പേഴ്സണൽ സ‌്റ്റാഫുകളുടെ പെൻഷ‌ൻ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം; ഹർജി ഇന്ന് ഹൈക്കോട‌തിയിൽ

0

കൊച്ചി: മന്ത്രിമാരുടെപേഴ്സണൽ സ്റ്റാഫ് അംഗങ്ങള്‍ക്കുള്ള പെൻഷൻ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വർഷം എൺപത് കോടി രൂപയിലേറെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ ചെലവാക്കുന്നുണ്ട് എന്നാണ് കണക്ക്. ഇത് സംസ്ഥാനത്തിന് അധിക ബാധ്യത വരുത്തുന്നു എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കുടുംബ പെൻഷനടക്കം നല്‍കുന്നത് നിയമവിരുദ്ധമെന്നും ഹർജിയിൽ പറയുന്നു. പാലക്കാട് സ്വദേശി ദിനേശ് മേനോൻ ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ രം​ഗത്തെത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം ഒപ്പിടാതെ സർക്കാരിനെ മുൾമുനയിൽ നിർത്തിയായിരുന്നു ഇക്കാര്യത്തിലുള്ള അതൃപ്തി ​ഗവർണർ പരസ്യമാക്കിയത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ സർവ്വീസിൽ രണ്ട് വർഷം പൂർത്തിയാക്കിയാൽ പെൻഷൻ അർഹരാവും എന്ന ചട്ടം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതിരിക്കുന്നത്. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ സി എ ജിയേയും ബന്ധപ്പെട്ടിട്ടുണ്. സിഎജിയെ നേരിൽ വിളിച്ചാണ് ഗവർണർ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകും എന്ന ചോദ്യമാണ് ഗവർണർ ഉന്നയിക്കുന്നത്.

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷനിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്നത് വൻ തുകയാണ്. നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാര്‍ശ ചെയ്തെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. പൂര്‍ണ്ണമായും രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ മുഴുവൻ പെൻഷനും കിട്ടും.

ഗവര്‍ണര്‍ ശക്തമായി ഉന്നയിച്ച മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷൻ പ്രശ്നം മുൻപും കേരളത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. മന്ത്രിമാര്‍ക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫിനും സമാനമായി പെൻഷൻ കിട്ടും എന്നതിനാല്‍ യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യത്തില്‍ പരസ്പരം പഴി ചാരാതെ മൗനം പാലിക്കുകയാണ്. ഇവര്‍ക്ക് യോഗ്യത പോലും പ്രശ്നമല്ല. സംസ്ഥാനത്ത് പേഴ്സണല്‍ സ്റ്റാഫ് പെൻഷൻ വാങ്ങുന്ന 1223 പേര്‍ ഉണ്ടെന്നാണ് കണക്ക്. രണ്ട് വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ളവര്‍ക്ക് മിനിമം പെൻഷൻ 3550 രൂപായാണ്. സര്‍വീസും തസ്തികയും അനുസരിച്ച് പെൻഷൻ കൂടും 30 വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ള പേഴ്സണല്‍ സ്റ്റാഫുകള്‍ പോലുമുണ്ട്. 2013 എപ്രിലിന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെൻഷനാണ്.

എന്നാല്‍ പേഴ്സണല്‍ സ്റ്റാഫിന് പങ്കാളിത്ത പെൻഷൻ പോലുമല്ല നല്‍കുന്നത്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റി അവര്‍ക്ക് പെൻഷൻ ഉറപ്പാക്കിയ ശേഷം വേറെ ആളുകളെ നിയമിച്ച് അവര്‍ക്കും പെൻഷൻ ഉറപ്പാക്കുന്ന രീതിയും സംസ്ഥാനത്തുണ്ട്. പാർട്ടി അണികളെ ഒപ്പം നിർത്തുന്നതിനുള്ള കുറുക്കുവഴി കൂടിയാണിത്., ഇതേക്കുറിച്ചും പതിനൊന്നാം ശമ്പള കമ്മീഷൻ ചൂണ്ടിക്കാണിച്ചു. നാല് വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ള പേഴ്സണല്‍ സ്റ്റാഫിനേ പെൻഷൻ കൊടുക്കാവൂവെന്ന് ശമ്പള കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിക്കാതെ ഒഴിഞ്ഞു. ഇപ്പോള്‍ ഈ വിഷയത്തില്‍ ഗവര്‍ണ്ണര്‍ ശക്തമായ നിലപാട് എടുത്ത സാഹചര്യത്തില്‍ ഇനി സ്വന്തക്കാരെ നിയമിച്ച് അവര്‍ക്ക് പെൻഷൻ നല്‍കുന്ന രീതിയില്‍ സര്‍ക്കാര്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നാണ് അറിയേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here