥ ഉടമകൾ; ഫിലിപ്പ് മാർട്ടിൻ രവീന്ദ്രന്റെ വീട് മോഷണത്തിലും പ്രതിയോ.? മൂലമറ്റം കേസിൽ വൻ ട്വിസ്റ്റ്

0

തൊടുപുഴ: തട്ടുകടയിലെ തർക്കത്തെ തുടർന്ന് ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ വൻ ട്വിസ്റ്റ്. പ്രതി ഫിലിപ്പ് മാർട്ടിൻ വെടിയുതിർത്ത തോക്ക് തന്റെ വീട്ടിൽ നിന്ന് മോഷണം പോയതാണെന്ന് ആരോപിച്ച് തമിഴ്നാട് സ്വദേശി രംഗത്തെത്തി. തമിഴ്നാട് മധുര ദുരൈസ്വാമി നഗറിലെ രവീന്ദ്രൻ എന്നയാളുടേതാണ് തോക്ക് എന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ വീട്ടിൽ നിന്ന് മോഷണം പോയ തോക്ക് ആണ് ഫിലിപ്പ് മാർട്ടിന്റെ പക്കലുണ്ടായിരുന്നത് എന്നാണ് സൂചന. വീട്ടിൽ നടന്ന മോഷണത്തിനൊപ്പം കളവ് പോയ തോക്ക് ആണിതെന്ന് ഉറപ്പായാൽ രവീന്ദ്രന്റെ വീട്ടിൽ നടന്ന മോഷണത്തിലും തുമ്പുണ്ടാകുമെന്നാണ് കരുതുന്നത്.

2020 ഡിസംബർ 29നാണ് രവീന്ദ്രന്റെ വീട്ടിൽ മോഷണം നടക്കുന്നത്. ഒപ്പം 60 പവൻ സ്വർണവും 25,000 രൂപയും മോഷണം പോയി. മധുര സിറ്റി പൊലീസ് കേസ് അന്വേഷിക്കുകയായിരുന്നു.ഡബിൾ ബാരൽ തോക്ക് തോക്ക് തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് മധുര സ്വദേശി രവീന്ദ്രനും മകൻ ആദിത്യ വിഗ്‌നേശ്വരനും പൊലീസിനെ സമീപിച്ചിട്ടുണ്ട്. മൂലമറ്റം വെടിവയ്‌പ്പുമായി ബന്ധപ്പെട്ട് തമിഴ് മാധ്യമങ്ങളിൽ വന്ന വാർത്തയിലെ തോക്കിന്റെ ചിത്രം തിരിച്ചറിഞ്ഞാണ് ഇവർ എത്തിയത്.

15 ഇഞ്ചിന്റെ രണ്ടു ഭാഗങ്ങളായി മടക്കി വയ്ക്കാവുന്ന 30 ഇഞ്ച് ഡബിൾ ബാരൽ 7145 നമ്പർ തോക്കാണ് മോഷണം പോയത്. ഇ.ജെ.ചർച്ചിൽ ലെസൈറ്റർ സ്‌ക്വയർ ലണ്ടൻ എന്ന് തോക്കിൽ രേഖപ്പെടുത്തിയിട്ടും ഉണ്ട്. കാഞ്ഞാർ പൊലീസ് പിടിച്ചെടുത്ത തോക്കിലും സമാന അടയാളമുണ്ട്. തോക്കിന്റെ നമ്പറും ഒന്നാണ്. അതുകൊണ്ട് തന്നെ മോഷണ മുതലാണ് തോക്കെന്ന് പൊലീസ് ഏതാണ് ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 26ന് രാത്രിയാണ് തട്ടുകടയിലുണ്ടായ വഴക്കിനെ തുടർന്ന് മൂലമറ്റം സ്വദേശി ഫിലിപ്പ് മാർട്ടിന്റെ വെടിയേറ്റ് കീരിത്തോട് സ്വദേശി സനൽ മരിച്ചത്.

അതേസമയം പരിക്കേറ്റ കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്‌കരൻ (32) കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തോക്കിൽ പുതിയ ഉടമ എത്തിയ സാഹചര്യത്തിൽ അന്വേഷണം പുതിയ തലത്തിലെത്തും. ഫിലിപ്പിനെ വീണ്ടും ചോദ്യം ചെയ്യും. തോക്ക് എവിടെ നിന്ന് കിട്ടിയെന്നതും അന്വേഷിക്കും. ഈ തോക്ക് പ്രാദേശികമായി ഉണ്ടാക്കിയതല്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

അറക്കുളത്തെ തട്ടുകടയിലുണ്ടായ തർക്കവും സംഘർഷവുമാണ് ഒരാളുടെ മരണത്തിന് വരെ കാരണമായ വെടിവെപ്പിൽ കലാശിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലും കഴിയുകയാണ്. ചോദിച്ച ഭക്ഷണം കിട്ടാതിരുന്നതോടെയാണ് തട്ടുകടയിൽ തർക്കം തുടങ്ങിയത്. ശനിയാഴ്ച നല്ല തിരക്കുണ്ടായിരുന്നത് കൊണ്ട് ഭക്ഷണ സാധങ്ങൾ പെട്ടെന്ന് തീർന്നിരുന്നു. ഈ സമയത്താണ് ഫിലിപ്പ് ഭക്ഷണം വാങ്ങാനായി തട്ടുകടയിൽ എത്തിയതും പ്രശ്നങ്ങൾക്ക് തുടക്കമാകുന്നതും.

തിങ്കളാഴ്ച സമരം നടക്കുന്നതിനാൽ രാത്രി കോടി നാട്ടുന്നതുൾപ്പെടെ ചെയ്യാനെത്തിയ പാർട്ടി പ്രവർത്തകർ ഭക്ഷണം കഴിക്കാനെത്തിയതോടെയാണ് തട്ടുകടയിൽ ഭക്ഷണം വേഗം തീർന്നത്. ഫിലിപ്പിന്റെ അച്ഛൻ അസുഖബാധിതനായി ചികിത്സയിൽ കഴിയുന്നതുകൊണ്ട് വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല. ഇതോടെയാണ് തട്ടുകടയിൽനിന്ന് ഭക്ഷണം വാങ്ങാൻ തീരുമാനിച്ചത്.

ഫിലിപ്പും സഹോദരപുത്രനുമാണ് തട്ടുകടയിലേക്ക് വന്നത്. പൊറോട്ടയും ബീഫും ബോട്ടിയുമാണ് ഫിലിപ്പ് ആവശ്യപ്പെട്ടത്. എന്നാൽ, ദോശയും ചമ്മന്തിയും മാത്രമേ ബാക്കിയുള്ളൂ എന്ന് ഹോട്ടലുടമ അറിയിച്ചു. അവിടുണ്ടായിരുന്ന മറ്റുള്ളവർക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഫിലിപ്പ് ആദ്യം ബഹളംവെച്ചത്. അസഭ്യം പറഞ്ഞുവെന്ന് ഹോട്ടലുടമയും ദൃക്സാക്ഷികളും പറയുന്നു. മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണമാണ് നൽകുന്നതെന്ന് ഉടമ പറഞ്ഞിട്ടും ഫിലിപ്പ് അസഭ്യം പറയുന്നത് തുടർന്നു. ഇതോടെ കടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ ചിലരും ഇതിൽ ഇടപെട്ടു. ഇതോടെ ബഹളം മൂർച്ഛിച്ച് അടിപിടിയും അസഭ്യം പറച്ചിലുമായി. ആളും കൂടി. ഇതിനിടെ ഫിലിപ്പിന് മർദനമേറ്റു. ഈ വൈരത്തിലാണ് ഫിലിപ്പ് വീട്ടിൽ പോയി തോക്കെടുത്ത് വന്ന് വെടി ഉതിർത്തതെന്ന് പോലീസ് പറയുന്നു.

കാറോടിക്കുന്നതിനിടെ സിനിമാ സ്‌റ്റൈലിൽ നാടൻ ഇരട്ടക്കുഴൽ തോക്ക് ഒറ്റക്കൈകൊണ്ട് പിടിച്ചാണ് ഫിലിപ്പ് വെടിയുതിർത്തത്. എവിടെനിന്നാണ് തോക്ക് ലഭിച്ചതെന്നകാര്യത്തിൽ അന്വേഷണം നടക്കുന്നു. കരിങ്കുന്നം പ്ലാന്റേഷനിലുള്ള സുഹൃത്ത് 2014-ൽ വാങ്ങി നൽകിയതാണിതെന്ന് ഫിലിപ്പ് പോലീസിന് മൊഴി നൽകി. ഇയാൾ പറഞ്ഞ വീട്ടിൽ പോലീസ് അന്വേഷണത്തിനെത്തി. എന്നാൽ, തോക്ക് നൽകിയയാൾ ജീവിച്ചിരിപ്പില്ലെന്ന വിവരമാണ് ലഭിച്ചത്. ഫിലിപ്പിന് ഹൈറേഞ്ചിൽ തോട്ടമുണ്ട്. അവിടത്തെ ആവശ്യത്തിനായി വാങ്ങിയതാണ് തോക്കെന്നാണ് മൊഴി.

യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതി ഫിലിപ്പ് മാർട്ടിന്റെ അമ്മ ലിസിയും രംഗത്തെത്തിയിരുന്നു. മകൻ പ്രാണ രക്ഷാർത്ഥമാണ് വെടിയുതിർത്തതെന്നാണ് അമ്മ പറയുന്നത്. ആളുകൾ തന്നെയും മകനെയും കൂട്ടം കൂടി മർദ്ദിച്ചെന്നും ഇത് കണ്ടാണ് അവൻ വെടി വെച്ചതെന്നും ലിസി പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അമ്മയുടെ പ്രതികരണം. ആളുകൾ കൂട്ടംകൂടി ഫിലിപ്പിനെ മർദിക്കുകയായിരുന്നെന്നു കൂടെയുണ്ടായിരുന്ന ബന്ധു ജോജുവും മാധ്യമങ്ങളോടു പറഞ്ഞു.

അമ്മ ലിസി പറയുന്നത് ഇങ്ങനെ: തട്ടുകടയിൽ എത്തിയ ഫിലിപ്പ് ബീഫും പൊറോട്ടയും ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞു. എന്നാൽ, പിന്നീട് മറ്റൊരാൾ ആവശ്യപ്പെട്ടപ്പോൾ കൊടുത്തു. ഇതു ചോദ്യം ചെയ്തതോടെ ഒരാൾ ഫിലിപ്പിനെ പിടിച്ചു തള്ളുകയും പിന്നീട് കൂട്ടം ചേർന്നു മർദിക്കുകയുമായിരുന്നു. കൂട്ടം ചേർന്ന് തന്നെയും മകനെയും അക്രമിച്ചതോടെ പ്രാണ രക്ഷാർത്ഥമാണ് അവൻ വെടിവെച്ചത്.

ശനിയാഴ്ച രാത്രി 10.50 ഓടെയാണ് മൂലമറ്റം അറക്കുളം അശോക കവലയിൽ വെച്ചായിയുരുന്നു സംഭവം. മൂലമറ്റം മാവേലിപുത്തൻപുരയിൽ ഫിലിപ്പ് മാർട്ടിൻ (കുട്ടു-26) വെടിവച്ചതിനെത്തുടർന്നു സ്വകാര്യ ബസ് ജീവനക്കാരനായ കീരിത്തോട് പാട്ടത്തിൽ സനൽ സാബു (32) ആണ് കൊല്ലപ്പെട്ടത്. മൂലമറ്റം കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്‌കരനെ(32) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സനൽ സാബുവിന്റെ സംസ്‌കാരം സ്വദേശമായ കീരിത്തോട്ടിൽ നടത്തി.

പ്രതി ഫിലിപ്പ് മാർട്ടിനെ തെളിവെടുപ്പിനുശേഷം കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ലൈസൻസ് ഇല്ലാത്ത ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണു ഫിലിപ് നിറയൊഴിച്ചതെന്ന് പോലീസ് പറഞ്ഞു. തോക്ക് ഇയാൾ തന്നെ പണി കഴിപ്പിച്ചതാണ്. 2014 ൽ ഒരു കൊല്ലനെ കൊണ്ട് ഇയാൾ തോക്ക് നിർമ്മിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തന്റെ ഏലത്തോട്ടത്തിൽ വരുന്ന കാട്ടുപന്നിയെ വെടിവക്കാനും, നായാട്ടിനുമായാണ് ഇയാൾ തോക്ക് നിർമ്മിച്ചത്.

അശോക കവലയിലെ തട്ടുകടയിൽ എത്തിയ ഫിലിപ്പും ബന്ധുവും ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും തീർന്നുപോയെന്ന് അറിയിച്ചതോടെ വാക്കേറ്റമുണ്ടായി. തട്ടുകടയിലുള്ളവരുമായി നടന്ന ബഹളത്തിനിടെ ഫിലിപ്പിനു സാരമായി പരുക്കേറ്റു. ബന്ധുവിനൊപ്പം സ്‌കൂട്ടറിൽ മടങ്ങിയ ഫിലിപ് പിന്നീടു വീട്ടിൽനിന്നു കാറിൽ തോക്കുമായി എത്തി തട്ടുകടയുടെ നേരെ വെടിയുതിർത്തു. അതിനുശേഷം മൂലമറ്റം ഭാഗത്തേക്കു മടങ്ങുന്നതിനിടെ ഫിലിപ്പിന്റെ മാതാവ് എകെജി കവലയിൽ കാർ തടഞ്ഞ് മകനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

ഈ സമയം പിന്നാലെ എത്തിയവർ ഫിലിപ്പിന്റെ കാർ തകർക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. കാർ മുന്നോട്ടെടുത്ത ഫിലിപ് നിമിഷങ്ങൾക്കുളളിൽ തിരിച്ചെത്തി എകെജി കവലയിൽ നിർത്തി ഓട്ടോയ്ക്കു നേരെ നിറയൊഴിച്ചു. ഇതിനിടെ ഈ വഴി സ്‌കൂട്ടറിലെത്തിയ സനലിനും പ്രദീപിനും വെടിയേൽക്കുകയായിരുന്നു. കീരിത്തോട് പാട്ടത്തിൽ സാബുവിന്റെയും വൽസലയുടെയും മകനാണു മരിച്ച സനൽ സാബു. അവിവാഹിതനാണ്.

അതേസമയം ഫിലിപ്പ് മാർട്ടിനും സുഹൃത്തും കടയിലെത്തി ബഹളമുണ്ടാക്കിയെന്നും ബഹളം വയ്ക്കരുതെന്ന് കടയിലെ മറ്റുള്ളവർ ആവശ്യപ്പെട്ടതോടെ ഇയാൾ പ്രകോപിതനായെന്നും തട്ടുകട ഉടമ സൗമ്യ പറയുന്നത്. ‘രാത്രി പത്തരയോടെ ബീഫ് ആവശ്യപ്പെട്ടാണ് മാർട്ടിൻ കടയിലെത്തുന്നത്. എന്നാൽ ഇത് തീർന്നെന്ന് അറിയിച്ചതോടെ ഇയാൾ ബഹളമുണ്ടാക്കി. ഇത് കടയിൽ പാഴ്‌സൽ വാങ്ങാനെത്തിയ യുവാക്കൾ ചോദ്യംചെയ്തു. മാർട്ടിൻ പിന്നാലെ വീട്ടിൽ പോയി തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തോക്കുമായെത്തി തെറിവിളിയായിരുന്നു. വണ്ടി കുറെ തവണ കറക്കി. വെടിവെച്ചു. കടയിൽ നിന്ന് 200 മീറ്റർ മാറിയാണ് വെടിവെപ്പ് നടന്നത്. ഒരാൾ കൊല്ലപ്പെട്ട വിവരം പിന്നീടാണ് അറിയുന്നതെന്നും സൗമ്യ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here