കെ.എസ്‌.ഇ.ബി. ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എം.ജി. സുരേഷ്‌കുമാറിന്‌ 6.72 ലക്ഷം രൂപ പിഴചുമത്തി നോട്ടീസ്‌ നല്‍കിയതു നിയമാനുസൃതമെന്നു ബോര്‍ഡിന്റെ വിശദീകരണം

0

തിരുവനന്തപുരം : കെ.എസ്‌.ഇ.ബി. ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എം.ജി. സുരേഷ്‌കുമാറിന്‌ 6.72 ലക്ഷം രൂപ പിഴചുമത്തി നോട്ടീസ്‌ നല്‍കിയതു നിയമാനുസൃതമെന്നു ബോര്‍ഡിന്റെ വിശദീകരണം.
2019 മുതലുള്ള അന്വേഷണത്തിനൊടുവിലാണു ചട്ടപ്രകാരം നോട്ടീസ്‌ നല്‍കിയതെന്നും ബോര്‍ഡ്‌ വ്യക്‌തമാക്കി.
സുരേഷ്‌കുമാര്‍ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായിരിക്കേ, കെ.എസ്‌.ഇ.ബിയുടെ വാഹനം ഉപയോഗിക്കാന്‍ അനുവാദമില്ലായിരുന്നു. ഡെപ്യൂട്ടേഷന്‍ കാലത്തെ അച്ചടക്കരാഹിത്യത്തിനെതിരേ നടപടിയെടുക്കാന്‍ നിയമനാധികാരിയായ കെ.എസ്‌.ഇ.ബിക്ക്‌ അധികാരമുണ്ട്‌. സുരേഷ്‌കുമാറും അദ്ദേഹം ഭാരവാഹിയായ സംഘടനയും സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ ഉന്നയിച്ച ആരോപണങ്ങള്‍ വസ്‌തുതാവിരുദ്ധമായതിനാലാണ്‌ ഈ വിശദീകരണമെന്നും ബോര്‍ഡ്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ വ്യക്‌തമാക്കി.
ബോര്‍ഡ്‌ വിജിലന്‍സ്‌ വിശദമായി പരിശോധിക്കുന്ന പരാതിയില്‍ രണ്ട്‌ റിപ്പോര്‍ട്ടുകള്‍ക്കുശേഷമാണു നടപടിയെടുത്തത്‌. ചീഫ്‌ വിജിലന്‍സ്‌ ഓഫീസറുടെയും ഡയറക്‌ടറു(ഫിനാന്‍സ്‌)ടെയും വിശദപരിശോധനയില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കല്ലാതെ വാഹനം ഉപയോഗിച്ചെന്നു ബോധ്യപ്പെട്ടു. അതിന്റെ അടിസ്‌ഥാനത്തില്‍ നോട്ടീസില്‍ ആവശ്യപ്പെട്ട തുക ചട്ടപ്രകാരം അടയ്‌ക്കാനാണു കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയത്‌. ഡെപ്യൂട്ടേഷനിലുള്ള അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ സുരേഷ്‌കുമാര്‍ ഉപയോഗിച്ച വാഹനം അദ്ദേഹത്തിന്‌ അനുവദിച്ചുള്ള ഒരുത്തരവും ബോര്‍ഡ്‌ പുറപ്പെടുവിച്ചിരുന്നില്ല. കമ്പനി സെക്രട്ടറിയും ഭരണവിഭാഗം സെക്രട്ടറിയും ഇത്‌ അന്വേഷണോദ്യോഗസ്‌ഥനെ അറിയിച്ചു.
ഔദ്യോഗികവാഹനത്തില്‍ താമസസ്‌ഥലത്തേക്കു യാത്ര ചെയ്യാന്‍ ഗവണ്‍മെന്റ്‌ സെക്രട്ടറിമാര്‍ക്കും വകുപ്പ്‌ അധ്യക്ഷന്മാര്‍ക്കും മന്ത്രിമാരുടെ പ്രൈവറ്റ്‌ സെക്രട്ടറിമാര്‍ക്കും ജില്ലാ കലക്‌ടര്‍മാര്‍ക്കും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും മാത്രമേ അനുമതിയുള്ളൂ. അഡീഷണല്‍/അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറിക്കു പ്രത്യേകാനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ അദ്ദേഹമാണു ഹാജരാക്കേണ്ടതെന്നും ബോര്‍ഡ്‌ ചൂണ്ടിക്കാട്ടുന്നു.
വാടക നല്‍കി സ്വകാര്യാവശ്യത്തിനു ബോര്‍ഡിന്റെ വാഹനങ്ങള്‍ ഉപയോഗിക്കാവുന്ന ഉദ്യോഗസ്‌ഥരില്‍ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ഉള്‍പ്പെടുന്നില്ല. ഡെപ്യൂട്ടേഷനിലായിരുന്ന സുരേഷ്‌കുമാറിനുമേല്‍ കെ.എസ്‌.ഇ.ബിക്ക്‌ അച്ചടക്കനടപടിയെടുക്കാന്‍ അധികാരമില്ലെന്ന വാദം തെറ്റാണെന്നും ചട്ടങ്ങള്‍ ഉദ്ധരിച്ച്‌ ബോര്‍ഡ്‌ വ്യക്‌തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here