‘ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു’; കെപിസിസി പുനഃസംഘടനയിൽ അതൃപ്തി അറിയിക്കാൻ കെ സുധാകരൻ

0

കെപിസിസി പുനഃസംഘടനയിൽ നേതൃത്വത്തോട് നേരിട്ട് അതൃപ്തി അറിയിക്കാൻ കെ സുധാകരൻ. തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് പരാതി. കെസി വേണുഗോപാലിനെ നാളെ കെ സുധാകരൻ നേരിട്ട് കാണും. സംസ്ഥാനത്ത് പുനഃസംഘടന ചർച്ച ചൂടപിടിക്കുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച. നിലവിൽ പുനഃസംഘടനയുമായി നടക്കുന്ന ചർച്ചകളിൽ കെ സുധാകരൻ അസ്വസ്ഥനാണെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.

അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചു കഴിഞ്ഞു. കെ സി വേണുഗോപാലിലൂടെ അതൃപ്തി നേരിട്ട് അറിയിക്കുകയാണ് പുതിയ നീക്കം.തന്നെ മാറ്റാൻ വേണ്ടിയാണോ ദീപദാസ് മുൻഷി ഓരോ നേതാക്കളെയും നേരിൽ കാണുന്നതെന്ന് തന്നോട് പറയണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് നാളായി മുതിർന്ന നേതാക്കളെ ദീപദാസ് മുൻഷി കണ്ടിരുന്നു. തന്നെ അറിയിക്കാതെ എന്തുകൊണ്ടാണ് പുനഃസംഘടന തീരുമാനമെന്ന് സുധാകരൻ ചോദിക്കുന്നു.


നേരത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ആകാനും താനില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഇല്ല. തന്റെ സ്ഥാനം ജനങ്ങളുടെ മനസ്സിലാണെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. യുക്തി സഹമായ തീരുമാനം എഐസിസിക്ക് എടുക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദീപ ദാസ് മുൻഷി ഒറ്റയ്ക്ക് നേതാക്കളെ കാണുന്നത് അവർക്ക് വിശ്വാസമില്ലാത്തതിനാലാണെന്നാണ് കെ സുധാകരൻ പറഞ്ഞിരുന്നത്.

സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളെ പ്രത്യേകം കണ്ട് നേതൃമാറ്റം സംബന്ധിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയാണ്. രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ, സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളെ കഴിഞ്ഞദിവസം എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കണ്ടിരുന്നു. കെപിസിസിയിൽ പുനഃസംഘടന വേണമെന്ന അഭിപ്രായമാണ് ഹൈക്കമാൻഡിനും ഉള്ളത്.

Leave a Reply