ശക്‌തമായ വേനല്‍മഴയില്‍ കുട്ടനാട്ടില്‍ വീണ്ടും മടവീഴ്‌ച

0

കുട്ടനാട്‌: ശക്‌തമായ വേനല്‍മഴയില്‍ കുട്ടനാട്ടില്‍ വീണ്ടും മടവീഴ്‌ച. പമ്പയാറില്‍ ജലനിരപ്പ്‌ ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ കുട്ടനാട്ടിലെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളവും കുട്ടനാടന്‍ ജലാശയങ്ങളില്‍ കെട്ടിക്കിടക്കുകയാണ്‌. ഇതുമൂലം രണ്ടാഴ്‌ച മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഒന്നര അടിയോളം ജലനിരപ്പ്‌ ഉയര്‍ന്നിട്ടുണ്ട്‌.
കുട്ടനാട്‌ കൈനകരി സി ബ്ലോക്ക്‌ പാടശേഖരത്തില്‍ മട വീണ്‌ പുഞ്ച കൃഷി നശിച്ചു. 600 ഏക്കര്‍ വരുന്ന ഈ പാടം നാളെ കൊയ്യാനിരിക്കെയാണ്‌ മടവീഴ്‌ചയുണ്ടായത്‌. പാടശേഖരത്തിന്റെ വടക്ക്‌ ഭാഗത്തുള്ള പെട്ടി മടയാണ്‌ തള്ളിപ്പോയത്‌. മട തടഞ്ഞു വീണ്ടും വെള്ളം വറ്റിക്കാനുള്ള ശ്രമം നടത്തുന്നെണ്ടെങ്കിലും വിജയിക്കുന്ന കാര്യം സംശയമാണെന്ന്‌ കര്‍ഷകര്‍ പറഞ്ഞു. കുട്ടനാട്‌, അപ്പര്‍ കുട്ടനാട്‌ മേഖലയിലെ മറ്റ്‌ പല പാടങ്ങളും മടവീഴ്‌ച ഭീഷണിയിലാണ്‌. ശക്‌തമായ പുറംബണ്ട്‌ നിര്‍മിക്കുമെന്ന സര്‍ക്കാര്‍ വാഗ്‌ദാനം നടപ്പാക്കാത്തതാണ്‌ പ്രതിസന്ധിക്ക്‌ കാരണമെന്നാണ്‌ കര്‍ഷകരുടെ ആരോപണം.
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ക്രമീകരിച്ചു തുറക്കുകയും അടക്കുകയും ചെയ്‌താല്‍ വെള്ളപ്പൊക്ക ഭീഷണി ഒരു പരിധി വരെ ഒഴിവാകും. എന്നാല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നാണ്‌ കര്‍ഷകരുടെയും കുട്ടനാട്‌ നിവാസികളുടെയും ആക്ഷേപം.
സി ബ്ലോക്ക്‌ പാടത്ത്‌ വിളവെടുപ്പിന്‌ പാകമായ നെല്‍ ചെടികള്‍ വെള്ളത്തില്‍ പൂര്‍ണമായും മുങ്ങി. 600 ഏക്കറോളമുള്ള പാടശേഖരത്തില്‍ 150 ല്‍ അധികം കര്‍ഷകരാണുള്ളത്‌. ചൊവ്വാഴ്‌ച രാത്രി മുതല്‍ മടവീഴ്‌ച ഒഴിവാക്കുവാനുള്ള കര്‍ഷകരുടെ തീവ്രശ്രമം ഒടുവില്‍ പാഴാകുകയായിരുന്നു. കര്‍ഷകരുടെ നഷ്‌ടം കൃഷി, റവന്യൂ, ഇറിഗേഷന്‍ മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി തോമസ്‌.കെ.തോമസ്‌ എം.എല്‍.എ അറിയിച്ചു. സ്‌ഥിതിഗതികള്‍ വിലയിരുത്തി കണക്കെടുപ്പും മറ്റു അനുബന്ധ വിശദാംശങ്ങളും രേഖപ്പെടുത്തി അടിയന്തിര റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.പാടശേഖരങ്ങള്‍ക്കും കര്‍ഷകര്‍ക്കും നഷ്‌ടപരിഹാരവും അനുബന്ധ സഹായങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു

Leave a Reply