ബലാത്സംഗ കേസിൽ ഒളിവില്‍ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു 30 ന് കൊച്ചിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

0

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവില്‍ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു 30 ന് കൊച്ചിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. തുടർന്ന് കോടതിയിൽ ഹാജരാക്കും. കോടതി നിർദേശം കൂടി പരിഗണിച്ചാകും തുടർനടപടികളെന്നും അറസ്റ്റ് ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാലാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. വിജയ് ബാബുവിന് സഹായം നൽകിയവരെ ചോദ്യം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. മുപ്പതാം തീയതി നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയാണ് ഇന്നലെ ജസ്റ്റിസ് പി ഗോപിനാഥ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായത്. ഈ മാസം 30 നുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളും എന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, പരാതിക്കാരിയായ നടിയുമായി താൻ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിരിക്കുന്നത്.

അതേസമയം, വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിദേശത്തുള്ള വിജയ് ബാബു നാട്ടിലെത്തിയിട്ട് പോരെ തുടർ നടപടികളെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി സർക്കാരിനോരാഞ്ഞിരുന്നു. നിയമത്തിന്റെ മുന്നിൽ നിന്നും ഒളിച്ചോടിയ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന് പണത്തിനായി ക്രഡിറ്റ് കാർഡ് എത്തിച്ച് നൽകിയ യുവനടിയെയാണ് പൊലീസ് ചോദ്യം ചെയ്യുക. ദുബായിൽ നേരിട്ടെത്തിയാണ് യുവനടി ക്രഡിറ്റ് കാർഡ് വിജയ് ബാബുവിന് കൈമാറിയത്. വിജയ് ബാബുവിനായി യുവനടി രണ്ട് ക്രഡിറ്റ് കാർഡുകൾ എത്തിച്ച് നൽകിയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.

വിജയ് ബാബുവിന്‍റെ സിനിമ നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന നടിയാണ് കാർഡുകൾ കൈമാറിയത്. ദുബൈയിൽ ഒരു മാസത്തോളമായി ഒളിവിലുള്ള വിജയ് ബാബു കയ്യിലുള്ള പണം തീർന്നതിനെ തുടർന്ന് ക്രെഡിറ്റ് കാർഡുകൾ കൈമാറാൻ സുഹൃത്തായ യുവനടിയോട് ആവശ്യപ്പെടുകയായിരുന്നു. കൊടുങ്ങല്ലൂരിലെ സിനിമ ലൊക്കേഷനിലായിരുന്ന നടി നെടുമ്പാശ്ശേരി വഴി ദുബൈയിലെത്തിയാണ് കാർഡുകൾ കൈമാറിയതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here