ഉത്സവപ്പറമ്പിൽ കളിത്തോക്കിനെ ചൊല്ലി തർക്കം; വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, തലയ്‌ക്കും തോളിനും വെട്ടേറ്റ യുവാവ് ആശുപത്രിയിൽ; നാലു പേർ അറസ്റ്റിൽ

0

പത്തനംതിട്ട: നരിയാപുരം തട്ട ഒരിപ്പുറത്ത് ഉത്സവം കണ്ടുമടങ്ങിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. പടുകൊട്ടുക്കൽ സ്വദേശികളായ പ്രജിത്ത്, വിഷ്ണു,നിഥിൻ, പറക്കോട് സ്വദേശി ഇജാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ഉൾപ്പടെയുള്ള രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. പ്രതികളിൽ മിക്കവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും കഞ്ചാവ് വിൽപ്പന ഉൾപ്പടെയുള്ള കേസുകളിൽ പ്രതികളുമാണെന്ന് പോലീസ് വ്യക്തമാക്കി.

വള്ളിക്കോട് തൃക്കോവിൽ തൃപ്പാറ തെക്കേ തുണ്ടുപറമ്പിൽ നിധിൻ കുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ നിധിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവ് ഇതു വരെ അപകടനില തരണം ചെയ്തിട്ടില്ല.

കളിത്തോക്കിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് വഴിയൊരുക്കിയത്. കളിത്തോക്ക് വാങ്ങിയതിനെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ ഉത്സവപ്പറമ്പിൽ വെച്ച് ചെറിയ ഉന്തും തള്ളുമുണ്ടായി. അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങിയ നിധിനേയും സുഹൃത്തുക്കളേയും കാറിലെത്തിയ പ്രതികൾ ഇടിച്ചുവീഴ്‌ത്തിയ ശേഷം വെട്ടുകയായിരുന്നു.

നരിയാപുരം സെന്റ് പോൾ സ്‌കൂളിന് സമീപത്തു വെച്ചാണ് ആക്രമണമുണ്ടായത്. മാരകായുധങ്ങളുമായി വന്ന സംഘം കൊലവിളി മുഴക്കിയതോടെ നിധിന് ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. നിധിന് തലയ്‌ക്കും തോളിനും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here