രാജ്യത്ത് അനുദിനമുളള ഇന്ധന വിലവര്‍ധനയിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

0

തിരുവനന്തപുരം ∙ രാജ്യത്ത് അനുദിനമുളള ഇന്ധന വിലവര്‍ധനയിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധനവില വര്‍ധന സംസ്ഥാനങ്ങളില്‍ വിലക്കയറ്റമുണ്ടാക്കുന്നു. വിലനിയന്ത്രണത്തിന്‍റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. കോവിഡ് കാലത്ത് ഇന്ധനനികുതി വര്‍ധിപ്പിക്കാത്ത സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക് പോസ്റ്റിൽ പറഞ്ഞു. കോൺഗ്രസ് തുടങ്ങി വച്ചതും ബിജെപി കൂടുതൽ ശക്തമാക്കിയതുമായ നവ ഉദാരവൽക്കരണ നയങ്ങളാണ് ഇന്നത്തെ ദുരിതപൂർണമായ അവസ്ഥയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

അതിസമ്പന്നരുടെ മേലുള്ള പ്രത്യക്ഷ നികുതി നിരക്ക് കുറയ്ക്കുകയും, സ്വത്തു നികുതി നിർത്തലാക്കുകയും ചെയ്തിട്ട് വരുമാനത്തിനായി സാധാരണക്കാരന്റെ ചുമലിൽ അധികഭാരം കെട്ടി വയ്ക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്. ജനങ്ങളെ അവഗണിച്ചുകൊണ്ട് സ്വകാര്യ കുത്തകകളുടെ ക്ഷേമത്തിനായി കോൺഗ്രസ് തെളിച്ച വഴിയിലൂടെ വളരെ വേഗത്തിലാണ് ബിജെപി സഞ്ചരിക്കുന്നത്. ഈ നയങ്ങൾ കാരണം സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ മനസ്സിലാക്കി നയം തിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തരമായി തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ ഫെയ്‌സ്ബുക് കുറിപ്പിൽനിന്ന്:

പെട്രോൾ/ഡീസൽ വില അനിയന്ത്രിതമായി കുതിച്ചുയരുന്നതു കാരണം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമായിരിക്കുകയാണ്. കോവിഡ് മഹാമാരി സമ്പദ് വ്യവസ്ഥയിൽ ഏൽപിച്ച ആഘാതം കൂടുതൽ രൂക്ഷമാകാൻ ഇതു കാരണമായിരിക്കുന്നു. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വർധിപ്പിച്ചത് 256 രൂപയാണ്. കഴിഞ്ഞ 5 മാസത്തിനിടയിൽ വാണിജ്യ എൽപിജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്. ഇപ്പോൾ സിലിണ്ടറിന്റെ വില 2250 രൂപ എത്തി നിൽക്കുകയാണ്. മാർച്ച് മാസത്തിൽ മാത്രം പെട്രോളിന് 7.01 രൂപയും, ഡീസലിന് 5.76 രൂപയും വർധിപ്പിച്ചു. ഡീസൽ വില ഇപ്പോൾ 100 രൂപ കടന്നിരിക്കുന്നു.

നിലവിലെ സാഹചര്യത്തിനു കാരണമായത് കോൺഗ്രസ് തുടങ്ങി വച്ചതും ബിജെപി കൂടുതൽ ശക്തമാക്കിയതുമായ നവ ഉദാരവൽക്കരണ നയങ്ങളാണ്. അഡ്‌മിനിസ്റ്റേർഡ് പ്രൈസിങ് മെക്കാനിസം (Administered Pricing Mechanism -APM) എന്ന സംവിധാനം വഴി ഇന്ത്യൻ ആഭ്യന്തര മാർക്കറ്റിലെ പെട്രോൾ/ഡീസൽ വില നിർണയിക്കാൻ കേന്ദ്ര സർക്കാരിനുണ്ടായിരുന്ന അധികാരം എടുത്തു കളയുകയും എണ്ണ, ഖനന, സംസ്കരണ,വിതരണ മേഖലകളെ സ്വകാര്യവൽക്കരിക്കുകയും വില നിർണയാധികാരം കമ്പനികൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

മൻമോഹൻ സിങ് ധനകാര്യ മന്ത്രിയായിരുന്ന നരസിംഹറാവു സർക്കാരിന്റെ കാലത്താണ് ഇത് നടപ്പിലാക്കാൻ തുടങ്ങിയത്. തുടർന്നു വന്ന വാജ്പേയി സർക്കാർ എപിഎം സംവിധാനം പ്രവർത്തിക്കാൻ ആവശ്യമായ ഓയിൽ കോർപറേഷൻ കമ്മിറ്റി (OCC)യുടെ നിയന്ത്രണത്തിലുള്ള ഓയിൽ പൂൾ അക്കൗണ്ട് (OPA) നിർത്തലാക്കിയെങ്കിലും തുടർന്നു വന്ന ഒന്നാം യുപിഎ ഗവൺമെന്റിനു അവർക്കു മുകളിൽ ഇടതു പക്ഷത്തിനുണ്ടായിരുന്ന സ്വാധീനം കാരണം നവ ഉദാരവൽക്കരണ നയങ്ങളിൽ നിന്നും പിന്നാക്കം പോകേണ്ടി വന്നു.

എന്നാൽ അതിനു ശേഷം വന്ന രണ്ടാം യുപിഎ സർക്കാർ പെട്രോൾ വില നിർണയിക്കാൻ സർക്കാരിനുള്ള അവകാശം 2010 ജൂണ്‍ 25ന് എടുത്തു കളയുകയും ഓയിൽ പൂൾ അക്കൗണ്ട് നിർത്തലാക്കുകയും ചെയ്തു. തുടർന്നു വന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 2014 ഒക്ടോബർ 18ന് ഡീസൽ വിലയിന്മേലുള്ള നിയന്ത്രണാധികാരവും കമ്പനികൾക്ക് വിട്ടുകൊടുത്തു. ഇന്നു ദിനംപ്രതി ഇന്ധന വിലവർധനവുണ്ടാകുന്ന സാഹചര്യത്തിനു തുടക്കമിട്ടത് കോൺഗ്രസാണ്. അതിനെ കയറൂരി വിട്ടുകൊണ്ട് ജനജീവിതം ദുസ്സഹമാക്കിയത് ബിജെപിയും.

കഴിഞ്ഞ 7 വർഷം കൊണ്ട് സെസ്സ്, അഡീഷണൽ സ്പെഷ്യൽ ഡ്യൂട്ടി എന്നീ പേരുകളിൽ പുതിയ നികുതികൾ കൊണ്ട് വരികയും അവ അനിയന്ത്രിതമായി വർധിപ്പിക്കുകയും ചെയ്തു. ക്രൂഡോയിൽ വിലയിൽ കുറവ് വന്നാൽ പോലും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരാത്ത രീതിയിൽ ആണ് സെസ്സും അഡീഷണൽ സ്പെഷ്യൽ ഡ്യൂട്ടിയും വർധിപ്പിച്ചിരിക്കുന്നത്.

പെട്രോൾ നികുതിയിലുള്ള വർധന 281 ശതമാനവും ഡീസലിന്റെ നികുതി വർധനവ് 1325 ശതമാനവുമാണ്. വില നിയന്ത്രണം എടുത്തുമാറ്റുമ്പോൾ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു വാദം രാജ്യാന്തര മാർക്കറ്റിൽ വില കുറയുമ്പോൾ അതിനു ആനുപാതികമായ നേട്ടം ഇവിടെ ലഭ്യമാകും എന്നായിരുന്നു. എന്നാൽ രാജ്യാന്തര മാർക്കറ്റിൽ വില കുറയുമ്പോൾ എക്സൈസ് നികുതി വർധിപ്പിക്കുന്ന നയം ബിജെപി സർക്കാർ സ്വീകരിക്കുകയും ആ വാഗ്ദാനം പാലിക്കപ്പെടാതെ പോവുകയും ചെയ്തു.

കോവിഡ് കാലത്ത് പല സംസ്ഥാനങ്ങളിലും ഇന്ധന നികുതി വർധിപ്പിച്ചപ്പോൾ നികുതി വർദ്ധിപ്പിക്കാതിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇന്ധന നികുതിയില്‍ കുറവ് വരുത്തിയെന്നു പറയുന്ന അവകാശവാദം തെറ്റാണ്. 2011 മുതൽ 2015 വരെ 3 തവണ പെട്രോളിന്റെ നികുതി നിരക്കിൽ യുഡിഎഫ് കാലത്ത് കുറവ് വരുത്തിയെന്നു പറയുമ്പോൾ 13 തവണ നികുതി കൂട്ടിയതിനെ പറ്റി അവർ മൗനം പാലിക്കുന്നു.

എന്നാൽ 2016 ൽ ഇടതു സർക്കാർ ഭരണത്തിൽ വന്ന ശേഷം പെട്രോൾ ഡീസൽ നികുതി നിരക്ക് ഇന്നേവരെ കൂട്ടിയിട്ടില്ല. മാത്രമല്ല, നിലവിലെ നിരക്കുകളിൽ നിന്നും കുറയ്ക്കുകയാണ് ഉണ്ടായത്. തൊട്ടു മുൻപുള്ള എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2018-ലാണ് പെട്രോളിന്റെ നികുതി 30.08 ശതമാനമായും ഡീസലിന്റെ നികുതി 22.76 ശതമാനമായും കുറച്ചത്. ഇങ്ങനെ നികുതി കുറച്ചതു കാരണം അന്നത്തെ നിരക്കനുസരിച്ച് 509 കോടി രൂപയാണ് നികുതിയിളവായി ജനങ്ങൾക്ക് ലഭിച്ചത്. പെട്രോളിയം വിലക്കയറ്റം കൂടെ കണക്കാക്കിയാൽ ഇതുവരെ ചുരുങ്ങിയത് 1500 കോടി രൂപയെങ്കിലും ജനങ്ങൾക്ക് നികുതിയിളവായി നൽകി കഴിഞ്ഞു.

ചരക്കു-സേവന നികുതിയുടെ (ജിഎസ്ടി ) പരിധിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധന വില കുറയുമെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടും പാചക വാതകത്തിന്റെ വില അടിക്കടി കൂടുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. പാചകവാതകത്തിന് ഇപ്പോൾ അഞ്ചുശതമാനമാണ് ജിഎസ്ടി. അതായത് 2.5 ശതമാനം കേന്ദ്രത്തിനും 2.5 ശതമാനം സംസ്ഥാനങ്ങൾക്കും തുല്യമായി വീതിക്കുന്നു.

അതിസമ്പന്നരുടെ മേലുള്ള പ്രത്യക്ഷ നികുതി നിരക്ക് കുറയ്ക്കുകയും, സ്വത്തു നികുതി നിർത്തലാക്കുകയും ചെയ്തിട്ട് വരുമാനത്തിനായി സാധാരണക്കാരന്റെ ചുമലിൽ അധികഭാരം കെട്ടി വയ്ക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്. കോർപ്പറേറ്റ് ടാക്സ് ഇനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം മാത്രം കേന്ദ്രം ഇളവു ചെയ്തത് 1.45 ലക്ഷം കോടി രൂപയാണ്. പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയ 8.75 ലക്ഷം കോടി രൂപയുടെ കടങ്ങളിൽ കോർപ്പറേറ്റ് ലോണുകളാണ് പ്രധാനമായും ഉള്ളത്. ഈ എഴുതിതള്ളുന്ന തുക സബ്സിഡി ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നുവെങ്കിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ല. സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ മനസ്സിലാക്കി നയം തിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തരമായി തയാറാകണം.

LEAVE A REPLY

Please enter your comment!
Please enter your name here