ഇടപ്പള്ളിയിലെ ലുലു മാളിന് പാർക്കിങ്‌ ഫീസ് പിരിക്കാൻ അനുമതി നൽകിയിട്ടില്ല; കളമശേരി നഗരസഭ ഹൈക്കോടതിയിൽ; തട്ടിപ്പ് പുറത്തായത് മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫ് പോളി വടക്കൻ ഹർജി നൽകിയതോടെ

0

കൊച്ചി > ഇടപ്പള്ളിയിലെ ലുലു മാളിന് പാർക്കിങ്‌ ഫീസ് പിരിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കളമശേരി നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. അപേക്ഷ ലഭിച്ചെങ്കിലും പാർക്കിങ്‌ ഫീസ് പിരിക്കാൻ ലൈസൻസ് നൽകിയില്ല. ലുലു മാൾ നിയമവിരുദ്ധമായി പാർക്കിങ്‌ ഫീസ് പിരിക്കുന്നുവെന്നും അത്‌ തടയണമെന്നും ചൂണ്ടിക്കാട്ടി സംവിധായകനും മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫ് പോളി വടക്കൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണ‌ൻ പരിഗണിച്ചത്. അനധികൃത പാർക്കിങ്‌ ഫീസ് പിരിക്കുന്നതുമായി ബന്ധപ്പെട്ട്‌ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന്‌ കളമശേരി നഗരസഭ സെക്രട്ടറി സത്യവാങ്‌മൂലത്തിൽ പറഞ്ഞു. ഫീസ് പിരിക്കാൻ ലൈസൻസുണ്ടെങ്കിൽ ഹാജരാക്കാൻ മാൾ അധികൃതരോട്‌ കോടതി നിർദേശിച്ചിരുന്നു. കേസ് കൂടുതൽ വാദത്തിനായി മാറ്റി.

“ബിൽഡിംഗ് റൂൾസ് അനുസരിച്ച്, പാർക്കിംഗ് സ്ഥലം കെട്ടിടത്തിന്റെ ഭാഗമാണ്, പാർക്കിംഗ് സ്ഥലമുണ്ടാകുമെന്ന വ്യവസ്ഥയിൽ ബിൽഡിംഗ് പെർമിറ്റ് നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു കെട്ടിടം നിർമ്മിക്കുന്നു. നിർമ്മാണത്തിന് ശേഷം ഉടമയ്ക്ക് പാർക്കിംഗ് ഫീ ശേഖരിക്കാമോ എന്നതാണ് ചോദ്യം. പ്രഥമാഭിപ്രായം അങ്ങനെയല്ലെന്നാണ് കോടതിയുടെ അഭിപ്രായം. ഈ വിഷയത്തിൽ മുനിസിപ്പാലിറ്റിയുടെ നിലപാട് അറിയണം,” എന്നായിരുന്നു കോടതി നിലപാട്.

ലുലു മാൾ യാതൊരു അധികാരവുമില്ലാതെ പാർക്കിങ് ഫീസ് വാങ്ങുന്നുവെന്നായിരുന്നു ഹർജിക്കാരുടെ പരാതി. എന്നാൽ, കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 447-ാം വകുപ്പ് പ്രകാരമാണ് ലൈസൻസ് നൽകിയതെന്ന് പ്രതികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് ശ്രീകുമാർ വാദിച്ചു. തങ്ങളുടെ നിലപാടിനെ പിന്തുണയ്ക്കുന്ന ഹൈക്കോടതി വിധികളുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

ഇരുഭാഗവും കേട്ട കോടതി, കെട്ടിടനിർമ്മാണ ചട്ടങ്ങൾ പ്രകാരം പാർക്കിംഗ് സ്ഥലത്തിന് നിർബന്ധമായും പാർക്കിംഗ് ഫീസ് വാങ്ങാനാകുമോ എന്നതിന്റെ കൃത്യമായ നിലപാടിനെക്കുറിച്ച് ഒരു പ്രസ്താവന ഫയൽ ചെയ്യാൻ മുനിസിപ്പാലിറ്റിയോട് നിർദ്ദേശിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here