ലോ കോളേജിൽ കെഎസ്‌യു നേതാവ് സഫ്നയ്ക്ക് ക്രൂര മർദനമേറ്റ സംഭവം; പ്രതിയായ വിദ്യാർത്ഥി പിടിയിൽ; അറസ്റ്റിലായത് പരീക്ഷ എഴുതാനെത്തിയപ്പോൾ

0

തിരുവനന്തപുരം: ഗവ. ലോ കോളേജില്‍ എസ്.എഫ്.ഐ.- കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് സഫ്നയെ ഉൾപ്പെടെ ക്രൂരമായി മർദിച്ച കേസിലെ പ്രതിയും ലോ കോളജിലെ വിദ്യാർത്ഥിയുമായ ശൂരനാട് പടിഞ്ഞാറ്റുമുറി കാലക്കാട്ടുമൂലയിൽ ഗോകുൽ രവിയെ (23) പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി എസ്എഫ്ഐ പ്രവർത്തകനെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിനു ശേഷം മുങ്ങി നടക്കുകയായിരുന്ന ഗോകുൽ ഇന്നലെ ആറാം സെമസ്റ്റർ പരീക്ഷ എഴുതാനെത്തിയപ്പോൾ പരീക്ഷാ ഹാളിലുണ്ടായിരുന്ന വിദ്യാർഥികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതി ഒളിവിലാണെന്നായിരുന്നു അറസ്റ്റ് വൈകുന്നതിനു കാരണമായി പൊലീസ് പറ‍ഞ്ഞിരുന്നത്. എന്നാൽ, പ്രതി കോളജിലെത്തിയെന്നു വിദ്യാർഥികൾ അറിയിച്ചതോടെ അറസ്റ്റ് അനിവാര്യമായി. പരീക്ഷ കഴിഞ്ഞ പുറത്തേയ്ക്കിറങ്ങിയ ഗോകുൽ ബൈക്കിൽ കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. ഒപ്പമുണ്ടായുന്ന ഏതാനും പേർ ഗോകുലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മെഡിക്കൽ കോളജ് പൊലീസ് വിട്ടില്ല.

കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ക്കിടെയാണ് സംഘര്‍ഷം തുടങ്ങിയത്. വൈകീട്ട് മഴ പെയ്തതിനാല്‍ ക്ലാസ് റൂമില്‍ വെച്ചാണ് കലാപരിപാടികള്‍ നടന്നത്. കെ.എസ്.യു. ഭാരവാഹി ആഷിഖിനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് സഫ്നയ്ക്ക് അടിയേല്‍ക്കുന്നത്. സഫ്നയെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

മദ്യപിച്ചെത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ് പ്രശ്നമുണ്ടാക്കിയതെന്ന് കെ.എസ്.യു. പ്രവര്‍ത്തകരും കെ.എസ്.യു. പ്രവര്‍ത്തകന്‍ വിദ്യാര്‍ഥിനിയോട് മോശമായി സംസാരിച്ചത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തില്‍ കെ.എസ്.യു.ക്കാര്‍ ആക്രമിക്കുകയായിരുന്നെന്ന് എസ്.എഫ്.ഐ.യും ആരോപിച്ചു. പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളുണ്ടെന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ ആരോപിച്ചു.പരിക്കേറ്റവരുമായി ആശുപത്രിയിലെത്തിയപ്പോള്‍ അവിടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

അടുത്തിടെ നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിയന്‍ എസ്.എഫ്.ഐ.യ്ക്ക് ലഭിച്ചെങ്കിലും വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം കെ.എസ്.യു. നേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു.

സംഭവത്തിനു പിന്നാലെ രാത്രി പൊട്ടക്കുഴിക്കു സമീപമുള്ള ആദർശ നഗറിലെ വീട്ടിലെത്തി അവിടെ താമസിക്കുന്ന കെഎസ്‌യു പ്രവർത്തകരായ ദേവനാരായണൻ, അജോയ്, നിയോ ജോസ് ഫെർണാണ്ടസ് എന്നിവരെ ഇരുപത്തഞ്ചോളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു. 3 പേർക്കും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവം ഹൈബി ഈഡൻ എംപി ലോക്സഭയിൽ ഉന്നയിച്ചതോടെ അക്രമം ദേശീയ ശ്രദ്ധ നേടി.

കേസിലെ നാലാം പ്രതിയാണ് പിടിയിലായ ഗോകുല്‍. പ്രതിയെ റിമാന്‍ഡ് ചെയ്തു. വനിതാ പ്രസിഡന്റിനെ മര്‍ദിച്ച കേസില്‍ നേരത്തെ പിടിയിലായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും കോടതി ജാമ്യം നിഷേധിച്ചിരുന്നു. കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മറ്റു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടില്ല

Leave a Reply