കോടതി പറഞ്ഞിട്ടും കേട്ടില്ല , രണ്ടാം ദിനവും ഹാജര്‍ രഹിതം

0

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധനയങ്ങള്‍ക്കെതിരേ സംയുക്‌ത ട്രേഡ്‌ യൂണിയന്‍ ആഹ്വാനം ചെയ്‌ത 48 മണിക്കൂര്‍ പൊതുപണിമുടക്ക്‌ അവസാനിച്ചു. രണ്ടുദിവസത്തെ ദേശീയപണിമുടക്ക്‌ കേരളത്തില്‍ സമ്പൂര്‍ണഹര്‍ത്താലായി മാറിയപ്പോള്‍ ഇതരസംസ്‌ഥാനങ്ങളില്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. സംസ്‌ഥാനത്തെ പലയിടങ്ങളിലും സമരാനുകൂലികള്‍ അക്രമം അഴിച്ചുവിടുകയും ബലപ്രയോഗത്തിലൂടെ സ്‌ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്‌തു.
ഹൈക്കോടതി ഉത്തരവുപ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക്‌ വിലക്കി, ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇന്നലെയും സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ ഹാജര്‍ കുറവായിരുന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ 4824 ജീവനക്കാരില്‍ 212 പേര്‍ മാത്രമാണു ഹാജരായത്‌. പണിമുടക്കിന്റെ ആദ്യദിനം 32 ഉദ്യോഗസ്‌ഥരേ സെക്രട്ടേറിയറ്റില്‍ ഹാജരായിരുന്നുള്ളൂ. പൊതുഗതാഗതം സുഗമമാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാനും സര്‍ക്കാരിനായില്ല.
ജില്ലാ കലക്‌ടറേറ്റുകള്‍, കോര്‍പറേഷനുകള്‍, ജില്ലാപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലും വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണെത്തിയത്‌. ഹാജരായവരില്‍ ഏറെയും താത്‌കാലികജീവനക്കാരോ പുതുതായി ജോലിയില്‍ പ്രവേശിച്ചവരോ ആയിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം, സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്‌ തടയാനും ജോലിക്കെത്താന്‍ സൗകര്യമൊരുക്കാനും ജില്ലാഭരണകൂടങ്ങളോടു സര്‍ക്കാര്‍ നിര്‍േദശിച്ചിരുന്നു. എന്നാല്‍, പണിമുടക്കില്‍ പൊതുഗതാഗതം താളംതെറ്റിയതോടെ കോടതി ഉത്തരവ്‌ പാലിക്കപ്പെട്ടില്ല.
ബി.എം.എസ്‌. ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു പണിമുടക്കില്‍ പങ്കെടുത്തത്‌. വിവാദ തൊഴില്‍നിയമങ്ങള്‍ റദ്ദാക്കുക, അവശ്യപ്രതിരോധ സേവനനിയമം പിന്‍വലിക്കുക, സ്വകാര്യവത്‌കരണവും ആസ്‌തി വിറ്റഴിക്കലും അവസാനിപ്പിക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യമേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ്‌ പദ്ധതിവിഹിതം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ദേശീയപണിമുടക്ക്‌.

LEAVE A REPLY

Please enter your comment!
Please enter your name here