ജൂണ്‍ ഒന്നിന്‌ സ്‌കൂള്‍ തുറപ്പിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വിദ്യാഭ്യാസ വകുപ്പ്‌

0

തിരുവനന്തപുരം: ജൂണ്‍ ഒന്നിന്‌ സ്‌കൂള്‍ തുറപ്പിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വിദ്യാഭ്യാസ വകുപ്പ്‌. 42,90,000 വിദ്യാര്‍ഥികളും 1,8,507 അധ്യാപകരും 24798 അനധ്യാപകരുമാണു ജൂണ്‍ ഒന്നിനു സ്‌കൂളിലേക്ക്‌ എത്തുന്നത്‌. 4857 അധ്യാപകരേയും 490 അനധ്യാപകരെയും 353 അനധ്യാപകരെയും ഈ സര്‍ക്കാരിന്റെ കാലത്തു പി.എസ്‌.സി. മുഖേന സ്‌കൂളുകളില്‍ നിയമിച്ചു. ഇത്‌ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന എണ്ണമാണെന്ന്‌ മന്ത്രി മന്ത്രി വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.പൊതുവിദ്യാലയങ്ങളിലേക്ക്‌ 10.34 ലക്ഷം വിദ്യാര്‍ഥികള്‍ പുതുതായി എത്തിയതായി മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കഴക്കൂട്ടം ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌്കൂളില്‍ ഒന്നിന്‌ രാവിലെ 9.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്‌ഥാനതല പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യും. സംസ്‌ഥാനാടിസ്‌ഥാനത്തിലുള്ള പ്രവേശനോത്സവത്തിനൊപ്പം എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തും.
സ്‌കൂളുകളുടെ അറ്റകുറ്റപ്പണി നാളെയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കും. സമ്പൂര്‍ണ ശുചീകരണ പ്രവര്‍ത്തനം സ്‌കൂളിലും സമീപ പ്രദേശങ്ങളിലും നടത്തും. വിദ്യാര്‍ഥികള്‍ക്കാവശ്യമായ പാഠപുസ്‌തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയായി വരുന്നു. മൂന്നു ഭാഗങ്ങളായാണു പുസ്‌തകങ്ങള്‍ അച്ചടിക്കുന്നത്‌. ആകെ 4.88 കോടി പാഠപുസ്‌തകങ്ങളാണ്‌ വരുന്ന അധ്യയന വര്‍ഷത്തേക്ക്‌ ആവശ്യമായിവരുന്നത്‌. സംസ്‌ഥാനത്തു പാഠപുസ്‌തക വിതരണത്തിനായി 14 ജില്ലാ ഹബ്ബുകളും 3312 സൊസൈറ്റികളും 13964 സ്‌കൂളുകളും സജ്‌ജമാക്കിയിരുന്നു. 5576 സര്‍ക്കാര്‍ സ്‌്കൂളുകളും 8188 എയ്‌ഡഡ്‌ സ്‌കൂളുകളും 1488 അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളുമാണു സംസ്‌ഥാനത്തുള്ളത്‌. അണ്‍ എയ്‌ഡഡ്‌ ഒഴികെയുള്ള സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ പാഠപുസ്‌തകങ്ങള്‍ സൗജന്യമായാണു വിതരണം ചെയ്യുന്നത്‌.7719 സ്‌കൂളുകളിലെ 958060 കുട്ടികള്‍ക്ക്‌ കൈത്തറി യൂണിഫോം സൗജന്യമായി നല്‍കും. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ അധ്യാപക പരിശീലനം പൂര്‍ത്തിയായി. ഹയര്‍ സെക്കന്‍ഡറി, സെക്കന്‍ഡറി അധ്യാപകരുടെ പരിശീലനം ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ തുടര്‍ച്ചയായുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ 75 സ്‌കൂള്‍ കെട്ടിടങ്ങള്‍ 30നു നാടിനു സമര്‍പ്പിക്കും. നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here