വീടിന്റെ ഉൾഭാഗം പൂർണ്ണമായും കത്തി നശിച്ചു; തീ പടർന്നത് വാഹനത്തിൽ നിന്നെന്ന് സൂചന; ഒരാൾ മാത്രം രക്ഷപെട്ടതിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ്

0

തിരുവനന്തപുരം: വർക്കല ദളവാപുരത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിന്റെ കാരണമറിയാൻ വിശദമായ അന്വേഷണം വേണമെന്ന് റൂറൽ എസ്പി ദിവ്യ ഗോപിനാഥ്. വീടിന്റെ ഉൾഭാഗം പൂർണ്ണമായും കത്തി നശിച്ചു. മുറികൾക്കുള്ളിലെ എസികളും കത്തി നശിച്ചിട്ടുണ്ട്. അയൽവാസിയാണ് തീപിടുത്തം അധികൃതരെ അറിയിച്ചതെന്നും എസ്പി പറഞ്ഞു. ചെറുവന്നിയൂർ രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്.

തീ പടർന്നത് പുറത്ത് വെച്ച വാഹനത്തിലെ പെട്രോളിൽ നിന്നുമാണോ അതോ ഷോർട്ട് സർക്യൂട്ട് ആണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും എസ്പി പറഞ്ഞു. വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്കുകളിലും തീപിടിച്ചിട്ടുണ്ട്. ബൈക്കിൽ നിന്നും തീ പടർന്നതാണോ എന്ന് അന്വേഷിക്കണമെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പറഞ്ഞു. വീടിന് മുകളിലെ നിലയിൽ കിടന്ന് ഉറങ്ങിയവർ മരിച്ചത് പുക ശ്വസിച്ചാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഒരാൾ ഒഴികെ കുടുംബത്തിലെ എല്ലാവരും മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഗുരുതരമായി പരിക്കേറ്റ മകൻ നിഹുൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ 1.45നാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. ഗൃഹനാഥൻ പ്രതാപൻ, ഭാര്യ ഷേർലി, മകൻ അഖിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ എട്ട് മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here