മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ “തിരുതത്തോമ”യെന്നു വിളിച്ചെന്നു കെ.വി. തോമസ്‌;
“കണ്ണൂര്‍ വഴി” കോണ്‍ഗ്രസിനു പുറത്തേക്കുള്ള പാതയിലാണോയെന്ന ആകാംക്ഷയില്‍ രാഷ്‌ട്രീയകേരളം

0

കൊച്ചി : ഹൈക്കമാന്‍ഡിന്റെയും കെ.പി.സി.സി. നേതൃത്വത്തിന്റെയും വിലക്ക്‌ ലംഘിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ.വി. തോമസ്‌ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്‌ വേദിയിലെത്തും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നാളെ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നു തോമസ്‌ പ്രഖ്യാപിച്ചതോടെ ഇതുസംബന്ധിച്ച്‌ ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കു വിരാമമായി. നേതൃത്വത്തെ ധിക്കരിച്ച അദ്ദേഹം “കണ്ണൂര്‍ വഴി” കോണ്‍ഗ്രസിനു പുറത്തേക്കുള്ള പാതയിലാണോയെന്ന ആകാംക്ഷയില്‍ രാഷ്‌ട്രീയകേരളം.
സി.പി.എം. സെമിനാറില്‍ പങ്കെടുക്കുന്നത്‌ എന്തെങ്കിലും വാഗ്‌ദാനം ലഭിച്ചതിന്റെ പേരിലല്ലെന്നു തോപ്പുംപടിയിലെ വസതിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ തോമസ്‌ വ്യക്‌തമാക്കി. ഇനി തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലേക്കില്ല. മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ ഉദേശ്യവുമില്ല. സെമിനാറില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ എ.ഐ.സി.സി. അംഗമായ തനിക്കെതിരേ നടപടിയെടുക്കാന്‍ സംസ്‌ഥാനനേതൃത്വത്തിനു കഴിയില്ല. ദേശീയപ്രാധാന്യമുള്ള, കേന്ദ്ര-സംസ്‌ഥാനബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറായതിനാലാണു പങ്കെടുക്കുന്നത്‌. തന്റെ തീരുമാനം കോണ്‍ഗ്രസ്‌ നേതൃത്വത്തെ ചോദ്യംചെയ്യാനല്ല. പല സംസ്‌ഥാനങ്ങളിലും കോണ്‍ഗ്രസ്‌ ഇതരസര്‍ക്കാരുകള്‍ വന്നതും ദേശീയതലത്തില്‍ പാര്‍ട്ടിയുടെ നല്ലകാലം അവസാനിച്ചതും തിരിച്ചറിയണം. ഈ ആശയം പങ്കുവച്ച്‌ താനും ശശി തരൂരും കോണ്‍ഗ്രസ്‌ നേതൃത്വത്തിനു കത്ത്‌ നല്‍കിയിരുന്നു. അതു സ്വീകരിക്കപ്പെട്ടില്ല.
കഴിഞ്ഞമാസം ഡല്‍ഹിയില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണു സെമിനാറിലേക്കു ക്ഷണം ലഭിച്ചത്‌. എന്നാല്‍, കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ്‌ എം.പിമാര്‍ സോണിയാ ഗാന്ധിയെക്കണ്ട്‌ അതിനെതിരേ സമ്മര്‍ദം ചെലുത്തി. 2024-ല്‍ രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്കു പോകുമ്പോള്‍ പാര്‍ട്ടിയുടെ സമീപകാല അനുഭവങ്ങള്‍ നേതൃത്വം തിരിച്ചറിയണം. 2018-നുശേഷം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ചയ്‌ക്കുപോലും അവസരം ലഭിച്ചില്ല.

സ്വന്തം പാര്‍ട്ടിക്കാര്‍ “തിരുതത്തോമാ” എന്നു വിളിച്ചു

കൊച്ചി: മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ “തിരുതത്തോമ”യെന്നു വിളിച്ചെന്നു കെ.വി. തോമസ്‌. സംസ്‌ഥാനത്ത്‌ ഒരുനേതാവും നേരിട്ടിട്ടില്ലാത്ത അപമാനമാണു കുറേ നാളുകളായി കോണ്‍ഗ്രസില്‍നിന്നു തനിക്കെതിരേ ഉയരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഏഴുപ്രാവശ്യം തെരഞ്ഞെടുപ്പില്‍ ജയിച്ചതു ജനപിന്തുണയായി കാണേണ്ടതിനു പകരം തഴയുകയാണു ചെയ്‌തത്‌. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്‌ നിഷേധിച്ചു. നൂലില്‍ കെട്ടിയിറക്കിയ ആളല്ലെന്നു പേര്‌ വെട്ടിയവര്‍ ഓര്‍ത്തില്ല. ഒന്നരവര്‍ഷത്തോളം അച്ചടക്കത്തോടെ കാത്തിരുന്നു. മുമ്പ്‌ മത്സരിച്ച 42 പേരില്‍ 41 പേര്‍ക്കും സീറ്റ്‌ നല്‍കിയപ്പോള്‍ തന്നെ തഴഞ്ഞത്‌ അവസാനമണിക്കൂറുകളിലാണ്‌. ഗ്രൂപ്പ്‌ നേതാക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആക്രമിച്ചു. സി.പി.എം. സെമിനാറില്‍ പങ്കെടുക്കുമെന്ന്‌ അറിയിച്ചപ്പോള്‍ സംസ്‌ഥാനനേതൃത്വം തോക്കിന്റെ മുനയില്‍നിന്നു സംസാരിക്കുംവിധം ഭീഷണിപ്പെടുത്തി. കെ.പി.സി.സി. വര്‍ക്കിങ്‌ പ്രസിഡന്റ്‌ പദവിയില്‍നിന്നു നീക്കിയതു പത്രവാര്‍ത്തയിലൂടെയാണ്‌ അറിഞ്ഞത്‌. വര്‍ക്കിങ്‌ പ്രസിഡന്റായിരിക്കേ പുനഃസംഘടന വന്നപ്പോഴും പദവികളൊന്നും തന്നില്ല. ഏറ്റവുമൊടുവില്‍ രാജ്യസഭാ സീറ്റിലേക്കും പരിഗണിച്ചില്ല. പ്രായാധിക്യം പ്രശ്‌നമാണെങ്കില്‍ കോണ്‍ഗ്രസില്‍ പ്രായമേറിയത്‌ തനിക്കു മാത്രമല്ലല്ലോ? -തോമസ്‌ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here