നമ്മൾ മറന്ന അയ്യപ്പൻമുടി പകലന്തിയോളം ദൃശ്യ വിസ്‌മയമൊരുക്കി നമ്മെ കാത്തിരിക്കുന്നു…സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളുമായി കോതമംഗലം നഗരസഭ

0

വിസ്മയ കാഴ്ചകളൊരുക്കുന്ന മലമുകളിലെ വിനോദസഞ്ചാരകേന്ദ്രമായ  അയ്യപ്പൻമുടിയിലേക്ക്‌ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളുമായി കോതമംഗലം നഗരസഭ. ജില്ലയിൽ കിഴക്കൻ മേഖലയിലെ പ്രധാന കേന്ദ്രവും ഹൈറേഞ്ചിന്റെ കവാടവുമായ കോതമംഗലത്ത്‌ എത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടതാവളമാണ്‌ നാടുകാണിയിലെ അയ്യപ്പന്‍മുടി. നയനമനോഹരമായ കാഴ്ചകളാൽ സമ്പന്നമാണ് പ്രദേശം. 

വിനോദ സഞ്ചാരകര്‍ക്കും കായിക പ്രേമികള്‍ക്കും ഇഷ്‌ടതാവളമാണ്‌ നാടുകാണിയിലെ അയ്യപ്പന്‍മുടി. കാഴ്‌ചകളുടെ വ്യത്യസ്‌ത അനുഭവമൊരുക്കി ചരിത്രാന്വേഷികള്‍ക്ക്‌ വഴികാട്ടിയാകുന്നു അയ്യപ്പന്‍ മുടി. ഏകദേശം 700 അടി ഉയരത്തില്‍ ഒറ്റപ്പാറയില്‍ വിരിഞ്ഞയിടമാണ്‌ അയ്യപ്പന്‍മുടി. വേട്ടയ്‌ക്കിടെ സാക്ഷാല്‍ അയ്യപ്പന്‍സ്വാമി കീരംപാറയ്‌ക്കടുത്തുളള നാടുകാണി മലയിലെത്തി വിശ്രമിച്ചെന്നാണ്‌ ഐതിഹ്യം. കുത്തനെയുള്ള പാറകയറി മുകളിലെത്തിയാല്‍ ആകാശം കൈതുമ്പിനടുത്താണന്ന പ്രതീതിയുണ്ടാകും. അയ്യപ്പ സ്വാമിയെത്തിയതിന്റെ സ്‌മരണാര്‍ഥം നാട്ടുകാര്‍ പാറമുകളില്‍ അയ്യപ്പ ക്ഷേത്രം നിര്‍മിച്ച്‌ ആരാധന നടത്തിവരുന്നു.

ഏകദേശം 700 ഏക്കര്‍ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പാറപ്പുറമാണ്‌ അയ്യപ്പന്‍മുടി. കോതമംഗലം പട്ടണവും, പൂയംകുട്ടിയിലെ നിത്യഹരിതവനവും, സഹ്യപര്‍വ്വതനിരകളും ഇവിടെനിന്നു ബൈനോക്കുലറിലൂടെ വീക്ഷിക്കാനാകും. അയ്യപ്പന്‍മുടിയുടെ വിവിധ ഭാഗങ്ങളിലായി മുനിയറകളുണ്ട്‌. വളരെ പണ്ട്‌ ഋഷിമാര്‍ തപസ്സനുഷ്‌ഠിച്ചിരുന്നയിടമാണ്‌ മുനിയറകളെന്നാണ്‌ പറയുന്നത്‌. പാറക്കു മുകളില്‍ കടുവയള്ളും, നായ്‌ക്കള്‍ക്ക്‌ ഉരുള കൊടുത്തിരുന്ന ഉരുളപ്പാറയും വേറിട്ടതായി കാണാം.

അയ്യപ്പൻമുടിയുടെ എല്ലാ സൗന്ദര്യവും ആസ്വദിക്കണമെങ്കിൽ കോതമംഗലം തട്ടേക്കാട്‌ റൂട്ടിൽ ഊഞ്ഞാപ്പാറ എത്തി വലത്തോട്ട് തിരിഞ്ഞു കാഞ്ഞിരക്കുന്നിൽ വന്നു വലതു തിരിഞ്ഞാൽ അയ്യപ്പന്മുടിയിൽ എത്താം. ഇവിടെനിന്നും പാറപ്പുറത്ത് കൂടെ 15 മിനിട്ട് നടക്കണം ക്ഷേത്രത്തിൽ എത്തുവാൻ.

നമ്മൾ മറന്ന അയ്യപ്പൻമുടി പകലന്തിയോളം ദൃശ്യ വിസ്‌മയമൊരുക്കി നമ്മെ കാത്തിരിക്കുന്നു…സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളുമായി കോതമംഗലം നഗരസഭ 1

അയ്യപ്പന്‍മുടിയിലെ സന്ധ്യാ കാഴ്‌ചയാണ്‌ ഇമ്പമേറ്റുന്നത്‌. വൈദ്യുത വെളിച്ചത്തില്‍ മുങ്ങിയ നാട്‌ കണ്‍ നിറയെ ആസ്വദിക്കാം. വേനല്‍ക്കാലത്തെ പകല്‍കാഴ്‌ച തികച്ചും വിഷമകരമാണ്‌. ചുട്ടുപൊള്ളുന്ന പാറയില്‍ നിന്ന്‌ പരിസരങ്ങള്‍ വീക്ഷിക്കുക എന്നത്‌ ശ്രമകരം. മുടിക്കു മുകളിലെ ക്ഷേത്രത്തോടനുബന്ധിച്ചുള്ള അലറിമരത്തിന്റെ തണലാണ്‌ ഏക ആശ്വാസം. വേനലിലും പറ്റാത്ത കുളവും പാറമുകളിലെ കൗതുകമാണ്‌.

കോതമംഗലം നഗരസഭയുടെ കീഴിലാണ്‌ അയ്യപ്പന്‍മുടി. ടൂറിസ വികസന പദ്ധതിയിലൂടെ അയ്യപ്പന്‍മുടിയിലേക്ക്‌ വിനോദസഞ്ചാരകരെ ആകര്‍ഷിപ്പിക്കാന്‍ നിലവില്‍ പദ്ധതികളൊന്നുമില്ല എന്നതാണ് സത്യം . കീരംപാറയില്‍ നിന്നും രണ്ടു കുലോമീറ്ററാണ്‌ അയ്യപ്പന്‍മുടിയിലേക്ക്‌. നാടുകാണിയിലൂടെ മൂന്നുകിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഇലവും പറമ്പുവഴി അയ്യപ്പന്‍മുടിയിലെത്താം.

നമ്മൾ മറന്ന അയ്യപ്പൻമുടി പകലന്തിയോളം ദൃശ്യ വിസ്‌മയമൊരുക്കി നമ്മെ കാത്തിരിക്കുന്നു…സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളുമായി കോതമംഗലം നഗരസഭ 2

വര്‍ഷം തോറും അമ്പലത്തില്‍ ഉല്‍സവം നടത്താറുണ്ട്‌. എല്ലാ മലയാള മാസത്തിലെ ആദ്യ ശനിയാഴ്ച രാവിലെയാണ് പൂജ. മണ്ഡല കാലത്തിലെ എല്ലാ ശനിയും വൈകിട്ട് പൂജയും ദീപാരാധനയും. കുംഭ മാസത്തിലെ ഉത്രം നാളിൽ പ്രതിഷ്ടാദിന ഉത്സവം നടക്കുന്നു. വിഷുവിന്റെ തലേദിവസത്തെ വിഷുവിളക്ക് ഉത്സവവും പ്രാധാന്യമുള്ളതാണ്. അയ്യപ്പക്ഷേത്രത്തിൽ ശ്രീ അയ്യപ്പസ്വാമിയോടൊപ്പം മഹാവിഷ്ണു, ദേവി, നാഗരാജാവ് തുടങ്ങിയ സാന്നിധ്യവും ഉണ്ട്. ക്ഷേത്രത്തിനു പിന്നിലായി ഒരിക്കലും വറ്റാത്ത ഉറവ കുളവും മുന്നില് ഇടതുവശത്ത് കടുവ അളളും പിന്നിൽ താഴെ വലതു ഭാഗത്ത്‌ നായ്ക്കു ഉരുളവച്ച കല്ലും മുന്നില് താഴെ വലതുവശത്ത് ചെറിയ ഗുഹയും കാണാം.

ധ്യാനത്തിനും വായനക്കും നല്ല ഇടമാണ് ഇവിടം. നല്ല ശുദ്ധമായ കാറ്റും ലഭിക്കും. വരുന്നവർ കുടിവെള്ളം കൈയ്യിൽ കരുതണം. രാവിലെ വന്നാൽ കിഴക്ക് മലമുകളിൽ സൂര്യൻ ഉദിക്കുന്നത് കാണാം. വൈകിട്ടാണെങ്കിൽ അതിമനോഹരമായ അസ്തമയവും. നമ്മുടെ നാട്ടിൽ പ്രകൃതി ഒരുക്കിയ ദൃശ്യ വിസ്മയമായ അയ്യപ്പൻമുടി ഏവർക്കും ഒരുപോലെ ആകർഷകമാകും എന്ന കാര്യത്തിൽ തർക്കം ഇല്ലാ . ഒരു പ്രാവശ്യം ഇവിടെ വന്നാൽ ഭൂതത്താൻകെട്ട് , തട്ടേക്കാട് , കുട്ടമ്പുഴ, ഇടമലയാർ പോലെ അയ്യപ്പൻമുടിയും നമ്മുടെ മനസ്സ് കീഴടക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here