റാന്നി ∙ ഭർതൃഗൃഹത്തിൽ അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഐത്തല മീമൂട്ടുപാറ ചുവന്നപ്ലാക്കൽ സജു ചെറിയാന്റെ ഭാര്യ റിൻഫ (22), മകൾ എൽഗാന (ഒന്നര) എന്നിവരെയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സജു ചെറിയാൻ മസ്കത്തിലായതിനാൽ റിൻഫയും മകളും തനിച്ചായിരുന്നു താമസം. സജുവിന്റെ സഹോദരങ്ങൾ ചുറ്റിലും താമസമുണ്ട്. സ്കൂൾ വിട്ടുവന്ന സജു ചെറിയാന്റെ സഹോദരന്റെ മകൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും റിൻഫ എടുത്തില്ല. വീടിന്റെ കതകുകൾ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ജനാലയിലൂടെ നോക്കിയപ്പോൾ അസ്വാഭാവികത ബോധ്യപ്പെട്ടതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. കതക് ചവിട്ടി തുറന്നാണ് പൊലീസ് ഉള്ളിൽ പ്രവേശിച്ചത്. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു നീക്കി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.