കെ വി തോമസിനുള്ള നടപടി; എ കെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതി യോഗം ഇന്ന്

0

തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച കെ വി തോമസിനുള്ള നടപടി തീരുമാനിക്കാൻ കോൺഗ്രസ്. എ കെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യും. രാവിലെ 11 30 നാണ് സമിതി യോഗം ചേരുക. പഞ്ചാബിലെ കോൺഗ്രസ് നേതാവ് സുനിൽ ജാക്കറിനെതിരായ അച്ചടക്ക നടപടിയും സമിതി ചർച്ച ചെയ്യും. വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത സാഹചര്യത്തിലാണ് കെ വി തോമസിനെതിരെ അച്ചടക്കനടപടി പരിഗണിക്കുന്നത്. കെ വി തോമസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെങ്കിൽ സസ്പെൻഷനും പുറത്താക്കലും ഉൾപ്പെടെയുള്ള നടപടികൾ ശുപാർശ ചെയ്യാൻ സമിതിക്ക് സാധിക്കും.

അതേസമയം സിപിഎം സമ്മേളന വേദിയിൽ മുൻപും നിരവധി നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും, അച്ചടക്ക സമിതി ചെയർമാൻ പോലും സിപിഎം നേതാക്കളെ പ്രകീർത്തിച്ചിട്ടുള്ളതും കെ വി തോമസ് വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കെവി തോമസ് കോൺഗ്രസ്സിലുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാൽ പുറത്താണോ എന്ന് ചോദിച്ചാൽ അതുമില്ലെന്ന സ്ഥിതിയാണിപ്പോഴുള്ളത്. അതിവേഗം പുറത്താക്കി വീര പരിവേഷത്തോടെ തോമസ് സിപിഎം പാളയത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾ സ്വീകരിക്കുന്നത്. ആശയക്കുഴപ്പം ഇങ്ങിനെ തുടരട്ടെ എന്നാണ് പുറത്താക്കാൻ മുമ്പ് ആവേശം കാണിച്ച നേതാക്കളുടെ വരെ അഭിപ്രായം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ പുറത്താക്കിയാൽ ഹീറോ പ്രതിച്ഛായയിൽ തോമസ് സിപിഎം ചേരിയിലേക്ക് നീങ്ങുമെന്നാണ് കോൺഗ്രസ് വിശ്വാസം. തോമസിനെ സ്വീകരിക്കാൻ സിപിഎം വാതിലുകളെല്ലാം തുറന്നിട്ടിരിക്കുന്നു പോകാൻ തോമസും തയ്യാറായിരിക്കുമ്പോഴാണ് മെല്ലെപ്പോക്ക് നയത്തിലേക്കുള്ള കോൺഗ്രസ് ചുവട് മാറ്റം. പാർട്ടിയുടെ ഒരു പരിപാടികളിലേക്കും ക്ഷണിക്കാതെ അവഗണിച്ചുവിടൽ ലൈൻ കുറച്ചുകൂടിയാകാമെന്നാണ് നേതാക്കളുടെ സമീപനം

LEAVE A REPLY

Please enter your comment!
Please enter your name here