നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിൽ നിന്നു ചോർന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു

0

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിൽ നിന്നു ചോർന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് ആരോ പരിശോധിച്ചതായി അന്വേഷണ സംഘം ഇന്നലെ വിചാരണക്കോടതിയെ അറിയിച്ചു. വിശദമായ റിപ്പോർട്ട് മുദ്രവച്ച കവറിൽ കൈമാറാൻ കോടതി നിർദേശിച്ചു.

കേസിൽ തുടരന്വേഷണത്തിനു കോടതി അനുവദിച്ച സമയം 28 ന് അവസാനിച്ചതിനാൽ 3 മാസത്തെ അധിക സമയം അന്വേഷണസംഘം ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, കൂടുതൽ സമയം ആവശ്യപ്പെടുന്നതു ന്യായീകരിക്കാൻ വേണ്ട വിവരങ്ങളും കണ്ടെത്തലുകളും അതിലില്ലെന്നു ചൂണ്ടിക്കാട്ടി. തുടർന്ന് 10 നു മുൻപു വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിനു നിർദേശം നൽകി.

തുടരന്വേഷണത്തിലെ കണ്ടെത്തലുകളെ കുറിച്ചു വിചാരണക്കോടതിയെ ബോധ്യപ്പെടുത്താതെ കൂടുതൽ സമയം വേണമെന്ന ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്നാണു കോടതിയുടെ നിലപാട്. കേസ് 10നു വീണ്ടും പരിഗണിക്കും. പെൻഡ്രൈവിലെ വിവരങ്ങൾ മറ്റൊരു കംപ്യൂട്ടർ ഉപയോഗിച്ചു ചോർത്തിയതായി കേസിലെ മുഖ്യസാക്ഷിയായ നടി ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ സുപ്രീം കോടതിക്കും സംസ്ഥാന മുഖ്യമന്ത്രിക്കും കത്തയയ്ക്കുകയും ചെയ്തിരുന്നു.

Leave a Reply