ലഖിംപൂർ ഖേരി കൂട്ടക്കൊലക്കേസ്; പ്രതി ആശിഷ് മിശ്ര കീഴടങ്ങി; കോടതിയിൽ കീഴടങ്ങിയത് ജാമ്യം റദ്ദാക്കിയതിനെ തുടർന്ന്

0

ലഖ്‌നോ: ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ് പ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര കീഴടങ്ങി. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ആശിഷ് മിശ്ര ഞായറാഴ്‌ച ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്. സുപ്രീം കോടതിയുടെ നോട്ടീസിൽ പറഞ്ഞ കാലാവധി കഴിയുന്നതിന് ഒരുദിവസം മുമ്പാണ് ആശിഷ് കീഴടങ്ങിയത്.

ഉച്ചകഴിഞ്ഞ് 3.25നാണ് ആശിഷ് മിശ്ര ലഖിംപൂർ ഖേരി ജില്ലാ ജയിലിലെത്തിയതെന്ന് ജയിൽ അധികൃതർ അറിയിച്ചു. പ്രദേശത്ത് കനത്ത പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്

ഏപ്രിൽ 18നാണ് സുപ്രീംകോടതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയത്. വാദികളുടെ ഭാഗം കേൾക്കാത്ത അലഹബാദ് ഹൈകോടതി നടപടി തെറ്റാണെന്നും ഹരജികളിൽ ആദ്യം മുതൽ വാദം കേൾക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങാൻ ആശിഷ് മിശ്രക്ക് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകുകയും ചെയ്യുകയായിരുന്നു.

2021 ഒക്ടോബർ മൂന്നിന് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കേന്ദ്ര സർക്കാറിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്ന കർഷകർക്കുനേരെ ആശിഷ് മിശ്ര കാർ ഓടിച്ചുകയറ്റുകയായിരുന്നു. നാല് കർഷകരും മാധ്യമപ്രവർത്തകനുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ അക്രമത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടു. ഒക്ടോബർ ഒമ്പതിനാണ് ആശിഷ് അറസ്റ്റിലായത്.

കേസിൽ അലഹബാദ് ഹൈക്കോടതി ഫെബ്രുവരിയിലാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇത് ചോദ്യംചെയ്‌ത് സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി ജാമ്യം റദ്ദാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here