സ്വത്തു വിഭജനം സംബന്ധിച്ച തര്‍ക്കത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവ്‌ വെടിയേറ്റു മരിച്ചു

0

കാഞ്ഞിരപ്പള്ളി: സ്വത്തു വിഭജനം സംബന്ധിച്ച തര്‍ക്കത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവ്‌ വെടിയേറ്റു മരിച്ചു. കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ രഞ്‌ജു കുര്യനാ (49)ണു കൊല്ലപ്പെട്ടത്‌. ഇതുമാധി ബന്ധപ്പെട്ട്‌ ജ്യേഷ്‌ഠന്‍ ജോര്‍ജ്‌ കുര്യനെ (പാപ്പന്‍ -52) പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മധ്യസ്‌ഥ ചര്‍ച്ചയ്‌ക്കായെത്തിയ മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം (പൂച്ചക്കല്‍) മാത്യു സ്‌കറിയ (78) വെടിയേറ്റ്‌ ഗുരുതരാവസ്‌ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍.
ഇന്നലെ െവെകിട്ട്‌ നാലരയോടെയാണു സംഭവം. മരിച്ച രഞ്‌ജു കുര്യനും മാത്യു സ്‌കറിയയ്‌ക്കും നെഞ്ചിനും തലയ്‌ക്കുമാണു വെടിയേറ്റത്‌. വെടിവച്ചതിനു ശേഷം ജോര്‍ജ്‌ കുര്യ-ന്‍ പോലീസ്‌ എത്തുന്നതുവരെ മുറിക്കുള്ളിലെ കസേരയില്‍ ഇരിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി കുരിശുകവലയ്‌ക്കു സമീപമുള്ള വീടിനോടു ചേര്‍ന്നുള്ള രണ്ടരയേക്കര്‍ ജോര്‍ജ്‌ കുര്യന്‍ പ്ലോട്ടാക്കി വില്‍ക്കുന്നത്‌ സംബന്ധിച്ചുണ്ടായ തര്‍ക്കമാണു കൊലപാതകത്തിലെത്തിയത്‌.
ഊട്ടിയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന രഞ്‌ജു കുര്യന്‍ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിനായാണു നാട്ടിലെത്തിയത്‌. ജോര്‍ജ്‌ കുര്യന്‍ ഞായറാഴ്‌ച കുടുംബവീട്ടിലെത്തി പിതാവുമായി സംസാരിച്ചിരുന്നു. ഇതിനിടെ പിതാവിനെ ഉപദ്രവിച്ചതായി പറയുന്നു.
ഏതാനും ദിവസമായി ജോര്‍ജ്‌ കുര്യന്‍ കാഞ്ഞിരപ്പള്ളി ക്ലബില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു. ഇന്നലെ മാത്യു സ്‌കറിയയുടെ മധ്യസ്‌ഥതയില്‍ വീണ്ടും ചര്‍ച്ചക്കെത്തിയപ്പോഴാണു റിവോള്‍വര്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ത്തത്‌. രഞ്‌ജു കുര്യന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: റോഷന്‍.

LEAVE A REPLY

Please enter your comment!
Please enter your name here