യൂണിറ്റിന് 46 പൈസ അധികം; സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടി, പുരപ്പുറ സോളാര്‍ സ്ഥാപിച്ചവര്‍ക്ക് ഗുണം

0

തിരുവനന്തപുരം: വീട്ടില്‍ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കുന്ന സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടി. റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം പുരപ്പുറത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കാണ് ഏറെ ഗുണം ചെയ്യുക.

വീട്ടില്‍ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കുന്ന സൗരോര്‍ജ്ജ വൈദ്യുതിക്ക് യൂണിറ്റിന് 46 പൈസ അധികം നല്‍കാനാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം. നേരത്തെ യൂണിറ്റിന് 2.69 രൂപയാണ് നല്‍കിയിരുന്നത്. ഇത് 3.15 രൂപയാക്കിയാണ് റെഗുലേറ്ററി കമ്മീഷന്‍ ഉയര്‍ത്തിയത്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ നല്‍കിയ വൈദ്യുതിക്കാണ് ഇത് ബാധകമാകുക.

സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടണമെന്ന ഉല്‍പ്പാദകരുടെ നീണ്ടകാലമായുള്ള ആവശ്യമാണ് റെഗുലേറ്ററി കമ്മീഷന്‍ പരിഗണിച്ചത്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മുന്‍കാല പ്രാബല്യത്തോടെ കൂട്ടിയ നിരക്ക് ഉല്‍പ്പാദകര്‍ക്ക് കൈമാറും. നേരത്തെ കെഎസ്ഇബി നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ഉയര്‍ന്ന വൈദ്യുതി ബില്‍ വരുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.വീടുകളില്‍ ഉല്‍പ്പാദിപ്പിച്ച് ഉപഭോഗ ശേഷം വരുന്ന സൗരോര്‍ജ്ജം കെഎസ്ഇബിയുടെ ഗ്രിഡുകളിലേക്ക് നല്‍കുമ്പോള്‍ സോളാര്‍ വൈദ്യുതി നിരക്കും സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ കെഎസ്ഇബിയില്‍ നിന്നും നേരിട്ടുള്ള വൈദ്യുതി ഉപയോഗിക്കുമ്പോള്‍ കെഎസ്ഇബി താരിഫും നല്‍കേണ്ടി വരുന്നത് കൊണ്ടാണ് ഉയര്‍ന്ന വൈദ്യുതി നിരക്ക് എന്നായിരുന്നു ആക്ഷേപം. ഇതിന് പരിഹാരമെന്നോണവും സോളാര്‍ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുമാണ് റെഗുലേറ്ററി കമ്മീഷന്റെ നടപടി.

കെഎസ്ഇബിക്ക് ഇതിലും കുറഞ്ഞ നിരക്കില്‍ സോളാര്‍ വൈദ്യുതി പുറത്തുനിന്ന് ലഭിക്കും. എന്നാല്‍ പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്ക് കൂട്ടുന്നതിനോട് അനുകൂല നിലപാടാണ് കെഎസ്ഇബി സ്വീകരിച്ചത്.

Leave a Reply