കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ റിമാൻഡ് പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു

0

കണ്ണൂർ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ റിമാൻഡ് പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കാസർകോട് കോടതിയിൽ ഹാജരാക്കൻ കൊണ്ടു പോകുന്നതിനിടെയാണ് പ്രതി രക്ഷപ്പെടുന്നത്. ആലമ്പാടി സ്വദേശി അമീർ അലി (23) ആണ് കാസർകോട് വച്ച് പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടത്.

മെയ് 12ന് ബദിയടുക്കയിൽ വച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ കടത്തുകയായിരുന്ന 8 ഗ്രാം എംഡിഎംഎയുമായാണ് അമീർ അലി പിടിയിലായത്. ഈ വാഹനത്തിൽ നിന്ന് രണ്ട് കൈത്തോക്കുകളും ബദിയടുക്ക പൊലീസ് കണ്ടെടുത്തിരുന്നു. കേസിൽ റിമാൻഡിലായി കണ്ണൂ‍ർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ഇയാളെ ഇന്ന് രാവിലെയാണ് കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കൊണ്ടുപോയത്. കണ്ണൂർ എആർ ക്യാംപിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്ക് ഉണ്ടായിരുന്നു. കാസർകോട് എത്തിയപ്പോൾ പൊലീസിനെ തള്ളിമാറ്റുകയും വിലങ്ങോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു.

കാസർകോട് ടൗൺ, വിദ്യാ നഗർ, ബദിയടുക്ക സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ പ്രതിക്കായി തെരച്ചിൽ തുടങ്ങി. സുരക്ഷാ വീഴ്ച സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടും പരിശോധന ആരംഭിച്ചു. അമീർ അലി വേറെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

എന്ത്‌ ചോദിച്ചാലും ‘ഗഫൂര്‍ക്കാ ദോസ്തെന്ന്’ പറഞ്ഞാൽ മതി; ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് നിസാർ തട്ടിയത് ലക്ഷങ്ങൾ; ഒടുവിൽ

മലപ്പുറം: ഗൾഫ് രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന ട്രാവൽസ് ഉടമ പിടിയിൽ. കൽപകഞ്ചേരി കടുങ്ങാത്തുകുണ്ട് അറഫ ട്രാവൽസ് ഉടമ ഒഴൂർ ഓമച്ചപ്പുഴ കാമ്പത്ത് നിസാർ (34) ആണ് അറസ്റ്റിലായിരിക്കുന്നത്. കൽപകഞ്ചേരി ഇൻസ്‌പെക്ടർ പി കെ ദാസും സംഘവും ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.

മാസങ്ങൾക്ക് മുമ്പാണ് നിരവധി പേരുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്ത് നിസാർ വിദേശത്തേക്ക് പറക്കുന്നത്. എന്നാൽ ഇയാൾ നാട്ടിലെത്തി തിരൂരങ്ങാടി കൊളപ്പുറത്ത് വാടക ക്വാർട്ടേഴ്‌സിൽ ഒളിവിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്.

തിരൂർ മംഗലം സ്വദേശി വാൽപറമ്പിൽ ദിനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഷാർജയിലെ ഫുഡ് പാർക്കിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് 50,000 രൂപയാണ് ഇയാളിൽ നിന്ന് നിസാർ വാങ്ങിയത്. ഇത്തരത്തിൽ മറ്റ് 14 പരാതികളാണ് കൽപകഞ്ചേരി സ്റ്റേഷനിൽ ലഭിച്ചത്. ഇവരിൽ നിന്ന് നിസാർ 6,10,000 രൂപയാണ് തട്ടിയത്. ഗൾഫ് രാജ്യങ്ങളിൽ നല്ല പിടിപാടുണ്ടെന്നും അതുവഴി നല്ല ശമ്പളമുള്ള ജോലി ശരിയാക്കി തരാമെന്നും വിശ്വസിപ്പിച്ചാണ് നിസാർ ആളുകളെ വലയിൽ വീഴ്ത്തുന്നത്.

സുഹൃത്തുക്കൾ വഴിയും പരിചയക്കാർ വഴിയുമൊക്കെയായിരുന്നു ഇയാൾ ആളുകളെ കണ്ടെത്തിയിരുന്നത്. വാട്‌സാപ്പ് വഴിയും ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നു. ഇപ്പോഴും നിരവധി പരാതികളാണ് നിസാറിനെതിരെ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും കൽപകഞ്ചേരി ഇൻസ്‌പെക്ടർ പി കെ ദാസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർക്ക് പുറമെ സി പി ഒ മാരായ എ പി ശൈലേഷ്, ജി ഷിബുരാജ് എന്നിവരും ഉണ്ടായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here