KSEB അണക്കെട്ടുകളിലേക്ക് പറന്നിറങ്ങാൻ പദ്ധതി; സംസ്ഥാനത്തെ 14 ഇടങ്ങളിലേക്ക് താൽപര്യപത്രം ക്ഷണിച്ചു

0

തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ ഡാമുകളെ ബന്ധിപ്പിച്ചു ഫ്ലോട്ട് പ്ലെയിൻ ഹെലികോപ്റ്റർ സർവീസുകൾ തുടങ്ങുന്നു. സ്വകാര്യ ഏജൻസികളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വൈദഗ്ധ്യമുള്ള കമ്പനികളിൽനിന്ന് വൈദ്യുതി ബോർഡ് താൽപര്യപത്രം ക്ഷണിച്ചു. സംസ്ഥാനത്തെ ടൂറിസം സാധ്യതകൾക്ക് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് പദ്ധതി നടപ്പാക്കുന്നത്. കരയിലും വെള്ളത്തിലും പറന്നിറങ്ങാവുന്ന സീ പ്ലെയിനുകളാണ് ഡാമുകളെ ബന്ധിപ്പിച്ച് സർവീസ് നടത്തുക.

പദ്ധതിയുടെ തുടക്കത്തിൽ ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി ഡാമിൽ നിന്ന് വയനാട് ബാണാസുര സാഗർ ഡാമിലേക്ക് ഫ്ലോട്ട് പ്ലെയിൻ സർവീസ് തുടങ്ങാനാണ് നിർദേശം. ഇടയ്ക്ക് കൊച്ചിയിൽ ഇറങ്ങും. മാട്ടുപ്പെട്ടി സംഭരണിയിൽനിന്ന് പറന്നുയർന്ന് മൂന്നാർ നഗരത്തിന് മുകളിൽ ചുറ്റിയടിച്ച് തിരിച്ചെത്തുന്ന ജോയ് റൈഡിനും നിർദേശമുണ്ട്. ഒറ്റ എഞ്ചിൻ പ്ലെയിനുകളിൽ 6-12 പേർക്കും ഇരട്ട എഞ്ചിനുകളിൽ 16-22 പേർക്കും യാത്ര ചെയ്യാം. കൂടുതൽ വിനോദ സഞ്ചാരികളെ ഈ മേഖലയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

സ്വകാര്യ ഏജൻസികൾ വഴിയാകും ഫ്ലോട്ട് പ്ലെയിനുകൾ സർവീസ് നടത്തുക. വ്യോമയാന മേഖലയിൽ നിന്ന് ആവശ്യമായ അനുമതികൾ, സുരക്ഷാ ലൈസൻസുകൾ എന്നിവ നേടിയെടുക്കുക സ്വകാര്യ ഏജൻസികളുടെ ഉത്തരവാദിത്തമായിരിക്കും. പ്ലെയിനുകൾ എത്തിക്കുകയും അവരുടെ ജോലിയാണ്. ആദ്യം 14 പേർക്ക് യാത്ര ചെയ്യാവുന്ന ഫ്ലോട്ട് പ്ലെയിനുകളാണ് സർവീസ് നടത്തുക എന്നാണ് വിവരം. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ച് ചില സ്ഥാപനങ്ങള്‍ കെഎസ്ഇബിയെ സമീപിച്ചതായാണ് വിവരം.
,

LEAVE A REPLY

Please enter your comment!
Please enter your name here