വിവാദങ്ങള്‍ കണക്കാക്കില്ല; നാടിന്‌ ആവശ്യമായ പദ്ധതികള്‍ നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി

0

കണ്ണൂര്‍: വിവാദങ്ങള്‍ ഉയരുന്നു എന്നുകരുതി നാടിനാവശ്യമായ പദ്ധതി മാറ്റിവയ്‌ക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
കണ്ണൂര്‍ പയ്യന്നൂരില്‍ സിയാല്‍ സൗരോര്‍ജ പ്ലാന്റ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസന ചരിത്രത്തില്‍ പുതിയ അധ്യായമാണ്‌ പയ്യന്നൂരിലെ സോളാര്‍ പ്ലാന്റെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങളേറെ ഉയര്‍ന്നിട്ടും സില്‍വര്‍ ലൈന്‍ പോലുള്ള പദ്ധതികളില്‍ നിന്നു പിന്മാറില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
ജനങ്ങളിലേക്കിറങ്ങിച്ചെന്നു കെ-റെയിലിനെക്കുറിച്ചുള്ള ആശങ്ക അകറ്റും. ആര്‍ക്കാണ്‌ ഇത്ര വേഗത്തില്‍ പോകേണ്ടതെന്ന വിമര്‍ശനം പുതിയ കാലത്തിനു യോജിച്ചതല്ലെന്നും പിണറായി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി ആരെയും ഉപദ്രവിക്കാനല്ല. നാടിന്റെ വികസനത്തിന്‌ സ്‌ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവര്‍ അത്‌ ചെയ്‌തേ പറ്റൂ. പദ്ധതി പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ അതു നടപ്പാക്കും എന്ന്‌ ഉറപ്പുള്ളവരാണ്‌ എതിര്‍പ്പ്‌ ഉയര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വേദിയിലേക്ക്‌ കെ- റെയില്‍ വിരുദ്ധ ജനകീയ മുന്നണി നഗരത്തില്‍ നിന്നും പ്രതിഷേധ മാര്‍ച്ച്‌ നടത്തി. സ്‌ത്രീകളും കുട്ടികളുമുള്‍പ്പടെ നൂറുകണക്കിനു പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു. മുഖ്യമന്ത്രിക്ക്‌ മുന്നില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ച യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
വികസന പ്രവര്‍ത്തനം ഇപ്പോള്‍ നടപ്പാക്കാന്‍ പാടില്ലെന്നു ചിന്തിക്കുന്ന ചിലരുണ്ട്‌. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്‌-മുഖ്യമന്ത്രി ചോദിച്ചു. മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി അധ്യക്ഷനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here