ആലപ്പുഴ: തിരുവല്ലയിൽ നെൽകർഷകൻ ആത്മഹത്യ ചെയ്തു. തിരുവല്ല നിരണം സ്വദേശി രാജീവ് ആണ് മരിച്ചത്. രാവിലെ നെൽപ്പാടത്തിന് സമീപമാണ് രാജീവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വേനൽ മഴയിൽ രാജീവിന്റെ എട്ട് ഏക്കറിലെ നെൽകൃഷി നശിച്ചിരുന്നു. കൃഷി ആവശ്യത്തിന് രാജീവ് ബാങ്ക് വായ്പ എടുത്തിരുന്നു. കൃഷി നശിച്ചതോടെ കടബാദ്ധ്യതയിലായി. സാമ്പത്തിക പ്രയാസങ്ങൾ താങ്ങാൻ കഴിയാത്തതിനാലാണ് രാജീവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.
എട്ട് ഏക്കറോളം കൃഷി നശിച്ചിട്ട് സംസ്ഥാന സർക്കാരിൽ നിന്ന് രണ്ടായിരം രൂപയാണ് ലഭിച്ചത്. മതിയായ നഷ്ടപരിഹാരത്തുകയല്ല നൽകിയതെന്നാരോപിച്ച് രാജീവ് അടക്കമുള്ള കർഷകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് രാജീവ് ആത്മഹത്യ ചെയ്തത്.