കൊലക്കേസ്‌ പ്രതി വാഹനാപകടത്തില്‍ മരിച്ച സംഭവം കൊലപാതകം

0

തിരുവനന്തപുരം: കൊലക്കേസ്‌ പ്രതി വാഹനാപകടത്തില്‍ മരിച്ച സംഭവം കൊലപാതകം. കേസുമായി ബന്ധപ്പെട്ട്‌ മൂന്നു പേര്‍ പോലീസ്‌ കസ്‌റ്റഡിയില്‍. ചാക്ക ബൈപ്പാസില്‍ ബുധനാഴ്‌ച രാത്രിയായിരുന്നു അപകടം.
കാരാളി അനൂപ്‌ വധക്കേസിലെ പ്രതിയും വള്ളക്കടവ്‌ സ്വദേശിയുമായ സുമേഷാണ്‌ മരിച്ചത്‌. സുമേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക്‌ അജ്‌ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആദ്യം വാഹനാപകടമെന്ന നിഗമനത്തിലായിരുന്നു പോലീസ്‌. എന്നാല്‍, സുമേഷ്‌ കൊലക്കേസ്‌ പ്രതിയാണെന്നു വ്യക്‌തമായതോടെ മറ്റു സാധ്യതകളും പരിശോധിച്ചു. തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണമാണ്‌ സത്യം പുറത്തുകൊണ്ടു വന്നത്‌.
ചാക്ക ബൈപ്പാസിലെ ബാറില്‍നിന്നു മടങ്ങുകയായിരുന്നു സുമേഷും സുഹൃത്തും. നേരത്തേ ബാറില്‍ മറ്റൊരു സംഘവും സുമേഷുമായി വാക്കുതര്‍ക്കവും കൈയാങ്കളിയും നടന്നിരുന്നു. തുടര്‍ന്നു കാറില്‍ കാത്തുനിന്ന സംഘം സുമേഷ്‌ സഞ്ചരിച്ചിരുന്ന ബൈക്ക്‌ ഇടിച്ചുതെറിപ്പിച്ചശേഷം കടന്നുകളഞ്ഞു. തൊട്ടുപിന്നാലെ സ്‌ഥലത്തെത്തിയ വഞ്ചിയൂര്‍ പോലീസാണ്‌ റോഡരികില്‍ പരുക്കേറ്റ്‌ കിടക്കുന്ന സുമേഷിനെയും സുഹൃത്തിനെയും ആശുപത്രിയില്‍ എത്തിച്ചത്‌. തുടര്‍ന്ന്‌ സി.സി. ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇടിച്ച വാഹനം കണ്ടെത്തുകയും ഗുണ്ടാസംഘം മനഃപൂര്‍വമുണ്ടാക്കിയ അപകടമാണെന്നു വ്യക്‌തമാവുകയും ചെയ്‌തത്‌.

Leave a Reply