മലപ്പുറത്ത് കാണാതായ പോലീസുകാരൻ തമിഴ്നാട്ടിലെന്ന് സൂചന; പീഡിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് ഭാര്യ

0

മലപ്പുറം: മുതിർന്ന ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്ന് അരീക്കോട് സ്പെഷ്യൽ ഓപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിൽനിന്ന് കാണാതായ പൊലീസുകാരൻ തമിഴ്‌നാട്ടിലെന്ന് സൂചന ലഭിച്ചതായി പോലീസ്. അരീക്കോട് സ്‌പെഷ്യൽ ഓപ്പറേറ്റിങ് ഗ്രൂപ്പ് ക്യാമ്പിലെ മുബഷിർ തമിഴ്‌നാട്ടിലുണ്ടെന്നാണ് സൂചന ലഭിച്ചത്. അതേസമയം ഭർത്താവിനെ മാനസിക ആഘാതമേൽപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ഭാര്യ ഷാഹിന വടകര റൂറൽ എസ്പിക്ക് പരാതി നൽകി.

നേരത്തെ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ കുറിച്ച് തന്നോട് സംസാരിച്ചിരുന്നുവെന്ന് മുബഷിറിന്റെ ഭാര്യ പറഞ്ഞു. വടകര കോട്ടപ്പള്ളി സ്വദേശിയായ എംഎസ്പി ബറ്റാലിയൻ അംഗം മുബഷിറിനെ വെള്ളിയാഴ്ചയാണ് കാണാതായത്. മുബഷിറിന്റെ പേരിൽ കണ്ടെത്തിയ കത്തിൽ ക്യാമ്പിലെ മാനസികസമ്മർദം, മേലുദ്യോഗസ്ഥരുടെ പ്രതികാരനടപടികൾ എന്നിവയെ കുറിച്ചുള്ള സൂചനകൾ ഉണ്ട്.

കഴിഞ്ഞ നാലരവർഷമായി അരീക്കോട് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ക്യാമ്പിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് പറയുന്ന മുബഷിറിന്റെ കത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉദ്യോഗസ്ഥർ നിരന്തരമായി പീഡിപ്പിക്കുകയാണ്. ചില ഉദ്യോഗസ്ഥരുടെ പേരും കത്തിൽ എടുത്തുപറയുന്നുണ്ട്. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. അതിന് ശേഷം തന്നെ ദ്രോഹിക്കുകയാണ്. തനിക്ക് നീതി കിട്ടില്ല എന്നുറപ്പായതോടെയാണ് താൻ ജോലി ഉപേക്ഷിച്ച് സ്വയം പോകുകയാണെന്നും കത്തിലുണ്ട്. സംഭവത്തിൽ അരീക്കോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒരു പൊലീസുകാരന്റെ നിസ്സഹായത എന്ന പേരിലാണ് കത്തെഴുതിയത്. പോവുകയാണ് ഞാൻ. നിസ്സഹായനായി. സങ്കടമില്ല, പരിഭവമില്ല. ഞാനോടെ തീരണം ഇത്, ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും കത്തിൽ പറയുന്നുണ്ട്. ഇന്നലെ സ്വന്തം ബുള്ളറ്റിലാണ് ഇയാൾ പോയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന മുബാഷിറിന്റെ കത്ത്

ഒരു പൊലീസുകാരന്റെ നിസ്സഹായത…..ഞാൻ മുബാഷിർ. കേരള പൊലീസിൽ എംഎസ്‌പി ബറ്റാലിയനിലെ ഒരംഗം. നിലവിൽ എസ്ഒജി എന്ന സ്‌പെഷ്യൽ ഫോഴ്‌സിൽ ജോലി ചെയ്യുന്നു. നാലര വർഷം ഈ ഫോഴ്‌സിൽ ആത്മാർഥമായി ഡ്യൂട്ടി ചെയ്ത എന്നെ ഒരു പട്ടിയെ പോലെ ഇറക്കിവിടുകയാണ് നാളെ. എന്തിനാണെന്ന് ചോദിച്ചാൽ, ഒരു എസി അജിത് സാറിന്റെ സ്വർത്ഥതാല്പര്യങ്ങളെ ചോദ്യം ചെയ്തതിന്. അതേ, ബ്രിട്ടീഷുകാർ പോയത് അറിയാത്ത ഒരു ഓഫീസർ.

നിലവിൽ അരീക്കോട് ക്യാമ്പിൽ ഡ്യൂട്ടി എടുത്ത് വരികയാണ്. ഈയിടെ ഇവിടുത്തെ മെസ്സ് മെനുവിൽ രാത്രി ഉണ്ടായ കട്ടൻ ചായ ഇദ്ദേഹത്തിന്റെ താത്പര്യപ്രകാരമങ്ങ് നിർത്തലാക്കി. പൊലീസുകാർ ഒന്നടങ്കം ഒരുപോലെ കട്ടൻചായ വീണ്ടും ആവശ്യപ്പെടാൻ തുടങ്ങി. എന്നാൽ ക്യാമ്പ് ഡോക്ടർ കട്ടൻചായ കുടിച്ചാൽ അറ്റാക്ക് വരുമെന്ന് പറഞ്ഞിട്ടുണ്ട,് അതുകൊണ്ടാണ് നിർത്തിയത് എന്ന മറുപടി ആണ് കിട്ടിയത്.

അങ്ങനെ ഡോക്ടർ ഒരിക്കൽ മെസ്സിൽ കഴിക്കാൻ വന്നപ്പോൾ ഈ സംഭവം ഞാൻ ഡോക്ടറോട് ചോദിച്ചു. ഡോക്ടർ അങ്ങനെ ഒരു സംഭവമേ പറഞ്ഞിട്ടില്ല എന്നാണ് പറഞ്ഞത്. അങ്ങനെ ഒരു ദിവസം നോക്കുമ്പോൾ ഇതേ എസി കാന്റീനിൽ ഇരുന്ന് കട്ടൻചായ കുടിക്കുന്നു. ഈ സമയം കാന്റീനിൽ ഉണ്ടായിരുന്ന ഞാൻ എസി യെ കണ്ട് കട്ടൻ ചായ പുനഃസ്ഥാപിക്കാൻ അപേക്ഷിക്കുന്നു.

ഞാൻ: സാറേ,നമസ്‌കാരം

എസി: നമസ്‌കാരം, എന്താണ്?

ഞാൻ: മെസ്സിൽ രാത്രി ഒരു കട്ടൻ ചായ ഉണ്ടായിരുന്നു.

എസി:അതെ, ഉണ്ടായിരുന്നു

ഞാൻ: അതിപ്പോൾ ഇല്ല

എസി: അതെ, വേണ്ട എന്ന് വെച്ചതാണ്.

ഞാൻ: അതല്ല സർ,എല്ലാവർക്കും താല്പര്യമുള്ള ഒരു കാര്യമായിരുന്നു

എസി: അതിനിപ്പോൾ എന്താ.അത് വേണ്ട എന്ന് വെച്ചതാണ്.

ഞാൻ: സാറെ കട്ടൻചായ ഉണ്ടെങ്കിൽ ഒരുപാട് ഉപകാരമായിരുന്നു. പ്രത്യേകിച്ച് പുട്ട് ഒക്കെയുള്ള ദിവസങ്ങളിൽ.

എസി:പരിഗണിക്കാം.

അങ്ങനെ എസി അത് പരിഗണിച്ചു. അടുത്ത ദിവസം മുതൽ മെസ്സിൽ രാത്രി പുട്ടില്ല. അതെ, പൊലീസുകാർ അവരുടെ കാശ് കൊടുത്ത് കഴിക്കുന്ന മെസ്സിൽ അവരുടെ അഭിപ്രായങ്ങൾക്ക് ഒരു വിലയുമില്ല. അങ്ങനെ ഇരിക്കെ മെസ്സിലെ പരാതിപ്പെട്ടിയിൽ ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു ഒരു പരാതി വരുന്നു. അതിനോടൊപ്പം മെസ്സ് കമ്മിറ്റി ഇല്ലാത്തതും, മെസ്സിലെ സ്റ്റാഫിനെ തിരഞ്ഞെടുക്കുന്ന രീതിയെ കുറിച്ചും ചോദിക്കുന്നുണ്ട് ആ പരാതിയിൽ. ഇതറിഞ്ഞ എസി കലിതുള്ളി. മെസ്സ് ഹവില്ദാർ ഈ പരാതി കൊണ്ട് കൊടുത്തപ്പോൾ ‘എല്ലാറ്റിനും ഞാൻ കാണിച്ചു തരാം, എന്റെ ഔദാര്യത്തിൽ ആണ് നിങ്ങളിവിടെ കഴിയുന്നത്’ എന്നാണ് പറഞ്ഞത്. ഇന്ന് വരെ എന്താണ് ആ ഔദാര്യം എന്ന് എനിക്ക് മനസ്സിലായിട്ടില്ല. അങ്ങനെ ക്യാമ്പ് മൊത്തത്തിൽ ടൈറ്റ് ചെയ്യുന്നു. റോൾകാൾ വിളിക്കുന്നു. പരാതികൾ ഉണ്ടോ എന്ന് ചോദിക്കുന്നു. കട്ടൻചായ ആവശ്യപ്പെടുന്നു, മെസ്സിലെ സ്റ്റാഫിനെ പൊലീസുകാർ തിരഞ്ഞെടുക്കുന്നു. അങ്ങനെ പരാതിയിൽ ഉന്നയിച്ചത് ഒക്കെ പരിഹരിക്കാമെന്ന് പറയുന്നു. പ്രതികാരമായി പല നിയമങ്ങളും കൊണ്ട് വരുന്നു. APSI ബൈജു സാർ ഈ പരാതി കാരണമാണ് ഇങ്ങനെ നിയമങ്ങൾ വന്നത് എന്ന് ഞങ്ങളോട് റോൾകാളിൽ പറയുന്നു. പരാതി SP ക്ക് വാട്‌സാപ്പിൽ അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു പേടിപ്പിക്കുന്നു. എന്നും റോൾകാൾ വെക്കുന്നു. പക്ഷെ എന്നിട്ടും കട്ടൻചായ കൊടുത്തില്ല. കാരണം എന്താണെന്ന് ചോദിച്ചാൽ വാശി. അല്ലാതെന്ത് പറയാൻ.

അവർ തോറ്റുപോവുമല്ലോ. ഇവിടാരും ആരും തോല്പിക്കാൻ ഇറങ്ങിയില്ലെങ്കിലും അവർ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്തത് അവർക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അങ്ങനെ പിറ്റേ ദിവസം റോൾകാളിൽ വീണ്ടും കുറേ നിയമങ്ങൾ കൊണ്ട് വരുന്നു. അങ്ങനെ ഞാൻ ചോദിച്ചു ഇതൊക്കെ പ്രതികാര നടപടിയാണോ എന്ന്. അല്ല ഇതൊക്കെ എല്ലായിടത്തും ഉള്ള നിയമങ്ങൾ അല്ലേ എന്ന മറുപടിയാണ് കിട്ടിയത്. എന്നാൽ ഈ നിയമങ്ങൾ SOG യുടെ അരീക്കോട് ക്യാമ്പിന് മാത്രം ആണ് ബാധകം എന്നതാണ് കൗതുകം, അതായത് SOG ക്ക് വേറെയും ക്യാമ്പുകൾ ഉണ്ട്, ഡ്യൂട്ടി സ്ഥലങ്ങൾ ഉണ്ട്. എന്നാൽ നിയമങ്ങൾ എല്ലാം അരീക്കോട് പൊലീസുകാർക്ക് മാത്രം.

കാരണം മറ്റൊന്നുമല്ല പ്രതികാരം.അങ്ങനെ പ്രതികാരം ആണോ എന്ന് ചോദിച്ചതിന്റെ പേരിൽ എന്നെ പെട്ടെന്ന് തന്നെ ഏറ്റവും ദൂരമുള്ള സ്ഥലമായ പാലക്കാട് ഡ്യൂട്ടി സ്ഥലത്തേക്ക് സ്ഥലം മാറ്റാൻ പറയുന്നു. പാലക്കാട് പോവാൻ ഒരുപാട് പേർ വില്ലിങ് ഉണ്ടായിട്ടും എന്നെ തന്നെ വിടാൻ ആണ് പറഞ്ഞത്. എനിക്ക് അറിയാം പക വീട്ടുകയാണെന്ന്. ഇനി പാലക്കാട് എന്തെങ്കിലും എനിക്ക് പണി തരാൻ വിളിച്ചു പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ആണേൽ ആ സമയം നടുവേദന കാരണം ബുദ്ധിമുട്ടുകയായിരുന്നു. ഇതും കൊണ്ട് പാലക്കാട് പോയാൽ ഇനി അവിടെന്തേലും ബുദ്ധിമുട്ടുള്ള ജോലിയാണ് എനിക്ക് നൽകാൻ വിളിച്ചു പറഞ്ഞതെങ്കിൽ ആ സാഹചര്യത്തിൽ ഞാൻ അതിന് ശാരീരികമായി ഫിറ്റ് അല്ലാത്തതുകൊണ്ട് മെഡിക്കൽ അവധിയിൽ പോയി.

AC അങ്ങനെ വിളിച്ചു പറഞ്ഞ അനുഭവം ഉള്ളതുകൊണ്ടാണ് ഇങ്ങനെ എഴുതിയത്. കാരണം മുൻപ് വയനാട് ഡ്യൂട്ടി സ്ഥലത്ത് ഉള്ള ഇയാൾക്ക് ഇഷ്ടമില്ലാത്ത കുറച്ചു പേരെ ഒരുമിച്ചു ഒരു സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഇടരുത് എന്നും സ്റ്റേഷൻ ഡ്യൂട്ടി മാത്രമേ നൽകാൻ പാടുള്ളൂ എന്നും വിളിച്ചു പറഞ്ഞിട്ടുണ്ട്.

ഇനി കുറച്ചു കുടുംബകാര്യങ്ങൾ. എന്റെ ഭാര്യ കാനഡയിൽ പഠിക്കുകയാണ്. എനിക്കും കാനഡയിലേക്ക് പോവാൻ പ്ലാനുണ്ടായിരുന്നു.
അങ്ങനെ ഒരു വിസ അപ്ലൈ ചെയ്ത് ഇരിക്കയായിരുന്നു. എന്നാൽ ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചെന്ന് പറഞ്ഞത് പോലെ ഈ സമയത്ത് തന്നെ എന്റെ വിസ റിജക്ട് ആവുന്നു. അവൾ ആകെ മാനസിക സമ്മർദ്ദത്തിൽ ആവുന്നു. കല്യാണം കഴിഞ്ഞിട്ട് 4 വർഷം ആവുന്നു. മൂന്ന് മാസം കഴിഞ്ഞു ഞാൻ അങ്ങോട്ട് വരും എന്ന് പറഞ്ഞാണ് അവളെ യാത്ര ആക്കിയത്.

എന്നാൽ കോവിഡ് കാരണം ഒന്നും നടന്നില്ല. ഞാൻ ഇല്ലാത്തതിന്റെ ഡിപ്രെഷൻ നല്ലോണം ഉണ്ട് അവൾക്ക്. മാത്രമല്ല ഒരു കുട്ടി വേണമെന്ന് ചിന്ത ഈയിടെ ആയി അവളെ വല്ലാതെ അലട്ടുന്നുണ്ട്. ഞാൻ അവിടെ പെട്ടെന്ന് തന്നെ എത്തുമല്ലോ എന്ന പ്രതീക്ഷയിൽ അങ്ങനെ നിൽക്കുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതും കൂടി ആയപ്പോൾ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയ അവൾ രണ്ടാഴ്ചത്തേക്ക് നാട്ടിലേക്ക് തിരിച്ചു വന്നിരിക്കയാണ് അവൾ. അവളുടെ കൂടെ നിൽക്കാൻ വേണ്ടി ഒരു ലീവ് വെച്ച എനിക്ക് മെഡിക്കൽ അവധിയിൽ ഇരിക്കുമ്പോൾ അപേക്ഷിക്കാൻ പാടില്ല എന്ന മുടന്തൻ ന്യായമാണ് മറുപടിയായി കിട്ടിയത്. അതും ആദ്യം ലീവ് ഫോർവേഡ് ചെയ്തതിന് ശേഷം എവിടുന്നോ അങ്ങനെ ഒരു ഉപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അത് കാൻസൽ ചെയ്തിട്ടാണ് പറയുന്നത്.

ഇത് ഞാൻ SP സാറിന് വെച്ച പരാതിയുടെ ഉള്ളടക്കം

ഞാൻ 2017 മുതൽ SOG യിൽ അറ്റാച്ച് ചെയ്ത് പ്രവൃത്തി എടുത്ത് വരികയാണ്. തുടർന്ന് 2020 ൽ മൂന്ന് വർഷം പൂർത്തിയായപ്പോൾ വീണ്ടും SOG യിൽ തുടരാൻ താല്പര്യം അറിയിച്ചതിനെ തുടർന്ന് ഒരു വർഷത്തേക്ക് DGO നീട്ടി കിട്ടുകയും പ്രസ്തുത DGO 13-12-2021 ന് അവസാനിക്കുകയും ചെയ്തിരുന്നു. പ്രസ്തുത DGO അവസാനിക്കുന്നതിന് മുൻപ് SOG യിൽ തുടർന്നും നിൽക്കാൻ താല്പര്യം അറിയിച്ചു അപേക്ഷ വെച്ചിരുന്നു.

എന്നാൽ ഇതിനെ തുടർന്ന് 14-12-2021 നടത്തിയ എലിജിബിലിറ്റി ടെസ്റ്റ് ആ സമയം ഞാൻ greyhounds തെലങ്കാനയിൽ QM NCO ആയി ഡ്യൂട്ടി ചെയ്യുകയായിരുന്നതുകൊണ്ട് എനിക്ക് അറ്റന്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഞാൻ ഡ്യൂട്ടി കഴിഞ്ഞു തിരിച്ചെത്തുകയും വീണ്ടും SOG യിൽ തുടരാൻ അപേക്ഷ വെക്കുകയും അത് DC ഓഫീസിൽ നിന്ന് സാറിന്റെ ഓഫീസിലേക്ക് ഫോർവേഡ് ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ എനിക്ക് 01-03-2022 ശിവരാത്രി അവധി ദിനത്തിൽ എലിജിബിലിറ്റി ടെസ്റ്റ് നടത്തുകയും അതിൽ വിജയിക്കുകയും ചെയ്തു. തുടർന്ന് 01-03-2022 ന് ടെസ്റ്റ് റിസൾട്ട് DC ഓഫീസിൽ നിന്ന് സാറിന്റെ ഓഫീസിലേക്ക് അയക്കുകയും ചെയ്തിരുന്നു.

എന്നാൽ എന്റെ കൂടെ പഴയ DGO യിൽ ഉള്ള എലിജിബിലിറ്റി ടെസ്റ്റ് പാസ്സ് ആയ (ഒരാളൊഴികെ ) എല്ലാവർക്കും DGO നീട്ടി നൽകുകയും എന്റെ കൂടെ DGO ഇല്ലാതെ (SP ഓഫീസ് സ്റ്റാഫ് DGO അപേക്ഷാഫോർവേഡ് ചെയ്യാൻ വിട്ട് പോയത് കാരണം) SOG യിൽ ഡ്യൂട്ടി എടുക്കുന്ന MSP HDR 13732 പ്രവീൺ എന്ന സേനാങ്കത്തെ DGO ഇല്ലാതെ ഡ്യൂട്ടി എടുക്കുന്നതിന് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അത് തുടർന്ന് പോവുന്നുമുണ്ട്.

എന്നാൽ ഡ്യൂട്ടിക്ക് പോവാനുള്ള HDR തലേന്ന് കോവിഡ് പോസിറ്റീവ് ആവുകയും തുടർന്ന് ഒരാൾ പോലും പകരം ഡ്യൂട്ടിക്ക് വില്ലിങ് ഇല്ലാത്ത സമയത്ത്, സേനക്ക് അനിവാര്യമായ ഘട്ടത്തിൽ സ്വയം വില്ലിങ് കൊടുത്ത് GREYHOUNDS ഡ്യൂട്ടിക്ക് പോയ എനിക്ക് തിരികെ വന്നപ്പോൾ അവധി ദിനത്തിൽ ടെസ്റ്റുകൾ ഒന്നും നടത്താത്ത ഈ ക്യാമ്പിൽ അവധി ദിനത്തിൽ തന്നെ എലിജിബിലിറ്റി ടെസ്റ്റ് നടത്തുകയും അതിൽ പാസ്സ് ആയി എന്ന് കണ്ടപ്പോൾ സാറിനെ തെറ്റിദ്ധരിപ്പിച്ചു തിരികെ MSP യിലേക്ക് മടക്കുകയും ആണ് ചെയ്തത്.

ക്യാമ്പിൽ നടന്ന ചില സംഭവവികാസത്തിന്റെ പേരിൽ AC അജിത് കെ എസ് സാറിന് എന്നോടുണ്ടായ വൈരാഗ്യമാണ് ഇതിന്റെ മൂലകാരണം. അതിൽ ചിലത് സാറും അറിഞ്ഞു കാണുമല്ലോ. സാറിന് കാര്യങ്ങൾ വാട്‌സാപ്പിൽ അയച്ചിട്ടുണ്ട് എന്നാണ് APSI ബൈജു സർ 19-03-2022 ന് റോൾകാളിൽ പറഞ്ഞത്. ആയതിനാൽ മേല്പറഞ്ഞ കാര്യങ്ങൾ അങ്ങയ്ക്ക് ബോധ്യപ്പെടുകയാണെങ്കിൽ നിലവിൽ 5 വർഷം പൂർത്തിയാവാത്ത എനിക്ക് ബാക്കിയുള്ള ഒരു വർഷം കൂടി DGO നീട്ടി നൽകണമെന്ന് മേലധികാരത്തിങ്കലേക്ക് അപേക്ഷിക്കുന്നു.

SP ആയിരുന്നു പ്രതീക്ഷ. അവിടുന്നും പ്രതീക്ഷിക്കത്തക്ക മറുപടി ഒന്നും ലഭിക്കില്ല എന്ന് മനസ്സിലായി. എന്തായാലും AC യോളം വരില്ലല്ലോ ഹവിൽദാർ. ഭാര്യ ആണെങ്കിൽ എപ്പൊ വരും എപ്പൊ വരും എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ആണേൽ ഒന്നുമറിയാതെ അരീക്കോട് ക്യാമ്പിലും. ഇനി MSP ക്ക് മടക്കിയാലും എന്താവുമെന്ന് അറിയില്ല. അവിടെയും എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കിൽ കഷ്ടകാലം തന്നെ ആയിരിക്കും. അവൾ 14 ന് പോവുകയാണ്. ഈ സമയം കൂടെ തന്നെ ഉണ്ടാവണമെന്ന് ഡോക്ടർ പറഞ്ഞതാണ്. മാത്രമല്ല എന്നെ കാണാൻ ആണ് അവൾ ഇത്രയും റിസ്‌ക് എടുത്ത് വന്നത്. എനിക്കാണേൽ അവളുടെ കൂടെ നിൽക്കാൻ സാധിക്കുന്നുമില്ല.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ക്യാമ്പിൽ മുൻപും ഇത് പോലെ സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുമുണ്ട്. ആരും ഒന്നും ചോദിക്കില്ല പറയില്ല. ഈ മൂവർ സംഘത്തെ (AC അജിത് സർ,APSI ബൈജു സർ, APSI ഡാനിഷ് സർ) പേടിയാണ് അവർക്ക്. അത്രക്ക് മാനസിക സമ്മർദ്ദത്തിലാണ് അവർ. 50% അലവൻസ് വാങ്ങുന്നു എന്ന ഒറ്റക്കാരണത്താൽ ആണ് ഈ ബുദ്ധിമുട്ടിക്കൽ. ഇഷ്ടമുണ്ടായിട്ടല്ല. ഗതികേട് കൊണ്ടാണ് പലരും എന്നിട്ടും ഇവിടെ തുടർന്ന് പോവുന്നത്.

ഈ ക്യാമ്പിലെ 99% ആൾക്കാരും സന്തോഷത്തോടെ, ആത്മാർത്ഥതയോടെ അല്ല ഈ ക്യാമ്പിൽ നിൽക്കുന്നത്. ബാക്കി വരുന്ന 1% അവരുടെ കൂടെ നിൽക്കുന്നു. നിർഭാഗ്യം എന്ന് പറയട്ടെ അവരുമായി മാത്രം ആണ് ടജ ക്ക് നേരിട്ട് ബന്ധമുള്ളൂ. അതുകൊണ്ട് തന്നെ പലകാര്യങ്ങളിലും അവർ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് SP യെ. ഈ ഒരവസ്ഥയിൽ ഇനിയും ഞാനായി എനിക്ക് ഈ ക്യാംപിൽ നിൽക്കാൻ സാധിക്കില്ല. ചിലപ്പോൾ ഞാൻ ഞാൻ അല്ലാതായി മാറിപ്പോവും. പോവുകയാണ് ഞാൻ. നിസ്സഹായനായി. സങ്കടമില്ല, പരിഭവമില്ല. ഞാനോടെ തീരണം ഇത്. ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ല

LEAVE A REPLY

Please enter your comment!
Please enter your name here