നടി കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. കേസിന്റെ തുടരന്വേഷണത്തിനു കൂടുതല്‍ സമയം തേടി ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണു പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്‌.
ദിലീപിന്റെ അഭിഭാഷകരെയും ചോദ്യംചെയ്യേണ്ടതുണ്ട്‌. തുടരന്വേഷണത്തിന്റെ ഭാഗമായി ചില ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്നാണ്‌ ആവശ്യം.
നിലവില്‍ ചെന്നൈയിലാണു കാവ്യയുള്ളത്‌. അതിനാല്‍ അടുത്താഴ്‌ച മാത്രമേ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാധിക്കൂ എന്നറിയിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെവെളിപ്പെടുത്തലുകള്‍ സാധൂകരിക്കുന്ന തരത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌.
ദിലീപിന്റെ സഹോദരി ഭര്‍ത്താവ്‌ സൂരജിന്റെ ഫോണില്‍നിന്നും പുതിയ വിവരങ്ങള്‍ ലഭിച്ചു. അതില്‍ ആക്രമണ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടെന്നുംപ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അതിനാല്‍ തുടരന്വേഷണത്തിനു മൂന്നുമാസം കൂടി സമയം വേണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഈ മാസം 15 നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

ദിലീപിന്റെ അഭിഭാഷകരോട്‌ വിശദീകരണം തേടാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍, അതിജീവിതയുടെ പരാതിയില്‍ പ്രതി നടന്‍ ദിലീപിന്റെ അഭിഭാഷകരോടു വിശദീകരണം തേടാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചു. അതിജീവിത നല്‍കിയ പരാതിയിലാണു നടപടി. മറുപടി ആവശ്യപ്പെട്ട്‌ ബി. രാമന്‍പിള്ള ഉള്‍പ്പടെയുള്ള അഭിഭാഷകര്‍ക്കു നോട്ടിസ്‌ അയയ്‌ക്കാനാണു തീരുമാനം. മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടി എന്തായിരിക്കണമെന്ന തീരുമാനമുണ്ടാകുക. നോട്ടീസ്‌ ലഭിച്ചു 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണു ചട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here