ജനവികാരം എതിരായതോടെ ഐഎൻടിയുസിയെ തള്ളി വി ഡി സതീശൻ; പണിമുടക്കിലെ അക്രമത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ്; സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി നല്ലപിള്ള ചമയാനുറച്ച് കോൺഗ്രസ്

0

തിരുവനന്തപുരം: ജനവികാരം എതിരായതോടെ ഐഎൻടിയുസിയെ തള്ളി വിഡി സതീശൻ. ദേശീയ തലത്തില്‍ ട്രെയ്ഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിന്റെ ഭാഗമായി കോണ്‍ഗ്രസുകാര്‍ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പണി മുടക്ക് കേരളത്തില്‍ ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധത്തിന്റെ പേരില്‍ അക്രമം നടത്തുന്നതിനോട് യോജിക്കാനാവില്ല. കോണ്‍ഗ്രസുകാര്‍ അക്രമം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. ജനങ്ങളുടെ കരണത്തടിക്കാനും മുഖത്തു തുപ്പാനും ആര്‍ക്കും സ്വാതന്ത്ര്യമില്ല. ഇതാണോ നവകേരളമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സതീശന്‍ പറഞ്ഞു.

മാധ്യമ സ്ഥാപനങ്ങള്‍ക്കു മുന്നിലെ സമരത്തോടു യോജിപ്പില്ലെന്ന്, ഏഷ്യാനെറ്റ് ന്യൂസിലേക്കുള്ള ട്രെയ്ഡ് യൂണിയന്‍ മാര്‍ച്ച് പരാമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത് അസഹിഷ്ണുതയാണ്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല. കോണ്‍ഗ്രസിന്റെ നിലപാട് അവരെ അറിയിക്കും.

അതേസമയം സാമൂഹിക ആഘാത പഠനത്തിന്റെ മറവിൽ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ല. സാമൂഹിക ആഘാതപഠനത്തിന് കല്ലിടേണ്ട ആവശ്യമില്ല. കെ റെയിൽ കല്ലിട്ട് കേരളത്തെ പണയപ്പെടുത്തി ജൈക്കയിൽ നിന്നും ലോൺ വാങ്ങിക്കാനും അഴിമതി നടത്താനുമാണ് സർക്കാർ തീരുമാനമെന്നും വി ഡി സതീശൻ പറഞ്ഞു.

സ്ഥലം പണയപ്പെടുത്തിയാൽ മാത്രമേ ജൈക്കിയിൽ നിന്നും ലോൺ കിട്ടൂ, കണ്ടീഷണൽ ലോൺ ആണ് ജൈക്കയുടേത്. ആ ചരടിൽ കെട്ടി തൂക്കുകയാണ് കേരളത്തെ. അതിനാണ് ധൃതി. അബദ്ധ പഞ്ചാങ്കമാണ് ഡിപിആർ. പദ്ധതിയെകുറിച്ച് ആശങ്കയില്ല. ലോൺ ആണ് പ്രശ്‌നം. അതുമായി ബന്ധപ്പെട്ടാണ് കോടികളുടെ അഴിമതി നടത്താൻ പോകുന്നതെന്നും വിഡി സതീശൻ വിമർശിച്ചു. എന്ത് വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞ സർക്കാർ എന്തിനാണ് സാമൂഹിക ആഘാതപഠനം നടത്തുന്നതെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here