ഭാര്യാസഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു

0

തൊടുപുഴ: വെങ്ങല്ലൂരില്‍ ഭാര്യാസഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. വെട്ടേറ്റു മരിച്ച വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമ(54)യുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു. പ്രതി മടക്കത്താനം കൊമ്പനാപറമ്പില്‍ ഷംസുദ്ദീനെ (60) കൊലപാതകം നടന്ന സ്‌ഥലത്തുള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച്‌ തെളിവെടുപ്പു നടത്തി. മുന്‍വൈരാഗ്യത്തെത്തുടര്‍ന്നാണ്‌ കൊലയെന്നും കൊലപാതകത്തിന്‌ പ്രതി ആസൂത്രണം നടത്തിയിരുന്നെന്നും പോലീസ്‌ പറഞ്ഞു.
വ്യാഴാഴ്‌ച രാത്രി ഏഴരയോടെയാണ്‌ വെങ്ങല്ലൂര്‍ ഗുരു ഐ.ടി.സിക്ക്‌ സമീപത്തെ റോഡില്‍ വച്ച്‌ ഹലീമ വെട്ടേറ്റു മരിച്ചത്‌. ഭാര്യ ഹഫ്‌സയുമായി അകന്നു കഴിയുന്ന ഷംസുദ്ദീന്‍ അടുത്തനാളില്‍ ഇവരെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ഇതിനു തടസം നില്‍ക്കുന്നെന്ന വൈരാഗ്യത്താല്‍ ഹലീമയെയും മക്കളെയും ഭീഷണിപ്പെടുത്തിയ ഷംസുദ്ദീന്‍, പിന്നീട്‌ ഇവരെ അപായപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
വെങ്ങല്ലൂരിനു സമീപം വാടകയ്‌ക്കാണ്‌ ഹലീമ താമസിച്ചിരുന്നത്‌. ഇതിന്‌ സമീപം പുതിയ വീട്‌ നിര്‍മിക്കുന്നതിനാല്‍ രാത്രി സഹോദരി ഷൈലയുടെ വീട്ടിലാണ്‌ ഹലീമ കിടന്നിരുന്നത്‌. രാത്രിയില്‍ ഹലീമ ഇവിടേക്ക്‌ പോകുന്നതറിയാവുന്ന പ്രതി ഒരാഴ്‌ചയായി ഇവര്‍ പോകുന്ന വഴിയിലെ കടയ്‌ക്കു സമീപം കാത്തുനിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സഹോദരിയും ഒപ്പമുണ്ടായിരുന്നതിനാല്‍ ആക്രമണം നടന്നില്ല. വ്യാഴാഴ്‌ച രാത്രി ഒറ്റയ്‌ക്കായിരുന്ന ഹലീമയെ പൈനാപ്പിള്‍ തോട്ടത്തില്‍ ഉപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ച്‌ ഷംസുദ്ദീന്‍ വെട്ടി. വെട്ടേറ്റ ഹലീമ 30 മീറ്റര്‍ അകലെയുള്ള സമീപത്തെ വീടിന്റെ സിറ്റൗട്ട്‌ വരെ ഓടിയെത്തി തളര്‍ന്നുവീണു.
ദേഹമാസകലം ഗുരുതര പരുക്കേറ്റ ഹലീമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതി ഏതാനും ദൂരമകലെ വാഹനം ഉപേക്ഷിച്ച ശേഷം ഓട്ടോയില്‍ വാഴക്കുളം പോലീസ്‌ സ്‌റ്റേഷനിലെത്തി കീഴടങ്ങി. തുടര്‍ന്ന്‌ തൊടുപുഴയില്‍നിന്ന്‌ പോലീസെത്തിയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തെളിവെടുപ്പിനിടെ വെട്ടാനുപയോഗിച്ച വാക്കത്തി പ്രതി ഉപേക്ഷിച്ച ബൈക്കില്‍നിന്നു കണ്ടെടുത്തു. ഡിവൈ.എസ്‌.പി: എ.ജി. ലാല്‍, സി.ഐ. വി.സി. വിഷ്‌ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അനേ്വഷണം.

LEAVE A REPLY

Please enter your comment!
Please enter your name here