കോഴഞ്ചേരിയിൽ യുവാവിനെ കൊന്ന് പൊട്ടകിണറ്റിൽ തള്ളിയത് അമ്മാവനും മകനും ചേർന്ന്.

0

പത്തനംതിട്ട: കോഴഞ്ചേരിയിൽ യുവാവിനെ കൊന്ന് പൊട്ടകിണറ്റിൽ തള്ളിയത് അമ്മാവനും മകനും ചേർന്ന്. പൂട്ടിക്കിടന്ന കുടുംബ വീട്ടിൽ നിന്നും ഫ്രിഡ്ജ് കൊണ്ടുപോകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂര കൊലപാതകത്തിൽ കലാശിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന കുഴിക്കാല സി.എം.എസ്. സ്‌കൂളിന് സമീപം ചുട്ടുമണ്ണിൽ റെനിൽ ഡേവിഡാണ് കൊല്ലപ്പെട്ടത്.

കുടുംബ വീടിന് സമീപത്തെ പൊട്ടക്കിണറ്റിൽ ഞായറാഴ്ച രാവിലെയായിരുന്നു കാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മാനസിക വെല്ലുവിളിയുണ്ടായിരുന്ന യുവാവ് കിണറ്റിൽ ചാടിയെന്നായിരുന്നു പോലീസിന് ലഭിച്ച ആദ്യ വിവരം. അഗ്നിശമന സേനയുടെ സഹായത്തോടെ പുറത്തെടുത്ത മൃതദേഹത്തിൽ കാലിലെ കെട്ടിന് പുറമെ ശരീരത്തിൽ മുറിവുകളുമുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് സമീപത്ത് താമസിച്ചിരുന്ന റെനിലിന്റെ അമ്മയുടെ സഹോദരൻ മാത്യൂസ് തോമസിന്റെയും മകൻ റോബിൻ തോമസിന്റെയും മൊഴിയെടുക്കുന്നതിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

മാനസിക വെല്ലുവിളി നേരിടുന്ന റെനിൽ ഏറെക്കാലമായി ചെങ്ങന്നൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. മാനസികപ്രശ്‌നങ്ങളുള്ളതിനാൽ അയൽക്കാരുമായി പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇടയ്ക്കിടെ ചില മോഷണശ്രമങ്ങളും നടത്തി. ശനിയാഴ്ച രാത്രി റെനിൽ അമ്മാവൻ മാത്യു തോമസിന്റെ വീടിന്റെ പൂട്ട് തകർത്ത് അകത്തുകയറി. രാത്രി അമ്മാവൻ വന്നപ്പോൾ വീട്ടിനുള്ളിൽ റെനിലിനെ കാണുകയും തുടർന്ന് ഇരുവരും തമ്മിൽ തർക്കമാവുകയും ചെയ്തിരുന്നു. ഇതിനിടയിൽ മാത്യു മകൻ റോബിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് ഇവർ റെനിലിനെ കീഴ്‌പ്പെടുത്തി കൈകാലുകൾ കെട്ടിയിട്ട് പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു.

കിണറ്റിൽ തള്ളുന്നതിന് മുൻപ് കൈയിലെ പ്രതികൾ കൈയിലെ കെട്ട് അഴിച്ചെങ്കിലും കാലിലെ കെട്ടുകൾ അഴിച്ചിരുന്നില്ല. കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തപ്പോൾ ഉണ്ടായിരുന്ന ഈ കെട്ടുകളാണ് സംശയത്തിനിടയാക്കിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here