വിദേശത്തുനിന്നു മാത്രമല്ല, സംസ്‌ഥാനത്തിനുള്ളിലും സ്വര്‍ണക്കടത്ത്‌ വ്യാപകമാകുന്നു

0

വിദേശത്തുനിന്നു മാത്രമല്ല, സംസ്‌ഥാനത്തിനുള്ളിലും സ്വര്‍ണക്കടത്ത്‌ വ്യാപകമാകുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷംമാത്രം ഇത്തരത്തില്‍ നികുതി വെട്ടിപ്പ്‌ നടത്തി കടത്തിക്കൊണ്ടുവന്ന 350.71 കിലോഗ്രാം സ്വര്‍ണമാണ്‌ സംസ്‌ഥാന ചരക്ക്‌ സേവന നികുതി വകുപ്പ്‌ പിടികൂടിയത്‌. ഏകദേശം 15 കോടി രൂപ നികുതിയും മറ്റുമായി സര്‍ക്കാരിന്‌ ലഭിക്കുകയും ചെയ്‌തു.
നയതന്ത്ര സ്വര്‍ണക്കടത്ത്‌ കേസ്‌ വന്‍ വിവാദമായി നിന്ന സമയത്താണ്‌ കേരളത്തിനുള്ളിലെ സ്വര്‍ണക്കടത്ത്‌ തടയുന്നതിന്‌ അന്നത്തെ ധനമന്ത്രി ഡോ: ടി.എം. തോമസ്‌ ഐസക്കിന്റെ നേതൃത്വത്തില്‍ ജി.എസ്‌.ടി. വകുപ്പ്‌ ശക്‌തമായ നടപടികള്‍ സ്വീകരിച്ചത്‌. വിവരം നല്‍കുന്നവര്‍ക്ക്‌ പാരിതോഷികവും അന്ന്‌ പ്രഖ്യാപിച്ചിരുന്നു. അതിന്റെയൊക്കെ അടിസ്‌ഥാനത്തിലാണ്‌ പരിശോധന ശക്‌തമാക്കിയതും വന്‍ തോതില്‍ സ്വര്‍ണം പിടിച്ചതും. മതിയായ രേഖകള്‍ ഇല്ലാതെയും അപൂര്‍ണവും തെറ്റായതുമായ രേഖകള്‍ ഉപയോഗിച്ചും കടത്തിയ സ്വര്‍ണാഭരണങ്ങളാണ്‌ പിടികൂടിയവില്‍ ഭൂരിഭാഗവും. ഇതുവഴി നികുതി, പിഴ ഇനങ്ങളിലായി 14.62 കോടി രൂപയാണ്‌ സര്‍ക്കാരിനു ലഭിച്ചത്‌.സ്വര്‍ണ വ്യാപാര മേഖലയിലെ നികുതി വെട്ടിപ്പ്‌ തടയുന്നതിന്റെ ഭാഗമായി ഇന്റലിജന്‍സ്‌ വിഭാഗം നടത്തിയ പരിശോധനകളുടെ ഫലമായാണ്‌ ഇത്രയും സ്വര്‍ണം പിടികൂടിയത്‌.
വാഹന പരിശോധനയിലൂടെയും, ജൂവലറികള്‍, ഹാള്‍ മാര്‍ക്കിങ്‌ സ്‌ഥാപനങ്ങള്‍, സ്വര്‍ണാഭരണ നിര്‍മാണകേന്ദ്രങ്ങള്‍, ബസ്‌ സ്‌റ്റാന്‍ഡ്‌, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവയുടെ സമീപം നടത്തിയ പരിശോധനകളില്‍നിന്നുമാണ്‌ 306 കേസുകളിലായി ഇത്രയും സ്വര്‍ണം പിടികൂടിയത്‌.
സ്വര്‍ണാഭരണങ്ങള്‍, ഉരുക്കിയ സ്വര്‍ണം, സ്വര്‍ണ ബിസ്‌കറ്റുകള്‍ തുടങ്ങി എല്ലാ നിലകളിലുമുള്ള സ്വര്‍ണം പിടിച്ചെടുത്തതില്‍പ്പെടും. 2020-21 സാമ്പത്തിക വര്‍ഷം 133 കേസുകളിലായി 87.37 കിലോ സ്വര്‍ണം പിടികൂടുകയും 8.98 കോടി രൂപ വരുമാനം ഉണ്ടാക്കുകയും ചെയ്‌ത സ്‌ഥാനത്താണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 350.71 കിലോഗ്രാം സ്വര്‍ണം പിടികൂടുകയും 14.62 കോടി വരുമാനം നേടുകയും ചെയ്‌തത്‌

LEAVE A REPLY

Please enter your comment!
Please enter your name here