തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ പദവി തെറിച്ച എം.ആര്. അജിത്കുമാറിന് പുതിയ നിയമനം. പൗരാവകാശ സംരക്ഷണത്തിനായി രൂപീകരിച്ച തസ്തിക എ.ഡി.ജി.പി റാങ്കില്‍ ഉയര്‍ത്തിയാണ് അജിത് കുമാറിന്റെ നിയമനം. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അനുനയിപ്പിക്കാന്‍ ഇടനിലക്കാരനെ അയച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ് അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ തസ്തികയില്‍നിന്നും നീക്കിയത്. സ്വപ്നയുടെ സുഹൃത്തും ഇടനിലക്കാരന് എന്ന ആരോപിക്കപ്പെട്ടയാളുമായ ഷാജ് കിരണുമായി അജിത്കുമാര്‍ ഫോണില്‍ സംസാരിച്ചുവെന്ന ആരോപണം വലിയ വിവാദമായിയിരുന്നു.
ഡി.ജി.പിയും ഇന്റലിജന്‍സ് എ.ഡി.ജി.പിയും അറിയാതെ സ്വപ്നയുടെ സുഹൃത്ത് സരിത്തിന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ പാലക്കാട് യൂണിറ്റില്‍നിന്നു വിജിലന്‍സ് ഉദ്യോഗസ്ഥരെ അയച്ചതാണ് അജിത്തിന് വിനയായത്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് അനേ്വഷിച്ചിരുന്ന കേസാണിത്