ഓപ്പറേഷന്‍ ഗംഗ അവസാനഘട്ടത്തില്‍ , അവശേഷിക്കുന്ന വിദ്യാര്‍ഥികള്‍ ബുഡാപെസ്‌റ്റിലെത്താന്‍ നിര്‍ദേശം

0

ന്യൂഡല്‍ഹി: യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ആരംഭിച്ച “ഓപ്പറേഷന്‍ ഗംഗ” അവസാനഘട്ടത്തിലെന്ന്‌ കീവിലെ ഇന്ത്യന്‍ എംബസി. യുക്രൈനില്‍ അവശേഷിക്കുന്ന വിദ്യാര്‍ഥികള്‍ ഹംഗറി തലസ്‌ഥാനമായ ബുഡാപെസ്‌റ്റിലെ ഹംഗേറിയന്‍ സിറ്റി സെന്ററിലെത്തണമെന്ന്‌ എംബസി നിര്‍ദേശം നല്‍കി.
എംബസി ഒരുക്കിയ താമസസ്‌ഥലങ്ങളിലല്ലാതെ ഇപ്പോള്‍ സ്വന്തം നിലയ്‌ക്ക്‌ താമസിക്കുന്ന വിദ്യാര്‍ഥികള്‍ പ്രാദേശിക സമയം 10-നും 12-നും ഇടയില്‍ ഹംഗേറിയന്‍ സിറ്റി സെന്ററിലെത്തണമെന്നാണു നിര്‍ദേശം. യുക്രൈനിലെ യുദ്ധബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ അടിസ്‌ഥാനവിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫോം അടിയന്തരമായി പൂരിപ്പിച്ചു നല്‍കണമെന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്‌. ഇതിനായുള്ള ഗൂഗിള്‍ ഫോം എംബസി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്‌. പേര്‌, പാസ്‌പോര്‍ട്ട്‌ നമ്പര്‍, ഇപ്പോഴത്തെ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫോമിലൂടെ നല്‍കാനാണ്‌ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്‌.
കിഴക്കന്‍ യുക്രൈനിലെ സംഘര്‍ഷബാധിത മേഖലകളില്‍ നൂറുകണക്കിന്‌ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണു വിവരം. അതേസമയം, ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 66 വിമാനസര്‍വീസുകളിലായി 15,900 പേരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായി ഇന്ന്‌ 1,500 പേരെ നാട്ടിലെത്തിക്കും. ഹംഗറിയില്‍നിന്ന്‌ അഞ്ചും റൊമാനിയയില്‍നിന്നു മൂന്നും വിമാനങ്ങള്‍ ഇന്നു പുറപ്പെടും. ഇന്നലെ 11 സ്‌പെഷല്‍ വിമാനങ്ങളിലായി 2,135 പേര്‍ മടങ്ങിയെത്തി. വൈകിട്ട്‌ അഞ്ചുവരെയുള്ള കണക്കനുസരിച്ച്‌ ഇവയില്‍ ആറു വിമാനങ്ങള്‍ ഹംഗറിയിലെ ബുഡാപെസ്‌റ്റില്‍നിന്നും രണ്ടെണ്ണംവീതം റൊമാനിയയിലെ ബുക്കാറെസ്‌റ്റില്‍നിന്നും പോളണ്ടിലെ ഷെസോയില്‍നിന്നും ഒരു വിമാനം സ്ലൊവാക്യയിലെ കൊസൈസില്‍നിന്നുമാണ്‌ ഇന്ത്യയിലെത്തിയതെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here