യുക്രൈന്‍ യുദ്ധഭൂമിയില്‍നിന്ന്‌ ഉറ്റവരുടെ ചാരത്തേക്ക്‌ മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ്‌ പൂച്ചാക്കല്‍ സ്വദേശിനി അനൈന

0

പൂച്ചാക്കല്‍ (ആലപ്പുഴ): യുക്രൈന്‍ യുദ്ധഭൂമിയില്‍നിന്ന്‌ ഉറ്റവരുടെ ചാരത്തേക്ക്‌ മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ്‌ പൂച്ചാക്കല്‍ സ്വദേശിനി അനൈന. ബോംബുകളുടെ ഭയപ്പെടുത്തുന്ന ശബ്‌ദം കേട്ട്‌ രണ്ടുദിവസം തള്ളിനീക്കിയ പാണാവള്ളി ഡ്രീംസ്‌ വീട്ടില്‍ പ്രമോദ്‌, നിഷ ദമ്പതികളുടെ മകള്‍ അനൈനയ്‌ക്കൊപ്പം സഹപാഠികളായ അഞ്ച്‌ പേര്‍കൂടി നാട്ടിലെത്തി.
ആദ്യം ബോംബ്‌ വര്‍ഷിക്കപ്പെട്ടത്‌ ഖര്‍ക്കീവ്‌ യൂണിവേഴ്‌സിറ്റി ഭാഗത്തായിരുന്നന്നും അപ്പോഴാണ്‌ യുദ്ധം തുടങ്ങിയെന്ന്‌ അറിയുന്നതെന്നും അനൈന പറയുന്നു.
സഹപാഠികളായ ഗൗരി ശങ്കര്‍, സല്‍മാന്‍, ആമീന്‍, മന്നാ, മിഥിരാജ്‌ തുടങ്ങിയവരും നാട്ടിലെത്തിയതില്‍ സന്തോഷമുണ്ട്‌. ഇവര്‍ യുഷറോദ്‌ യുണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്‌.
ശനിയാഴ്‌ച അതിര്‍ത്തി പ്രദേശമായ ഹംഗറിയിലും അവിടെനിന്ന്‌ ബുദ്ധിസ്‌റ്റ്‌ എയര്‍പോട്ടിലുമെത്തി. തുടര്‍ന്നാണ്‌ ഡല്‍ഹിയിലേക്ക്‌ വന്നത്‌. ഞായറാഴ്‌ച രാത്രിയോടെ കേരളത്തിലെത്തി.
മൂന്നാഴ്‌ച മുന്‍പ്‌ ഏത്‌ നിമിഷവും യുദ്ധമുണ്ടാകുമെന്ന്‌ സൂചനയുണ്ടായിരുന്നു. പിന്നീട്‌ സംഘര്‍ഷാവസ്‌ഥയില്‍ അയവു വന്നതായാണ്‌ കരുതിയത്‌. ഷെല്ലാക്രമണം ഉണ്ടായപ്പോള്‍ വീടുകളില്‍നിന്ന്‌ ആശങ്കയോടെ വിളിയെത്തി. ഇതോടെ നാട്ടിലേക്ക്‌ എത്താനുള്ള തിടുക്കമായിരുന്നെന്ന്‌ അനൈന പറയുന്നു. യുഷറോദ്‌ ഭാഗത്തേക്ക്‌ റഷ്യന്‍ സൈന്യം എത്താന്‍ സാധ്യതയുള്ളതിനാല്‍ നാട്ടിലേക്ക്‌ പോരാന്‍ തീരുമാനിക്കുകയായിരുന്നെന്ന്‌ മറ്റ്‌ വിദ്യാര്‍ഥികള്‍ പറഞ്ഞു.

Leave a Reply