നടി കാവ്യ മാധവൻ നാളെ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല

0

നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവൻ നാളെ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് കാവ്യ മാധവൻ ആവശ്യപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ചോദ്യം ചെയ്യലിന് തയാറെന്ന് കാവ്യ അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ആലുവയില്‍ കാവ്യക്ക് സൗകര്യമുള്ള ഒരിടത്ത് ഹാജരാവനായിരുന്നു നിര്‍ദേശം. പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെയും കാവ്യക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും. ദിലീപിന്റെയും സുരാജിന്റെയും ഫോണുകളില്‍ നിന്നു ലഭിച്ച ശബ്ദരേഖകള്‍ ആസൂത്രിതമാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

കാവ്യക്കെതിരായ ഓഡിയോ ക്ലിപ്പുകള്‍ ക്രൈബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ സംഭാഷണമടക്കം കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിക്ക് കൈമാറി.

അതേസമയം നടിയെ ആക്രമിച്ച കേസിൽ തെളിവ് നശിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിൽ നേരത്തെ ദിലീപിന്റെ അഭിഭാഷകർക്ക് ബാർ കൗൺസിൽ നോട്ടിസ് അയച്ചിരുന്നു. അഡ്വ.ബി രാമൻപിള്ള, അഡ്വ.സുജേഷ് മേനോൻ, അഡ്വ.ഫിലിപ്പ് എന്നിവർക്കാണ് നോട്ടിസ്. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തതെന്ന് ഐ ടി വിദഗ്ധൻ സായ് ശങ്കർ മൊഴി നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിർണായകമാകാൻ പോകുന്ന ഡിജിറ്റൽ തെളിവുകളാണ് സായ് ശങ്കർ നശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here