കാവ്യാ മാധവനെ ക്രൈംബ്രാഞ്ച്‌ ഇന്നുതന്നെ ചോദ്യംചെയ്‌തേക്കും

0

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച്‌ ഇന്നുതന്നെ ചോദ്യംചെയ്‌തേക്കും. തുടരന്വേഷണം 15-നകം പൂര്‍ത്തിയാക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ചോദ്യംചെയ്യല്‍ നീട്ടിവയ്‌ക്കാന്‍ കഴിയില്ലെന്ന്‌ ഉദ്യോഗസ്‌ഥര്‍ സൂചിപ്പിച്ചു. ചോദ്യംചെയ്യല്‍ ഇന്ന്‌ ആലുവയില്‍ ദിലീപിന്റെ വീട്ടില്‍വച്ചാകാമെന്നു കാവ്യ അറിയിച്ചെങ്കിലും ആലുവ പോലീസ്‌ ക്ലബില്‍ എത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ച്‌ നിര്‍ദേശം. അതിനു കാവ്യ തയാറായിട്ടില്ല.
സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കാന്‍ സി.ആര്‍.പി.സി. 160 ചട്ടം പ്രകാരമാണു കാവ്യക്കു നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. ഇപ്രകാരം നോട്ടീസ്‌ നല്‍കിയാല്‍ വിളിച്ചുവരുത്താനാകില്ല. സ്‌ത്രീയെന്ന നിലയില്‍ അവര്‍ക്കു സൗകര്യപ്രദമായ സ്‌ഥലത്തു ചെന്ന്‌ പോലീസ്‌ മൊഴി രേഖപ്പെടുത്തണം. എവിടെവച്ചാണു ചോദ്യംചെയ്യേണ്ടതെന്നു തെരഞ്ഞെടുക്കാന്‍ സാക്ഷിക്കു അവകാശമുണ്ട്‌. കഴിഞ്ഞ ദിവസം മഞ്‌ജു വാര്യരില്‍നിന്നു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചു മൊഴിയെടുത്തത്‌ ഇങ്ങനെയാണ്‌.
അതേസമയം, കാവ്യയ്‌ക്ക്‌ ഈ ആനുകൂല്യം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണു ക്രൈംബ്രാഞ്ച്‌. കാവ്യയെ പ്രതിയാക്കാനുള്ള സാധ്യതയാണ്‌ അഭിഭാഷകര്‍ കാണുന്നത്‌. അതിനാല്‍, മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നുണ്ട്‌. ഒരുതവണത്തെ ചോദ്യംചെയ്യലിനു ശേഷം ഹര്‍ജി നല്‍കിയാല്‍ മതിയെന്ന വിലയിരുത്തലും അഭിഭാഷകര്‍ക്കുണ്ട്‌.
പോലീസ്‌ ക്ലബില്‍വച്ചു ചോദ്യംചെയ്യാന്‍ സമ്മതമില്ലെങ്കില്‍ വീട്ടിലല്ലാതെ മറ്റൊരിടത്തുവച്ചു ചോദ്യംചെയ്യുന്നതു പരിഗണിക്കുന്നുണ്ട്‌. ചോദ്യംചെയ്യല്‍ വീട്ടില്‍വച്ചാകാമെന്ന്‌ അന്വേഷണസംഘം ആദ്യം സമ്മതിച്ചതാണ്‌. പിന്നീടു തീരുമാനം മാറ്റുകയായിരുന്നു. ജാമ്യം കിട്ടാത്ത വകുപ്പുള്ള കുറ്റമാണെങ്കില്‍ 41 (എ) പ്രകാരം നോട്ടീസ്‌ നല്‍കി വിളിച്ചുവരുത്തുകയാണു ചെയ്യുന്നത്‌. നേരത്തേ അതിജീവിത, നടന്‍ ദിലീപ്‌, മഞ്‌ജു വാര്യര്‍ എന്നിവര്‍ക്കിടയില്‍ സാമ്പത്തിക, റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസുകള്‍ നടന്നിട്ടുണ്ടോയെന്ന്‌ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. തുടരന്വേഷണത്തില്‍ ഇത്തരത്തിലുള്ള ചില സൂചനകള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു ഇത്‌. ഇത്തരം വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ കാവ്യയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ തുടരന്വേഷണത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാകും.

Leave a Reply