48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാംനാളില്‍ സംസ്‌ഥാനത്ത്‌ അരങ്ങേറിയത്‌ അഴിഞ്ഞാട്ടം

0

തുറന്ന കടകള്‍ അടപ്പിച്ചും ജോലിക്കെത്തിയ സര്‍ക്കാര്‍ ജീവനക്കാരെ മര്‍ദിച്ചും വാഹനങ്ങള്‍ നിരത്തിലിറക്കിയവരെ കൈയേറ്റം ചെയ്‌തും 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാംനാളില്‍ സംസ്‌ഥാനത്ത്‌ അരങ്ങേറിയത്‌ അഴിഞ്ഞാട്ടം. തുറക്കുന്ന വ്യാപാരസ്‌ഥാപനങ്ങള്‍ അടപ്പിക്കില്ലെന്ന നേതാക്കളുടെ വാക്കിനു പുല്ലുവില.
തലസ്‌ഥാന ജില്ലയില്‍ ഒട്ടുമിക്ക സ്‌ഥാപനങ്ങളും തുറന്നില്ല. ലുലുമാള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ ജീവനക്കാരെ തടഞ്ഞു. രണ്ട്‌ മണിക്കൂറോളം ജീവനക്കാര്‍ പുറത്തിരുന്നു. പിന്നീടു പോലീസെത്തി സമരക്കാരെ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി. മാള്‍ തുറന്നിട്ടില്ലെന്നും ശുചീകരണത്തിനായാണ്‌ ജീവനക്കാരെ വിളിപ്പിച്ചതെന്നും മാള്‍ അധികൃതര്‍ വിശദീകരിച്ചു. തുറന്ന പെട്രോള്‍ പമ്പുകളും സമരാനുകൂലികള്‍ അടപ്പിച്ചു. വ്യാപാരി വ്യവസായി സംഘടനകളുടെ പിന്തുണയോടെ ഒരുവിഭാഗം വ്യവസായികള്‍ കടകള്‍ തുറന്നു. കടകള്‍ അടപ്പിക്കാന്‍ സമരാനുകൂലികള്‍ എത്തിയതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി.
തിരുവനന്തപുരം പാപ്പനംകോട്‌ കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവറെയും കണ്ടക്‌ടറെയും സമരാനുകൂലികള്‍ മര്‍ദിച്ചു. പരുക്കേറ്റ കണ്ടക്‌ടര്‍ ശരവണഭവ, ഡ്രൈവര്‍ സജി എന്നിവര്‍ ആശുപത്രിയില്‍. തിരുവനന്തപുരത്തുനിന്നും കളിയക്കാവിളയ്‌ക്ക്‌ പോയ ബസിലെ ജീവനക്കാരെയാണ്‌ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സമരാനുകൂലികള്‍ ബസ്‌ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്‌. യാത്രക്കാരെ ഇറക്കിവിട്ടു. ജീവനക്കാരുടെ മുഖത്ത്‌ തുപ്പിയെന്നും ആരോപണമുണ്ട്‌. ഈ സമയമത്രയും ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നു. സംഭവം വന്‍വിവാദമായതോടെ 50 പേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു.
ആലത്തൂര്‍ പാടൂര്‍ കെ.എസ്‌.ഇ.ബി. ഓഫീസില്‍ ജോലിക്കെത്തിയ അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ അടക്കം എട്ട്‌ ജീവനക്കാരെ സമരാനുകൂലികള്‍ മര്‍ദിച്ചു. ഓഫീസ്‌ ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. സംഭവത്തില്‍ സി.പി.എം. പാടൂര്‍ ലോക്കല്‍ സെക്രട്ടറി പി.സി. പ്രമോദിനെതിരേയും കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയും കേസെടുത്തു. പരുക്കേറ്റവര്‍ ആലത്തൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടി.
കൊല്ലം കടയ്‌ക്കല്‍ ചിതറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലിക്കെത്തിയ അധ്യാപകരെ സമരാനുകൂലികളായ സി.പി.എം. പ്രവര്‍ത്തകര്‍ ക്ലാസ്‌ മുറിയില്‍ പൂട്ടിയിട്ടു. പി.ടി.എ. പ്രസിഡന്റും സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗവും ചിതറ സര്‍വീസ്‌ സഹകരണ ബാങ്ക്‌ ജീവനക്കാരനും മുന്‍ ചിതറ പഞ്ചായത്ത്‌ അംഗവുമായ എസ്‌.ഷിബുലാലിന്റെ നേതൃത്വത്തിലാണ്‌ ജോലിക്ക്‌ ഹാജരായ 15 അധ്യാപകരെ പൂട്ടിയിട്ടത്‌ എന്നാണു പരാതി.
കൊല്ലം വള്ളിക്കീഴില്‍ അധ്യാപകര്‍ക്ക്‌ നേരെ അസഭ്യവര്‍ഷമുണ്ടായി. ചാത്തന്നൂരില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം നടത്തുന്ന സ്‌ഥാപനത്തിന്റെ ഓഫീസ്‌ തുറന്നത്‌ സി.പി.ഐ. പ്രവര്‍ത്തകര്‍ അടപ്പിക്കാനെത്തിയത്‌ സംഘര്‍ഷാവസ്‌ഥയ്‌ക്ക്‌ കാരണമായി. കോഴിക്കോട്‌ രാമനാട്ടുകരയില്‍ കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ വ്യാപാരികളും സി.പി.എം അനുകൂല സംഘടനകളും തമ്മില്‍ കൈയാങ്കളിയുണ്ടായി. സംഘര്‍ഷാവസ്‌ഥയിലേക്ക്‌ കാര്യങ്ങളെത്തിയതോടെ ഫറോക്ക്‌ പോലീസ്‌ സ്‌ഥലത്തെത്തിയാണു നിയന്ത്രിച്ചത്‌.
മൂന്നാറില്‍ റോഡ്‌ ഉപരോധിച്ചതിനെത്തുടര്‍ന്നു പോലീസും സമരാനുകൂലികളും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ എ. രാജ എം.എല്‍.എയ്‌ക്കു പരുക്കേറ്റു. മൂന്നാര്‍ ടൗണിലെ സമരപന്തലിനു മുന്നില്‍ ഇന്നലെ രാവിലെ 11.30 നായിരുന്നു സംഭവം. വാഹനങ്ങള്‍ തടയുകയായിരുന്ന സമരാനുകൂലികളെ പോലീസ്‌ ബലം പ്രയോഗിച്ച്‌ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഉന്തും തള്ളുമുണ്ടായി. അതിനിടയില്‍പെട്ടാണു രാജയ്‌ക്ക്‌ പരുക്കേറ്റത്‌. മുതിര്‍ന്ന നേതാക്കള്‍ മൂന്നാര്‍ ഡിവൈ.എസ്‌.പി: കെ.ആര്‍. മനോജുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ രംഗം ശാന്തമായത്‌.

LEAVE A REPLY

Please enter your comment!
Please enter your name here