ഫ്രഞ്ച് കന്യാസ്ത്രീ ആന്ദ്രേ ലോകത്തിലെ ഏറ്റവും പ്രായകൂടിയ വ്യക്തി

0

പാരീസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഒരു ഫ്രഞ്ച് കന്യാസ്ത്രീയെ ഗിന്നസ് വേൾഡ് റിക്കാർഡ്സ് പ്രഖ്യാപിച്ചു. 118 വർഷവും 73 ദിവസവും പ്രായമുള്ള സിസ്റ്റർ ആന്ദ്രേയ്ക്കു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പദവി തിങ്കളാഴ്ച നൽകി. ജാപ്പനീസ് വനിതയായ കെയ്ൻ തനാക്കയുടെ മരണ ശേഷമാണ് സിസ്റ്റർ ആ പദവിയിലേക്ക് എത്തിയത്.

117 വയസ് തികഞ്ഞപ്പോൾത്തന്നെ സിസ്റ്റർ ആന്ദ്രേ യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയായിരുന്നു. 1904 ഫെബ്രുവരി 11ന് ലുസൈൽ റാൻഡൻ എന്ന പേരിലാണ് അവർ ജനിച്ചത്. അവർ 1944ലെ രണ്ടാം ലോകമഹായുദ്ധ സമയത്താണ് കന്യാസ്ത്രീയായി മാറിയത്.

ഒന്നാം ലോകമഹായുദ്ധ സമയത്ത്, 1918ലെ സ്പാനിഷ് ഫ്ളൂ കാലത്ത് സിസ്റ്റർ ആന്ദ്രേ ജീവിച്ചിരിപ്പുണ്ടായിരുന്നു, 2021ൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കോവിഡ് -19 അതിജീവിച്ച വ്യക്തിയായി മാറി. തന്നെ കോവിഡ് ബാധിച്ചതായി അവർ അറിഞ്ഞതു പോലുമില്ലെന്നു ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 12 വർഷമായി, സിസ്റ്റർ ആന്ദ്രെ ടൗലോണിലെ ഒരു നഴ്സിംഗ് ഹോമിൽ താമസിക്കുകയാണ്. കോവിഡ് മഹാമാരിയുടെ രൂക്ഷസമയത്ത് അവർ കൂടുതലും സ്വന്തം മുറിയിൽത്തന്നെ ചെലവഴിക്കുകയായിരുന്നു. ദിവസവും കുടിക്കുന്ന ഒരു കപ്പ് വൈനും ചോക്കലേറ്റുമാണ് തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യമെന്നാണ് സിസ്റ്റർ ആന്ദ്രേ പറയുന്നത്.

122 വർഷവും 164 ദിവസവും ജീവിച്ചിരുന്ന ജീൻ ലൂയിസ് കാൽമെന്‍റ് എന്ന ഫ്രഞ്ച് വനിതയുടെ പേരിലാണ് ഇതുവരെയുള്ള ഏറ്റവും കൂടുതൽ കാലം ജീവിച്ച വ്യക്തി എന്ന റിക്കാർഡ്. സിസ്റ്റർ ആന്ദ്രേ അതിന് ഏറെ അകലെയല്ലെന്നാണ് ആശംസകളിൽ പലരും ചൂണ്ടിക്കാണിക്കുന്നത്.

ഫ്രാൻസിസ് മാർപാപ്പയിൽനിന്നും പുതുതായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിൽനിന്നും സിസ്റ്റർക്ക് അഭിനന്ദന കത്തും ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here