വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരി അപകടത്തില്‍ മരിച്ചു

0

അടിമാലി/കാലടി: മാങ്കുളം പെരുമ്പന്‍കുത്ത്‌ വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരി അപകടത്തില്‍ മരിച്ചു. കാലടി കാഞ്ഞൂര്‍ പാറപ്പുറം സ്വദേശി വെളുത്തേപ്പുള്ളി ജോഷി(49)യാണ്‌ അപകടത്തില്‍പ്പെട്ടത്‌. വെള്ളച്ചാട്ടത്തിനു മുകളില്‍നിന്നു കാല്‍വഴുതി കൊക്കയിലേക്കു വീണാണ്‌ അപകടം.
ജോഷി ഉള്‍പ്പെടെ ഒന്‍പതംഗ സംഘമായിരുന്നു മാങ്കുളത്തെത്തിയത്‌. ഒഴുകിയെത്തുന്ന വെള്ളം താഴേക്ക്‌ പതിക്കുന്ന ഭാഗത്തുനിന്നു വെള്ളച്ചാട്ടം കണ്ട്‌ ആസ്വദിക്കാമെന്നതാണു പെരുമ്പന്‍കുത്ത്‌ വെള്ളച്ചാട്ടത്തിന്റെ ആകര്‍ഷണീയത. വെള്ളച്ചാട്ടത്തിന്റെ ഫോട്ടോ എടുക്കാന്‍ ജോഷി ശ്രമിക്കവേ കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന്‌ സഹയാത്രികനായ പാറപ്പുറം സ്വദേശി പി.കെ രാജു പറഞ്ഞു. ജോഷിയുടെ ഒരു കാലിന്‌ സ്വാധീനക്കുറവുണ്ട്‌. കൂട്ടുകാരന്‍ വെള്ളത്തില്‍ വീഴുന്നത്‌ കണ്ട്‌ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ രക്ഷപ്പെടുത്താന്‍ ശ്രമിച്ചങ്കിലും കഴിഞ്ഞില്ല. വെള്ളച്ചാട്ടത്തിലെ കുത്തൊഴുക്കും ആഴവും ജോഷിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനു തടസമായി.
വെള്ളച്ചാട്ടത്തിന്റെ താഴ്‌ഭാഗത്തേക്ക്‌ പാറക്കെട്ടുകള്‍ നിറഞ്ഞ വലിയ കൊക്കയാണ്‌. ഈ ഭാഗത്തേക്കാണ്‌ വെള്ളച്ചാട്ടത്തിനു മുകളില്‍നിന്നും ജോഷി വീണത്‌. വീഴ്‌ചയുടെ ആഘാതത്തില്‍ തലയ്‌ക്കുള്‍പ്പെടെ വലിയ മുറിവ്‌ സംഭവിച്ചതായാണു വിവരം.
ഉടനെ സമീപവാസികള്‍ ചേര്‍ന്ന്‌ വെള്ളച്ചാട്ടത്തിന്‌ അരികിലൂടെ കൊക്കയിലേക്ക്‌ ഇറങ്ങുകയും ഏറെ ശ്രമകരമായി ജോഷിയെ മുകളില്‍ എത്തിക്കുകയുമായിരുന്നു. മൃതദേഹം അടിമാലി താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം കാഞ്ഞൂര്‍ പാറപ്പുറം സെന്റ്‌ ജോസഫ്‌ പള്ളിയില്‍ സംസ്‌കരിക്കും. ഭാര്യ: ബീന (ഐസ്‌ക്രീം ഫാക്‌ടറി ജീവനക്കാരിയാണ്‌). മക്കള്‍: അഭിനവ്‌, നവീന്‍ (വൈദിക വിദ്യാര്‍ഥി, വയനാട്‌).
ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ പി.ജി. വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചിരുന്നു. ഇതിന്റെ ഞെട്ടലില്‍നിന്നും മാങ്കുളത്തിന്റെ വിനോദ സഞ്ചാരമേഖല മുക്‌തമാകും മുമ്പെയാണു വീണ്ടും അപകടമുണ്ടായത്‌. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ മാങ്കുളത്ത്‌ പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റ്‌ ഉണ്ടെങ്കിലും പോലീസ്‌ വാഹനവും പഞ്ചായത്തിലെ ആംബുലന്‍സും മിക്കസമയങ്ങളിലും കട്ടപ്പുറത്താണെന്നാണ്‌ ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here