കുത്തേറ്റത് 2.30ന്, ആശുപത്രിയിലെത്തിയത് 4.11ന്; ദുരൂഹത ഉയർത്തി മെഡിക്കൽ റിപ്പോർട്ട്; സെയ്ഫിന്റെ വീട്ടിൽ നിന്ന് ലീലാവതിയിലേക്ക് 10 മിനിറ്റ് മാത്രം

0

മുംബൈ: സെയ്ഫ് അലി ഖാനെ പ്രവേശിപ്പിച്ച ലീലാവതി ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ആക്രമണം നടന്നത് 1 മണിക്കൂറും 41 മിനിറ്റും കഴിഞ്ഞതിന് ശേഷമാണ് നടനെ ആശുപത്രിയിലെത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച പുലർച്ചെ 4.11നാണ് (ജനുവരി 16) ലീലാവതി ആശുപത്രിയിൽ സെയ്ഫിനെ പ്രവേശിപ്പിക്കുന്നത്. ഏകദേശം 2.30നാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ലീലാവതിയിൽ നിന്ന് 10-15 മിനിറ്റ് ദൂരം മാത്രമേ സെയ്ഫ് താമസിക്കുന്ന ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ നിന്നുള്ളൂവെന്നതും ശ്രദ്ധേയമാണ്. ബാന്ദ്ര പൊലീസിന് സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആശുപത്രിയിൽ എത്തിച്ചത് അഫ്സർ സായ്ദി എന്ന സുഹൃത്താണെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. സെയ്ഫ് അലി ഖാനെ ആരെല്ലാം ചേർന്നാണ് ആശുപത്രിയിൽ കൊണ്ടുവന്നതെന്ന കാര്യത്തിൽ വ്യത്യസ്തമായ റിപ്പോർട്ടുകളാണ് ആദ്യദിനം മുതൽ പ്രചരിച്ചിരുന്നത്. സെയ്ഫ് തന്റെ 8 വയസ്സുള്ള മകൻ തൈമൂർ അലി ഖാനൊപ്പം ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിയതെന്ന് ഡോക്ടർമാരിൽ ഒരാൾ നേരത്തെ സൂചിപ്പിച്ചിരുന്നു. മൂത്തമകൻ ഇബ്രാഹിം അലി ഖാനാണ് സെയ്ഫിനെ ലീലാവതി ആശുപത്രിയിൽ എത്തിച്ചതെന്നാണ് മറ്റ് റിപ്പോർട്ടുകൾ. എന്നാൽ സെയ്ഫിന്റെ മാനേജർ ഈ വാദങ്ങളെല്ലാം നിരസിച്ചിരുന്നു. വീട്ടുജോലിക്കാരനൊപ്പം ഓട്ടോറിക്ഷയിൽ വന്നെന്നാണ് മാനേജർ പറയുന്നത്. സെയ്ഫിനെ ഹോസ്പിറ്റലിൽ എത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണ പറയുന്നത് പ്രകാരം, ഒപ്പം ഒരു ചെറിയ കുട്ടിയും കൂടി ഉണ്ടായിരുന്നു. പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തുവന്നതിനാൽ സെയ്ഫ് അലി ഖാൻ നേരിട്ട ആക്രമണവുമായി ബന്ധപ്പെട്ട് ദുരൂഹതകളും തുടരുകയാണ്.

Leave a Reply