മുന്‍കാല ദുരന്തങ്ങളില്‍ നിന്നും എന്തു പഠിച്ചു?; കള്ളക്കുറിശ്ശി വ്യാജമദ്യ ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

0

ചെന്നൈ: കള്ളക്കുറിശ്ശി വ്യാജമദ്യദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മദ്യദുരന്തം നിസ്സാരമായി കാണാനാകില്ല. മുന്‍കാല ദുരന്തങ്ങളില്‍ നിന്നും സര്‍ക്കാര്‍ എന്തു പഠിച്ചു?. മുന്‍കാല ദുരന്തങ്ങളുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയോയെന്നും മദ്രാസ് ഹൈക്കോടതി ചോദിച്ചു. ജൂണ്‍ 26 നകം ദുരന്തത്തിന്റെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

കള്ളക്കുറിശ്ശി വ്യാജമദ്യദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവര്‍ത്തകനായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ജസ്റ്റിസുമാരായ ഡി കൃഷ്ണകുമാര്‍ കെ കുമരേശ് ബാബു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ദുരന്തം നടന്ന പ്രദേശത്ത് വ്യാജമദ്യം സുലഭമാണെന്ന റിപ്പോര്‍ട്ടുകളുണ്ടല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് സിബിസിഐഡിക്ക് കൈമാറിയതായും നാലുപേരെ അറസ്റ്റു ചെയ്തതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.അതിനിടെ, വ്യാജമദ്യദുരന്തത്തില്‍ തമിഴ്‌നാട് നിയമസഭയും നാടകീയ സംഭവവികാസങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വ്യാജമദ്യദുരന്തം സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ എഐഎഡിഎംകെ നിയമസഭയില്‍ പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയും പ്രതിപക്ഷ എംഎല്‍എമാരും കറുത്ത വസ്ത്രം അണിഞ്ഞാണ് നിയമസഭയില്‍ എത്തിയത്. തുടര്‍ന്ന് ചോദ്യോത്തര വേളയില്‍ വ്യാജമദ്യദുരന്തം ഉന്നയിക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഈ ആവശ്യം സ്പീക്കര്‍ നിരസിച്ചതിനെത്തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. തുടര്‍ന്ന് എഐഎഡിഎംകെ എംഎല്‍എമാരെ പുറത്താക്കാന്‍ സ്പീക്കര്‍ സുരക്ഷാജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്നത്തേക്ക് സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ജനാധിപത്യ രീതിയില്‍ ചര്‍ച്ച വേണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ഇതേത്തുടര്‍ന്ന് പുറത്താക്കിയ എംഎല്‍എമാരെ സ്പീക്കര്‍ തിരികെ വിളിക്കുകയും ചെയ്തു.

Leave a Reply