കഞ്ചാവ് കച്ചവടത്തിലൂടെ സമ്പാദിച്ചു; ലഹരിമരുന്ന് കേസ് പ്രതിയുടെ ഒന്നരയേക്കര്‍ മരവിപ്പിച്ച് എക്‌സൈസ്

0

മഞ്ചേരി: മയക്കുമരുന്ന് കേസില്‍ പ്രതികളാവുന്നവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്ന തരത്തില്‍ നടപടികള്‍ കടുപ്പിച്ച് എക്‌സൈസ് വകുപ്പ്. പരപ്പനങ്ങാടി സ്വദേശിയുടെ ഒന്നരയേക്കര്‍ ഭൂമിയാണ് എക്‌സൈസ് മരവിപ്പിച്ചത്. കഞ്ചാവ് കച്ചവടത്തിലൂടെ സമ്പാദിച്ച സ്വത്താണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കഴിഞ്ഞ ഓഗസ്റ്റില്‍ മഞ്ചേരിയില്‍ 84.5 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസില്‍ പ്രതിയായ ചെട്ടിപ്പടി ഹാജ്യരാകത്തുവീട്ടില്‍ അമീറിന്റെ ഭൂമിക്കെതിരെയാണ് നടപടി.

84.5 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസില്‍ അമീറിനെയും കൂട്ടാളികളികളെയും എക്‌സൈസ് സംഘം അറസ്റ്റുചെയ്തിരുന്നു. പിന്നാലെയാണ് ഇയാളെ കുറിച്ചും ആസ്തികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. ഇതനുസരിച്ച് രണ്ട് ആധാരങ്ങളിലായി പ്രതി വാങ്ങിയ ഭൂസ്വത്തുക്കളാണ് മരവിപ്പിച്ച് ഉത്തരവിറങ്ങിയത്. ചെന്നൈ കോമ്പറ്റിറ്റീവ് അതോറിറ്റിയുടെ അംഗീകാരത്തോടെ എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് നടപടി. മലപ്പുറം ജില്ലയില്‍ ഇത്തരം ഒരു നടപടി ആദ്യമാണെന്നണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എആര്‍ നിഗീഷ്, റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ ജിനീഷ്, മലപ്പുറം ഐബി. ഇന്‍സ്‌പെക്ടര്‍ പികെ. മുഹമ്മദ് ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. പരപ്പനങ്ങായിടിലെ സംഭവത്തിന് സമാനമായി നിലവില്‍ സംസ്ഥാനത്ത് മയക്കുമരുന്നു കേസുകളിലും സ്വത്തുക്കള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here