കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ല

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് കെ.സുധാകരനെ ഉടൻ മാറ്റില്ലെന്ന് ഹൈക്കമാൻഡിന്‍റെ ഉറപ്പ്. സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് ഹൈക്കമാൻഡ്  അറിയിച്ചു.

കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി നടത്തുന്നത് പുനഃസംഘടനാ ചർച്ചകള്‍ മാത്രമാണെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.

പാര്‍ട്ടിക്കുള്ളില്‍ താന്‍ അറിയാതെ നടക്കുന്ന നേതൃമാറ്റ ചര്‍ച്ചകളില്‍ സുധാകരന്‍ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡ് മറുപടി നല്‍കിയത്.

ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്‍റോ ആന്‍റണി, സണ്ണി ജോസഫ്, റോജി എം.ജോണ്‍ തുടങ്ങിയ പേരുകള്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

കൊച്ചി ഒരുങ്ങി; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്ഇന്ന് തുടക്കം

0

കൊച്ചി: ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ന് ഇന്ന് തുടക്കമാകും. വൈകിട്ട് 7-ന് കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേക പ്രഭാഷണം നടത്തും. ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ജെയിൻ സ‍ർവ്വകലാശാലയുടെ ചാൻസിലർ ചെൻരാജ് റോയ്ചന്ദ്, പ്രൊ വൈസ് ചാൻസിലർ ജെ ലത, ന്യൂ ഇനീഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേർന്നുകൊണ്ട് രൂപകൽപ്പന ചെയ്ത ഉച്ചകോടിയിൽ നൂതന ആശയങ്ങളും സാങ്കേതികവിദ്യകളും ചർച്ചചെയ്യും. ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ നടക്കുന്ന സമ്മിറ്റിൽ, വിദ്യാർത്ഥികൾ, ഗവേഷകർ, വ്യാവസായിക പ്രതിനിധികൾ, ജനപ്രതിനിധികൾ അടക്കം ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കും. ഏഴ് ദിവസങ്ങളിലായി സുസ്ഥിരത, വിദ്യാഭ്യാസം, സംരംഭകത്വം തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചയും നടക്കും.

കൗതുകവും വിജ്ഞാനവും പകരുന്ന റോബോട്ടിക് എക്സ്പോ മേളയുടെ പ്രത്യേകതയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗ്രീൻ ടെക്നോളജി, എന്നിവയിലെ ഏറ്റവും പുതിയ കണ്ടെത്തലുകളുടെ പ്രദർശനവും ഉച്ചകോടിയിൽ ഉണ്ടാകും. ഭാവിയിലെ സുസ്ഥിര ഗതാഗത സംവിധാനത്തിന്റെ പ്രതീകമായി ടെസ്‌ല മോഡൽ എക്സ് കാണാനും സാങ്കേതികവിദ്യയെക്കുറിച്ച് അറിവ് നേടാവും മേളയിൽ അവസരമുണ്ട്. ഐഎസ്ആർഒയുടെ പ്രദർശന വാഹനമായ “സ്പേസ് ഓൺ വീൽ” എക്സിബിഷൻ ബഹിരാകാശ പര്യവേഷണത്തിലെ ഇന്ത്യയുടെ നേട്ടങ്ങളെ ഉയർത്തിക്കാട്ടും. കൂടാതെ എക്സ്പോ കേരളത്തിന്റെ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദികൂടിയാകും. കൂടാതെ സുസ്ഥിര ഫാഷൻ ഷോ, റോബോ സോക്കർ, റോബോ വാർ പോലുള്ള മത്സരങ്ങളും സമ്മിറ്റിൻ്റെ ആകർഷണമാണ്.

വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ , കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, ശാസ്ത്ര- സാങ്കേതിക വിദഗ്ദ്ധർ തുടങ്ങി നിരവധി പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുത്ത് ആഗോള പ്രദേശിക വെല്ലുവിളികളെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും.

ചർച്ചകൾക്ക് പുറമെ പുറമേ, ഭാവി സാങ്കേതികവിദ്യ, ഹരിത നവീകരണം, സംരംഭകത്വം തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാസ്റ്റർ ക്ലാസുകളും വർക്ക് ഷോപ്പുകളും ഉച്ചകോടിയുടെ പ്രത്യേകതയാണ്. എല്ലാ ദിവസവും ആറ് മണി മുതൽ നടക്കുന്ന സാംസ്കാരിക പരിപാടി മേളയ്ക്ക് ഉത്സവാന്തരീക്ഷം നൽകും. അർമാൻ മാലിക്, വെൻ ചായ് മെറ്റ് ടോസ്റ്റ്, മസാല കോഫീ തുടങ്ങി വിവിധ ബാൻഡുകൾ സംഗീത സന്ധ്യയുടെ ഭാഗമാകും. വിവിധ രുചികൾ അറിയുന്നതിന് ഫുഡ് സ്ട്രീറ്റും കരകൗശല വസ്തുക്കൾ അടക്കമുള്ളവയുടെ പ്രദ‍ശനവും വിൽപനയും നടക്കുന്ന ഫ്ലീ മാ‍ർക്കറ്റും മേളയുടെ പ്രത്യേകതയാണ്.

26 മുതൽ ഭാവി വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഭൂമി, സർഗ്ഗാത്മകത, സംരംഭകത്വവും നവീനതയും, പരിസ്ഥിതി, തുടങ്ങിയ വിഷയങ്ങളിൽ പാനൽ ച‍ർച്ച നടക്കും. ഡോ ശശി തരൂർ എംപി, എൻ എസ് കെ ഉമേഷ് ഐഎഎസ്, ടോം ജോസ് ഐഎഎസ്, ടി പി ശ്രീനിവാസൻ, ക്രിസ് വേണുഗോപാൽ, ഡോ ബി സന്ധ്യ ഐപിഎസ് തുടങ്ങിയവർ പാനൽ ചർച്ചകളിൽ പങ്കെടുത്ത് സംസാരിക്കും. പൊതുജനങ്ങൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഉച്ചകോടിയിൽ പ്രവേശനമുണ്ട്. അമ്പത് രൂപ മുതലാണ് പ്രവേശന ഫീ ആരംഭിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്ക് സംഗീത നിശയ്ക്ക് ഒഴികെ എല്ലാ പരിപാടികളിലേക്കും പ്രവേശനം സൗജന്യമാണ്.

ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടേയും മകന്‍ വിവാഹിതനായി

കോഴിക്കോട്: വടകര എം എല്‍ എ കെ കെ രമയുടേയും ടി പി ചന്ദ്രശേഖരന്റെയും മകന്‍ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അഭിനന്ദിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. താലികെട്ടിന് ശേഷം വധുവിൻ്റെയും വരൻ്റെയും അമ്മമാരാണ് കൈപിടിച്ചുകൊടുത്തത്.

വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. കോഴിക്കോട് ചാത്തമംഗലം വട്ടോളി പരേതനായ പി സി ഹരീന്ദ്രൻ -കെ വി പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രൻ.

ആര്‍ എം പി. നേതാവ് എന്‍ വേണു, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, രാജ്യസഭാംഗം പി ടി ഉഷ, ഗോകുലം ഗോപാലന്‍, മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍, വടകര എം പി ഷാഫി പറമ്പില്‍, മുന്‍ എം പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍, എം എല്‍ എമാരായ പി മോഹനന്‍, പി കെ ബഷീര്‍, യു പ്രതിഭാ, സി കെ ആശ, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര മുന്‍ എം എല്‍ എ സി കെ നാണു, കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുള്ള, ഭാഗ്യലക്ഷ്മി, കെ അജിത, സി പി ജോണ്‍, സുരേഷ് കുറുപ്പ്, ഷിബു ബേബി ജോണ്‍, ബിന്ദു കൃഷ്ണ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

റേഷന്‍ മുടങ്ങും; തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരം; ചര്‍ച്ച പരാജയം

തിരുവനന്തപുരം: മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. ധനകാര്യ മന്ത്രി അഞ്ച് മിനിറ്റ് പോലും ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി.

വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ഭക്ഷമന്ത്രി ജി ആര്‍ അനില്‍ എന്നിവരാണ് വ്യാപാരികളുമായി ചര്‍ച്ച നടത്തിയത്.

സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വരൂ, ടെസ്‌ല എക്‌സ് മോഡലിനെ അടുത്തറിയാം

0

കേരളത്തില്‍ എത്തുന്നത് ഇതാദ്യം

കൊച്ചി: ടെസ്ലയുടെ ക്രോസ്ഓവര്‍ എസ്യുവി മോഡല്‍ എക്‌സിന്റെ പ്രദര്‍ശനം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍. ഭാവിയെ ആസ്പദമാക്കി രാജ്യത്താദ്യമായി ഒരു സര്‍വകലാശാല നടത്തുന്ന ഉച്ചകോടി കൂടുതല്‍ ആകര്‍ഷണമാക്കുവാന്‍ യു.കെയില്‍ നിന്നുമാണ് വാഹനം എത്തിച്ചത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും ഫ്യൂച്ചര്‍ എന്നാണ് നല്‍കിയിരിക്കുന്നത്. കാര്‍നെറ്റ് വഴി കേരളത്തില്‍ എത്തിച്ച വാഹനം ആറുമാസം ഇവിടെ ഉപയോഗിക്കാനുള്ള അനുമതിയുണ്ട്.

അത്യാധുനികവും ആകര്‍ഷണീയവുമായ രീതിയിലാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
തങ്ങളുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഹൃദയമിടിപ്പ് തന്നെയായ ടെസ്‌ല വിദ്യാര്‍ത്ഥികളെയും ടെക് പ്രേമികളെയും ഒരുപോലെ ആകര്‍ഷിക്കുമെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറയുന്നു. താഴെ നിന്ന് മുകളിലേക്ക് തുറക്കുന്ന ഗൾ- വിങ് ഡോറുകളും ഓട്ടോപൈലറ്റ് സവിശേഷതകളും എക്സ് മോഡലിൻ്റെ പ്രത്യേകതയാണ്. വാഹനത്തിന്റെ വേഗത, സുസ്ഥിരത, ടെസ് ലയുടെ ദീര്‍ഘവീക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെല്ലാം ആളുകള്‍ക്ക് അറിയാനും മനസിലാക്കാനും അവസരം ഒരുക്കുകയാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചറെന്ന് ഡോ. ടോം ജോസഫ് വ്യക്തമാക്കി.

ഒറ്റചാര്‍ജില്‍ 358 മൈല്‍ (576 കിലോമീറ്റര്‍) സഞ്ചരിക്കും ഈ ക്രോസ് ഓവര്‍ എസ്‌യുവി. 60 മൈല്‍ (96 കിലോമീറ്റര്‍) വേഗത്തിലെത്താന്‍ 3.8 സെക്കന്‍ഡ് മതി. ഉയര്‍ന്ന വേഗം 155 മൈല്‍ (250 കിലോമീറ്റര്‍). ട്രൈ മോട്ടര്‍ പവര്‍ട്രെയിനാണ് മോഡല്‍ എക്‌സിന്. മുന്‍ മോട്ടറിന് 252 കിലോവാട്ട് കരുത്തുണ്ട്. പിന്നില്‍ 252 കിലോവാട്ട് കരുത്ത് വീതുമുള്ള രണ്ട് മോട്ടറുകളാണ് ഉപയോഗിക്കുന്നത്. മൂന്ന് മോട്ടറുകളും കൂടി ചേര്‍ന്ന് എക്‌സിന് 670 എച്ച്പി പരമാവധി കരുത്ത് നല്‍കും. ആറു പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന ഈ എസ്‌യുവിയുടെ ഭാരം 2462 കിലോഗ്രാമാണ്.

ഇസ്റാഅ് -മിഅ്റാജ്; കുവൈത്തിൽ ജനുവരി 30ന് ബാങ്ക് അവധിബാങ്ക് അവധിയാണെങ്കിലും എടിഎം, ഓൺലൈൻ ബാങ്കിങ് പോലുള്ള അവശ്യ സേവനങ്ങൾ പ്രവർത്തിക്കുമെന്നാണ് അറിയിപ്പ്.  

0

കുവൈത്ത് സിറ്റി: ഇസ്‌റാഅ്- മിഅ്‌റാജ് പ്രമാണിച്ച് കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും ജനുവരി 30ന് അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ അറിയിച്ചു. എടിഎം, ഓൺലൈൻ ബാങ്കിങ് പോലുള്ള അവശ്യ സേവനങ്ങൾ പ്രവർത്തിക്കും. 

കുവൈത്ത് ബാങ്കിങ് അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ശൈഖ അൽ എസ പുറത്തിറക്കിയ ഔദ്യോ​ഗിക പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവധി ദിവസം കണക്കിലെടുത്ത് ആവശ്യമായ ബാങ്ക് സേവനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 2, ഞായറാഴ്ച മുതൽ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കിങ് പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

നേരത്തെ പ്രധാനമന്ത്രി ശൈഖ് അഹമദ് അബ്ദുല്ല അൽ അഹമദ് അൽ സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന യോ​ഗം ജനുവരി 30ന് രാജ്യത്ത് പൊതു അവധി നൽകണമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം എല്ലാ മന്ത്രാലയ, സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും ബാധകമാണ്. ക​ല​ണ്ട​ർ പ്ര​കാ​രം 27നാ​ണ് അ​വ​ധി വ​രേ​ണ്ട​ത്. എന്നാൽ മൂ​ന്ന് ദി​വ​സം അ​ടു​പ്പി​ച്ച് ഒ​ഴി​വ് ല​ഭി​ക്കാ​നാ​യി അ​വ​ധി 30ലേ​ക്ക് മാ​റ്റാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നമെടുക്കുകയായിരുന്നു. 

2002 ൽ ആന്റണി സർക്കാരിനെതിരെ ഒന്നിച്ചിറങ്ങി; അതുപോലെ പിണറായി സർക്കാരിനെതിരെയും ജീവനക്കാർ ഇറങ്ങേണ്ട സമയം; മുന്നറിയിപ്പുമായി എൻജിഒ സംഘ്

0

തിരുവനന്തപുരം: 2002 ൽ എ.കെ. ആന്റണി സർക്കാരിനെതിരെ നടത്തിയ സംയുക്ത അനിശ്ചിതകാല പണിമുടക്കിന് സമാനമായ രീതിയിൽ പിണറായി സർക്കാരിന്റെ ദ്രോഹ നടപടികൾക്കെതിരെ ഭരണ – പ്രതിപക്ഷ സർവ്വീസ് സംഘടനകൾ ഒറ്റക്കെട്ടായി അനിശ്ചിതകാല പണിമുടക്കിന് തയ്യാറാകണമെന്ന് ബി.എം.എസ്. അഖിലേന്ത്യ സെക്രട്ടറി വി.രാധാകൃഷ്ണൻ. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കുമ്പോൾ സംസ്ഥാന ജീവനക്കാർക്ക് മാത്രം അർഹമായവ നിഷേധിക്കുന്നത് കടുത്ത വിവേചനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ എൻജിഒ സംഘ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മ്യൂസിയം പബ്ലിക് ഓഫീസ് കോമ്പൗണ്ടിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്തു. 2024 ജൂലൈ മുതൽ ലഭ്യമാകേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്‌കരണവും നടപ്പിലാക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നടപടി അംഗീകരിക്കാൻ കഴിയുന്നതല്ല. സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റ സാഹചര്യത്തിൽ പോലും ക്ഷാമബത്ത കുടിശ്ശികയും, പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക, ലീവ് സറണ്ടർ എന്നിവ വർഷങ്ങളായി തടഞ്ഞു വയ്‌ക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്നും ഒളിച്ചോടിയ ഇടതുമുന്നണി സർക്കാർ വഞ്ചനാപരമായ നിലപാടാണ് തുടർന്നു വരുന്നത്. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംരക്ഷിക്കാൻ ഭരണ – പ്രതിപക്ഷ സംഘടനകൾ യോജിച്ച അനിശ്ചിതകാല പണിമുടക്കിന് തയ്യാറാകണം. നിലവിലുണ്ടായിരുന്ന മുഴുവൻ അവകാശങ്ങളും, ആനുകൂല്യങ്ങളും കവർന്നെടുത്ത് കേരളത്തിലെ സർവീസ് മേഖലയെ ചരിത്രത്തിൽ നാളിതുവരെ ഉണ്ടാകാത്ത ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഇടതുമുന്നണി സർക്കാർ.

അനധികൃത സ്വത്ത് സമ്പാദന കേസ്; എം.ആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് വിജിലൻസ്

0

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് വിജിലൻസ്. എം.ആർ. അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന​ കേസിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. ആറുമാസം കൊണ്ട് അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു വിജിലൻസിനോട് ആവശ്യപ്പെട്ടത്. സാക്ഷികളുടെ എണ്ണം കൂടുതലായതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാലാണ് വിജിലൻസ് അന്വേഷണം പൂർത്തിയാക്കാൻ രണ്ടുമാസം കൂടി സമയം ആവശ്യപ്പെട്ടത്. പി.വി. അൻവറാണ് അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ച് രംഗത്ത്‍ വന്നത്.

മാർച്ച് 25ന് കേസ് വീണ്ടും പരിഗണിക്കും. പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരണത്തിനു ശേഷം അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. അനധികൃത സ്വത്തില്ലെന്ന് മൊഴി നൽകിയ എ.ഡി.ജി.പി കവടിയാറിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസിന് കൈമാറുകയും ചെയ്തു. വിവാദങ്ങൾക്കിടയിലും അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതും വിവാദമായി.

രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം; അഞ്ച് ലക്ഷം ഇന്നുതന്നെ കൈമാറുമെന്ന് മന്ത്രി ഒ.ആര്‍ കേളു

0

കല്‍പ്പറ്റ: വയനാട്ടിലെ പഞ്ചാരകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി ഒ.ആര്‍ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്നാണ് മന്ത്രി അറിയിച്ചത്. നരഭോജി കടുവയെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. താൽകാലിക ​വനംവകുപ്പ് വാച്ചറുടെ ഭാര്യയായ രാധയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

‘കടുവ ഈ പരിസരത്ത് തന്നെ കാണാന്‍ സാധ്യതയുണ്ട്. ഇതിനെ പിടികൂടാനായി ഇന്നുതന്നെ കൂട് സ്ഥാപിക്കും. ഫെന്‍സിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ടെണ്ടര്‍ നടപടികളില്‍ താമസം വന്നാല്‍ ജനകീയ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിലെ അംഗത്തിന് ജോലി നല്‍കുന്ന കാര്യം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കുമെന്നും കേളു കൂട്ടിച്ചേർത്തു. മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്.

പ്രിയദർശിനി എസ്റ്റേറ്റിന് സമീപം കാപ്പി പറിക്കാനായി എത്തിയപ്പോഴാണ് 47കാരിയെ കടുവ ആക്രമിച്ചത്. ഇന്നു രാവിലെ പതിനൊന്നു മണിക്കാണു സംഭവം​. കടുവയിൽ നിന്ന് അതിക്രൂരമായ ആക്രമണമാണ് രാധ നേരിട്ടത്. അതിനുശേഷം മൃതദേഹം100 മീറ്ററോളം കടുവ വലിച്ചിഴച്ചുകൊണ്ടുപോയി. അവരുടെ തലയുടെയും കഴുത്തിന്റെയും പിൻഭാഗം നരഭോജി കടുവ ഭക്ഷിച്ച നിലയിലാണ്. തണ്ടർബോൾട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പുല്‍പള്ളി അമരക്കുനിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി 9 ദിവസം ആയപ്പോഴാണു മറ്റൊരു കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ആദ്യമായാണ് വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നത്.

ഓട്ടോയിൽ തട്ടിക്കൊണ്ടു പോകുന്നതിനിടെ യുവതി ചാടി രക്ഷപെട്ടു; പാലക്കാട് 45 കാരൻ പിടിയിൽ

0

തൃശൂർ: പാലക്കാട് വീടുകളിൽ സാധനങ്ങൾ വിൽക്കാനെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പ്രതി പിടിയിൽ. പാലക്കാട് കണ്ണപാറ പരുവശ്ശേരി സ്വദേശി 45 കാരനായ സന്തോഷിനെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പെരിഞ്ഞനം വെസ്റ്റ് ഓണപ്പറമ്പിനടുത്ത് വീടുകളിൽ വിൽപ്പന നടത്തുന്നതിനിടെയാണ് യുവതിയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചത്. ചെന്ത്രാപ്പിന്നിയിൽ താമസിക്കുന്ന തിരൂർ സ്വദേശിനിയായ യുവതിയെ ബലമായി ഓട്ടോയിൽ കയറ്റുകയായിരുന്നു. ഏറെ ദൂരം പോയ ഓട്ടോയിൽ നിന്നും യുവതി ചാടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കയ്പമംഗലം പൊലീസ് ആണ് അന്വേഷണത്തിനൊടുവിൽ സന്തോഷിനെ പിടികൂടിയത്. വീടുകളിൽ കയറിയിറങ്ങി ഡയറക്ട് മാർക്കറ്റിംഗ് നടത്തുന്ന തിരൂർ സ്വദേശിയായ യുവതിയെ വ്യാഴാഴ്ച്ച പെരിഞ്ഞനം ദുർഗ്ഗാനഗറിൽ വെച്ചാണ് സന്തോഷ് ഓട്ടോറിക്ഷയിൽ ബലം പ്രയോഗിച്ച് തട്ടി കൊണ്ടു പോകാൻ ശ്രമിച്ചത്. പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അപകടം മനസ്സിലാക്കിയ യുവതി തന്ത്രപൂർവ്വം ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് യുവതി കയ്പമംഗലം പൊലീസിൽ പരാതിപെട്ടു. യുവതിയുടെ മൊഴിയിൽ നിന്നും പ്രൈവറ്റ് ഓട്ടോറിക്ഷയിൽ ആണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്നും, ഓട്ടോയ്ക്ക് ആദർശ് എന്ന് പേരുള്ളതായും പൊലീസ് മനസിലാക്കി. തുടർന്ന് ഓട്ടോറിക്ഷ സ്റ്റാൻറുകളും മെക്കാനിക്കുകളെയും കേന്ദികരിച്ചും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയതിൽ പാലക്കാട് രജിസ്ട്രേഷനിൽ ഉള്ള ഒരു പ്രൈവറ്റ് ഓട്ടോറിക്ഷയിൽ ജംഗ്ഷനുകൾ തോറും ഫിനോയിലുമായി വിൽപ്പന നടത്തി വരുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തിയ തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലയിലെ പ്രധാന ജംഗ്ഷനുകളിൽ പൊലീസ് അന്വേഷണം നടത്തി.

ഓട്ടോയെ കണ്ടെത്തുന്നതിനായി തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശാനുസരണം നടത്തിയ കോംമ്പിങ്ങ് ഓപ്പറേഷനൊടുവിലാണ് ‘ആദർശ് എന്ന ഓട്ടോറിക്ഷയെ കോതപറമ്പിൽ വെച്ച് പിടികൂടിയത്. ഓട്ടോറിക്ഷയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയെ യുവതി തിരിച്ചറിഞ്ഞു. സന്തോഷ് ഉപയോഗിച്ചിരുന്ന ആദർശ് എന്ന് പേരുള്ള KL–9-P-4899 നമ്പർ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിന്‍റെ നേതത്വത്തിൽ കയ്പമംഗലം ഇൻസ്പെക്ടർ ഷാജഹാൻ, സബ്ബ് ഇൻസ്പെക്ടർമാരായ സൂരജ്, പ്രദീപ്, ജെയ്സൻ, അസിസ്റ്റൻഡ് സബ് ഇൻസ്പെക്ടർ ലിജു ഇയ്യാനി, എഎസ്ഐ നിഷി, പൊലീസ് ഉദ്യോഗസ്ഥരായ ബിജു, നിഷാന്ത്, ഷിജു, അനന്തുമോൻ, പ്രിയ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ഫിറ്റൂര്‍ അന്താരാഷ്ട്ര ടൂറിസം വ്യാപാര മേളയില്‍ തിളങ്ങി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍

0

കൊച്ചി: മാഡ്രിഡില്‍ നടക്കുന്ന ലോകപ്രശസ്ത ടൂറിസം മേളകളിലൊന്നായ ഫിറ്റൂര്‍ 2025 ന്റെ ഉദ്ഘാടന ചടങ്ങില്‍ സ്പെയിനിലെ ഇന്ത്യന്‍ അംബാസഡര്‍ ദിനേഷ് കെ. പട്നായിക് പങ്കെടുത്തു. ഈ അന്താരാഷ്ട്ര മേളയില്‍ സ്ഥാപിച്ച ഇന്‍ക്രെഡിബിള്‍ ഇന്ത്യ പവലിയനില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അവരുടെ ടൂറിസം സാധ്യതകള്‍ പ്രദര്‍ശിപ്പിച്ചു. കഥകളി, മോഹിനിയാട്ടം, തെയ്യം എന്നിവയുടെ വിസ്മയിപ്പിക്കുന്ന പരമ്പരാഗത അവതരണങ്ങള്‍ക്കൊപ്പം പുരാതന ഇന്ത്യന്‍ ആയുര്‍വേദ ചികിത്സാ സമ്പ്രദായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കേരള പവലിയന്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചു.

പരിപാടി ജനുവരി 26 വരെ നീണ്ടുനില്‍ക്കും. ആഗോള യാത്രകളും സാംസ്‌കാരിക അനുഭവങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. പരിപാടിയില്‍ ഇന്ത്യന്‍ ടൂറിസത്തിന്റെ സമ്പന്നമായ വൈവിധ്യം ഉയര്‍ത്തിക്കാട്ടുന്ന ഇന്‍ക്രെഡിബിള്‍ ഇന്ത്യ പവലിയന്‍ അംബാസഡര്‍ പട്‌നായിക് ഉദ്ഘാടനം ചെയ്തു.
കേരള പവലിയന്‍, കഥകളി, മോഹിനിയാട്ടം, തെയ്യം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങള്‍ക്കൊപ്പം ആയുര്‍വേദത്തിനും ആരോഗ്യത്തിനും ഊന്നല്‍ നല്‍കി, സംസ്ഥാനത്തിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം ഓഫറുകള്‍ അവതരിപ്പിച്ചു. ഉത്തര്‍പ്രദേശ് പവലിയന്‍ സംസ്ഥാനത്തിന്റെ ആഴത്തിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം എടുത്തുകാണിച്ചു. രാജസ്ഥാന്‍ പവലിയന്റെ ഉദ്ഘാടനത്തിലും അംബാസഡര്‍ പങ്കെടുത്തു, അത് അതിന്റെ മഹത്തായ കൊട്ടാരങ്ങള്‍, ആഡംബര ട്രെയിന്‍ അനുഭവങ്ങള്‍, ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ എന്നിവയിലൂടെ സംസ്ഥാനത്തിന്റെ രാജകീയ പ്രതാപം പ്രദര്‍ശിപ്പിച്ചു.

ആഗോളതലത്തില്‍ അതിന്റെ ശ്രദ്ധേയമായ വിനോദസഞ്ചാര സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു അസാധാരണ വേദിയാണ് ഫിറ്റൂര്‍. സാംസ്‌കാരിക പൈതൃകങ്ങളാല്‍ സമ്പന്നം മാത്രമല്ല, ആഗോള സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായി വര്‍ത്തിക്കുന്ന വിനോദസഞ്ചാര വാഗ്ദാനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യ ഈ പരിപാടിയില്‍ മികവ് പ്രകടമാക്കി.

മാണി സി കാപ്പന്‍ എംഎല്‍എയുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത? ഡിജിപിക്ക് പരാതി നല്‍കി

കോട്ടയം: മാണി സി കാപ്പന്‍ എംഎല്‍എയുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയെന്ന് ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഡിജിപിക്ക് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പരാതി നല്‍കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം ഇന്നലെ ഉച്ചയോടുകൂടി പത്തനംതിട്ടയില്‍ വെച്ചാണ് എംഎല്‍എയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ മുന്‍വശത്തെ ടയര്‍ ഊരി തെറിച്ചാണ് അപകടമുണ്ടായത്. കാറിന് മറ്റ് തകരാറുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആണ് എംഎല്‍എയുടെ ഡ്രൈവര്‍ വ്യക്തമാക്കുന്നത്.

രാധയുടെ കുടുംബത്തിന് 11ലക്ഷം നഷ്ടപരിഹാരം, അഞ്ച് ലക്ഷം ഇന്നുതന്നെ കൈമാറും; പ്രദേശത്ത് കാവല്‍ക്കാരെ വിന്യസിക്കും; ഫെന്‍സിങ് നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി

കല്‍പ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനല്‍കുമെന്ന് മന്ത്രി ഒആര്‍ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. നരഭോജി കടുവയെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കടുവ ഈ പരിസരത്ത് തന്നെ കാണാന്‍ സാധ്യതയുണ്ട്. ഇതിനെ പിടികൂടാനായി ഇന്നുതന്നെ കൂട് സ്ഥാപിക്കും. ഫെന്‍സിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ടെണ്ടര്‍ നടപടികളില്‍ താമസം വന്നാല്‍ ജനകീയ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിലെ അംഗത്തിന് ജോലി നല്‍കുന്ന കാര്യം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കുമെന്നും കേളു മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനത്തിന്് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. ഇന്നു രാവിലെ പതിനൊന്നു മണിക്കാണു സംഭവം. രാവിലെ വനത്തോടു ചേര്‍ന്നു പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. അതിനുശേഷം മൃതദേഹം അല്‍പ്പദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പുല്‍പള്ളി അമരക്കുനിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി 9 ദിവസം ആയപ്പോഴാണു മറ്റൊരു കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ആദ്യമായാണ് വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നത്.

ഐസിസി ടീമില്‍ ഒരൊറ്റ ഇന്ത്യക്കാരനുമില്ല; ചരിത് അസലങ്ക നയിക്കും

ദുബായ്: ഐസിസി പ്രഖ്യാപിച്ച കഴിഞ്ഞ വര്‍ഷത്തെ ഏകദിന ടീമില്‍ ഒരൊറ്റ ഇന്ത്യക്കാരനും ഇടം പിടിച്ചില്ല. 2024ല്‍ മികച്ച പ്രകടനം നടത്തിയ പതിനൊന്ന് താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചത്. ശ്രീലങ്കന്‍ താരം ചരിത് അസലങ്കയാണ് ക്യാപ്റ്റന്‍.

പട്ടികയില്‍ നാലു പേര്‍ ശ്രീലങ്കയില്‍ നിന്നുള്ളവരാണ്. പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും മൂന്ന് പേര്‍ വീതവും വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ഒരു കളിക്കാരനും ടീമില്‍ ഇടംപിടിച്ചു. 2024ല്‍ 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ പുരുഷ ഏകദിന ടീം കുറഞ്ഞ മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഈ മല്‍സരങ്ങളിലെ മോശം പ്രകടനമാണ് ഈ ദയനീയ സ്ഥിതിക്ക് കാരണമായത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരായ എവേ പരമ്പരയില്‍ ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചത്. രണ്ടെണ്ണത്തില്‍ തോറ്റപ്പോള്‍ മൂന്നാമത്തേത് സമനിലയില്‍ അവസാനിച്ചു.

കഴിഞ്ഞവര്‍ഷം അസലങ്ക 16 ഏകദിന മത്സരങ്ങളില്‍ നിന്ന് 50.2 ശരാശരിയില്‍ 605 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഏകദിന വിജയങ്ങള്‍ നേടിയത് ശ്രീലങ്കയാണ്. 18 ഏകദിനങ്ങള്‍ കളിച്ച ശ്രീലങ്ക 12 എണ്ണത്തിലും വിജയിച്ചു. പാകിസ്ഥാന്‍ ഒമ്പത് ഏകദിന മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയങ്ങള്‍ നേടി. അഫ്ഗാനിസ്ഥാന്‍ അവരുടെ 14 ഏകദിന മത്സരങ്ങളില്‍ എട്ടെണ്ണത്തില്‍ വിജയിച്ചു.

ഓള്‍ സ്റ്റാര്‍ ഇലവനില്‍ ഏഷ്യന്‍ അല്ലാത്ത ഏക കളിക്കാരന്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് ആണ്. 2023ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച റൂഥര്‍ഫോര്‍ഡ് വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്ററാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 106.2 എന്ന അത്ഭുതകരമായ ശരാശരിയില്‍ 425 റണ്‍സ് നേടി.

ഐസിസി വനിതകളുടെ ടീമില്‍ ഇന്ത്യയില്‍ നിന്ന് സ്മൃതി മന്ധാനയും ദീപ്തി ശര്‍മയും ഇടം പിടിച്ചു. കഴിഞ്ഞ വര്‍ഷം 28കാരിയായ സ്മൃതി പതിമൂന്ന് മത്സരങ്ങളില്‍ നിന്നായി 747 റണ്‍സ് അടിച്ചിരുന്നു. ഇന്ത്യയ്ക്കായി ഏറ്റവും അധികം റണ്‍ നേടിയതും സ്മൃതിയായിരുന്നു. ദീപ്തി പതിമുന്ന് മത്സരങ്ങളില്‍ നിന്നായി 24 വിക്കറ്റുകളും 186 റണ്‍സും നേടിയിരുന്നു.

വിജയ്‌യെ ഇന്‍ഡ്യ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടില്ല; ഡിഎംകെയുടെ അതൃപ്തിയില്‍ നിലപാട് തിരുത്തി കോണ്‍ഗ്രസ്

ചെന്നൈ: വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം ഇന്‍ഡ്യ സഖ്യത്തിലേക്ക് വരണമെന്ന നിലപാട് തിരുത്തി കോണ്‍ഗ്രസ്. ഡിഎംകെയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് നിലപാട് മാറ്റം. വിജയെ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ടിവികെയുടെ നയങ്ങള്‍ ഇന്‍ഡ്യ സഖ്യവുമായി യോജിച്ചു പോകുന്നതാണെന്ന് അഭിപ്രായപ്പെടുക മാത്രമാണ് ചെയ്തതെന്നും ടിഎന്‍സിസി പ്രസിഡന്റ് സെല്‍വ പെരുന്തഗൈ വ്യക്തമാക്കി. തമിഴ്നാട്ടില്‍ സഖ്യം തീരുമാനിക്കുന്നത് ഡിഎംകെയാണെന്നും അദ്ദേഹം വിശദീകരിച്ചു.

വിജയ് രാഷ്ട്രീയപ്രവേശം അറിയിച്ചപ്പോള്‍ ഡിഎംകെ വരവേറ്റിരുന്നു. എന്നാല്‍, ഡിഎംകെയാണ് പ്രധാന രാഷ്ട്രീയ എതിരാളിയെന്ന് ടിവികെ സംസ്ഥാന സമ്മേളനത്തില്‍ വിജയ് പ്രഖ്യാപിക്കുകയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുമായിരുന്നു. പിന്നീടും വിമര്‍ശനം തുടര്‍ന്നു. അതിനിടയിലാണ് വിജയ്യോട് കോണ്‍ഗ്രസ് മൃദുസമീപനം തുടര്‍ന്നത്.

പുതിയ വിമാനത്താവള പദ്ധതിക്കെതിരേ കഴിഞ്ഞദിവസം പ്രതിഷേധ പ്രകടനം നടത്തിയ വിജയ് വീണ്ടും ഡിഎംകെയെ വിമര്‍ശിച്ചു. എന്നാല്‍, അടുത്തദിവസവും വിജയ് ഇന്‍ഡ്യ സഖ്യത്തിലേക്ക് വരണമെന്ന് സെല്‍വപെരുന്തഗൈ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന വിജയ്യെ സഖ്യത്തിലേക്ക് ക്ഷണിക്കുന്ന കോണ്‍ഗ്രസ് നിലപാടില്‍ ഡിഎംകെ അതൃപ്തി അറിയിച്ചതോടെയാണ് ഇപ്പോള്‍ നിലപാട് മാറ്റിയത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തിയ വിജയ് ഒരുഘട്ടത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസുമായി കൈകോര്‍ക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നില്ല. നിലവില്‍ ഡിഎംകെയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, ഇടതുപക്ഷ കക്ഷികള്‍, വിസികെ എന്നിവരെയും വിജയ് ലക്ഷ്യമിട്ടിട്ടുണ്ട്