ജില്ലയിൽ രണ്ടിടങ്ങളിലായി കടലിൽ കുളിക്കാനിറങ്ങിയ 3 പേർ തിരയിൽപെട്ടു മരിച്ചു

0

ആലപ്പുഴ)∙ ജില്ലയിൽ രണ്ടിടങ്ങളിലായി കടലിൽ കുളിക്കാനിറങ്ങിയ 3 പേർ തിരയിൽപെട്ടു മരിച്ചു. അന്ധകാരനഴിയിൽ രണ്ടുപേരും, ചെല്ലാനം ഹാർബറിനു സമീപം ഒരാളുമാണു മരിച്ചത്. ഇന്നലെ വൈകിട്ട് 5നും 6നു ഇടെയായിരുന്നു രണ്ട് അപകടങ്ങളും. ചങ്ങനാശേരി മാമ്മൂട് ശാന്തിപുരം അമ്പാടിയിൽ വിനയചന്ദ്രന്റെയും തങ്കമ്മയുടെയും മകൻ ആകാശ് (26), എരമല്ലൂർ പാണപറമ്പ് ശിവശങ്കരന്റെയും ശോഭനയുടെയും മകൻ ആനന്ദ് (25) എന്നിവരാണ് അന്ധകാരനഴിയിൽ മരിച്ചത്. ഇവരുടെ സുഹൃത്ത് അനൂപിനെ (25) ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എഴുപുന്ന വാടക്കകത്ത് മുണ്ടുപറമ്പ് സുരേഷ് കുമാറിന്റെയും സുവർണയുടെയും ഏക മകൻ ആശിഷ്(18) ആണ്‌ ചെല്ലാനം ഹാർബറിനു സമീപം മരിച്ചത്.

തുറവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ആകാശ്, ആനന്ദ്, അനൂപ്, ശ്രീരാജ് എന്നിവർ ഇന്നലെ വൈകിട്ടാണ് അന്ധകാരനഴി ബീച്ചിലെത്തിയത്.

ശ്രീരാജ് ഒഴികെയുള്ള 3 പേരും കുളിക്കാനിറങ്ങുകയും തിരയിൽ പെടുകയുമായിരുന്നു. ശ്രീരാജ് ഒച്ചവച്ചതോടെ ബീച്ചിലുണ്ടായിരുന്നവരും മത്സ്യത്തൊഴിലാളികളും ചേർന്ന് ആകാശിനെ കരയ്ക്കെത്തിച്ചു. പിന്നാലെ പട്ടണക്കാട് പൊലീസെത്തി ആനന്ദിനെയും അനൂപിനെയും കരയിലെത്തിച്ചു.

എഴുപുന്നയിൽ നിന്ന് ആശിഷ് ഉൾപ്പെടെ 8 പേർ അടങ്ങുന്ന സംഘമാണ് ചെല്ലാനം ഹാർബറിനു സമീപം കടലിൽ കുളിക്കാനിറങ്ങിയത്. പള്ളിപ്പുറം എൻഎസ്എസ് കോളജ് ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ് ആശിഷ്.

LEAVE A REPLY

Please enter your comment!
Please enter your name here