നിര്‍മാണ ചെലവ് പെരുപ്പിച്ച് കാണിച്ചു, ലാഭവിഹിതം നല്‍കിയില്ല; ആര്‍ഡിഎക്‌സ് നിര്‍മാതാക്കള്‍ക്കെതിരെ പരാതി

0

കൊച്ചി:മഞ്ഞുമ്മല്‍ ബോയ്‌സിന് പിന്നാലെ ആര്‍ഡിഎക്‌സ് സിനിമയ്‌ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം പരാതി നല്‍കി. നിര്‍മാതാക്കളായ സോഫിയ പോള്‍, ജയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. സിനിമയ്ക്കായി ആറ് കോടി രൂപ നല്‍കിയെന്നും മുപ്പത് ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം എന്നും പരാതിയില്‍ പറയുന്നു.(Construction costs were inflated and dividends were not paid; Complaint against RDX manufacturers,)

തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസിലാണ് അഞ്ജന പരാതി നല്‍കിയത്. സിനിമാ നിര്‍മാണത്തിന് മുന്‍പായി നിര്‍മാതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നതായും 13 കോടി രൂപയാണ് സിനിമയുടെ ബജറ്റ് എന്ന് പറയുകയും ചെയ്തു. സിനിമയുടെ നിര്‍മാണത്തിനായി ആറ് കോടി നല്‍കാന്‍ ആവശ്യപ്പെടുകയും ബാക്കി 7 കോടി സോഫിയ പോള്‍, ജയിംസ് പോള്‍ എന്നിവര്‍ എടുക്കുമെന്നും പറയുകയും ചെയ്തു. 70: 30 അനുപാതത്തില്‍ ആയിരിക്കും ലാഭവിഹിതമെന്ന് അറിയിക്കുകയും ചെയ്തു.

ചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെ ചെലവ് 23 കോടിയലധികമായെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതെന്ന് അഞ്ജനയുടെ പരാതിയില്‍ പറയുന്നു. ഇന്‍വെസ്റ്റ്‌മെന്റ് തുകയായ ആറ് കോടി പലതവണ ആവശ്യപ്പെട്ടപ്പോഴാണ് തിരിച്ചുനല്‍കിയത്. നിരന്തരമായി ലാഭവിഹിതം ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് കോടി തരാമെന്ന് പറയുകയും ചെയ്തു.അതിന് പിന്നാലെ സിനിമയുടെ ചെലവ് വരവ് ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാനാവില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. അതിന് കാരണമായി അഞ്ജന തേഡ് പാര്‍ട്ടിയാണെന്നും അത്തരമൊരാള്‍ക്ക് സാമ്പത്തിക കണക്കുകള്‍ നല്‍കേണ്ടതില്ലെന്നുമാണ് നിര്‍മാതാക്കള്‍ പറഞ്ഞത്. തുടര്‍ന്ന് അഞ്ജന പരാതി നല്‍കുകയായിരുന്നു. വ്യാജരേഖകള്‍ ഉണ്ടാക്കി നിര്‍മാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ച് കാണിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

Leave a Reply