ഡിജിപി അനിൽകാന്തിന്റെ പേരിൽ വ്യാജ വാട്സാപ് നമ്പർ ഉണ്ടാക്കി അത് ഉപയോഗിച്ച് പണം തട്ടിയ സംഘത്തെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചു

0

ഡിജിപി അനിൽകാന്തിന്റെ പേരിൽ വ്യാജ വാട്സാപ് നമ്പർ ഉണ്ടാക്കി അത് ഉപയോഗിച്ച് അധ്യാപികയിൽ നിന്നു 14 ലക്ഷം രൂപ തട്ടിയ സംഘത്തെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചു. ഡൽഹിയിലെത്തിയ സൈബർ പൊലീസ് അന്വേഷണ സംഘം ലക്ഷ്മി നഗറിലെ 3 പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. തട്ടിപ്പു സംഘം സന്ദേശമയച്ച ഫോൺ നമ്പറുകളുടെ ലൊക്കേഷൻ ഇവിടെയാണെന്നു കണ്ടെത്തിയിരുന്നു. ഡൽഹിയിലെ സൈബർ പൊലീസിന്റെ സഹായവും കേരള സംഘം തേടിയിട്ടുണ്ട്.

കൊല്ലം കുണ്ടറയിൽ അനിത എന്ന അധ്യാപികയിൽ നിന്നാണ് 14 ലക്ഷം രൂപ തട്ടിയെടുത്തത്. ഓൺലൈൻ ലോട്ടറി അടിച്ചെന്നും അതിനു നികുതി അടച്ചില്ലെങ്കിൽ കേസെടുക്കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഡിജിപി അനിൽകാന്തിന്റെ ഫോട്ടോയും സംസ്ഥാന പൊലീസ് മേധാവി എന്ന പേരും ഉപയോഗിച്ചുള്ള രണ്ട് വാട്സാപ് സന്ദേശങ്ങളും ഇവർക്ക് അയച്ചു. ഇതിൽ വിശ്വസിച്ചാണ് അധ്യാപിക പണം ഓൺലൈൻ ആയി കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here